share

ആഗോള മേഖലയിലെ അനിശ്ചിതത്വങ്ങളും കമ്പനികളുടെ പ്രവർത്തന ഫലങ്ങളിലെ നിരാശയും നിക്ഷേപകർക്ക് നെഞ്ചിടിപ്പ് വർദ്ധിപ്പിക്കുന്നു

കൊച്ചി: പൊതു തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ദേശീയ ജനാധിപത്യ സഖ്യത്തിന്റെ വിജയത്തെ കുറിച്ച് സംശയങ്ങളേറിയതോടെ രാജ്യത്തെ ഓഹരി വിപണി ഇന്നലെ കനത്ത തകർച്ച നേരിട്ടു. സെൻസെക്സ് 1,062 പോയിന്റ് നഷ്ടവുമായി 72,404ൽ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 335 പോയിന്റ് ഇടിഞ്ഞ് 21,967ൽ വ്യാപാരം പൂർത്തിയാക്കി. ചെറുകിട, ഇടത്തരം കമ്പനികളുടെ ഓഹരികളും വലിയ തകർച്ച ഇന്നലെ നേരിട്ടു. തുടർച്ചയായ അഞ്ചാം ദിനമാണ് ഓഹരി സൂചികകൾ നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിക്കുന്നത്.

ജനുവരി മുതൽ മാർച്ച് വരെയുള്ള മൂന്ന് മാസങ്ങളിൽ രാജ്യത്തെ കോർപ്പറേറ്റ് മേഖലയിൽ ലാഭക്ഷമത കുറഞ്ഞതും മാർജിനിൽ ഇടിവുണ്ടായതും നിക്ഷേപ വിശ്വാസത്തെ പ്രതികൂലമായി ബാധിച്ചു. ഭക്ഷ്യ ഉത്പന്നങ്ങളുടെ വിലക്കയറ്റം അതിരൂക്ഷമായതിനാൽ റിസർവ് ബാങ്ക് വീണ്ടും പലിശ വർദ്ധന നടപടികളിലേക്ക് നീങ്ങുമെന്ന ആശങ്കയും ശക്തമാണ്. ആഗോള മേഖലയിൽ ഡോളറിന്റെ അസ്ഥിരതയും മാന്ദ്യ ഭീഷണിയും വിപണിക്ക് ശക്തമായ വെല്ലുവിളിയാണ് സൃഷ്ടിക്കുന്നത്.

തിരിച്ചടി നേരിട്ട പ്രമുഖ ഓഹരികൾ

എൽ ആൻഡ് ടി, ഏഷ്യൻ പെയിന്റ്സ്, ഐ. ടി. സി, ജെ. എസ്. ഡബ്‌ള്യു സ്റ്റീൽ, ഇൻഡസ് ഇൻഡ് ബാങ്ക്, റിലയൻസ് ഇൻഡസ്ട്രീസ്, ഐ. ടി. സി, ഏഷ്യൻ പെയിന്റ്സ് തുടങ്ങിയവയാണ് നഷ്ടം നേരിട്ട പ്രമുഖ ഓഹരികൾ.

തിരഞ്ഞെടുപ്പ് അനിശ്ചിതത്വം

തിരഞ്ഞെടുപ്പിൽ മോദി സർക്കാർ വീണ്ടും അധികാരത്തിലെത്തുമെന്ന പ്രതീക്ഷയിലാണ് വിപണി കഴിഞ്ഞ ദിവസങ്ങളിൽ വലിയ മുന്നേറ്റം നടത്തിയത്. എന്നാൽ പോളിംഗ് ശതമാനത്തിൽ വലിയ ഇടിവുണ്ടായതോടെ പ്രതീക്ഷിച്ച സീറ്റുകൾ ലഭിക്കാനിടയില്ലെന്നാണ് പൊതുവേ വിലയിരുത്തുന്നത്. തൂക്കുസഭയുടെ സാദ്ധ്യതകൾ വരെചൂണ്ടിക്കാട്ടുന്നു.


കുറയാതെ എണ്ണ വില

ലോകമെമ്പാടുമുള്ള വിപണികൾ തളർച്ചയിലാണെങ്കിലും ക്രൂഡോയിൽ വില ഉയർന്ന തലത്തിലാണ്. നിലവിൽ ബ്രെന്റ് ക്രൂഡിന്റെ വില ബാരലിന് 84 ഡോളറിന് മുകളിലാണ് വ്യാപാരം നടത്തുന്നത്.

നാണയപ്പെരുപ്പ ഭീഷണി ശക്തമായതിനാൽ അമേരിക്കയിലെ കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവ് ഉടനെയൊന്നും പലിശ കുറച്ചേക്കില്ല. അതിനാൽ യു. എസിലും യൂറോപ്പിലും മാന്ദ്യ ഭീതി ശക്തമാണ്.

ബിനോയ് തോമസ്

ചാർട്ടേഡ് അക്കൗണ്ടന്റ്

കൊച്ചി