ss

ടൊവിനോ തോമസ് നായകനായ ഐഡന്റിറ്റിക്ക് തലസ്ഥാനത്ത് 10 ദിവസത്തെ ചിത്രീകരണം ടൊവിനോ തോമസിനെ നായകനാക്കി അഖിൽ പോൾ - അനസ്‌ ഖാൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ഐഡന്റിറ്റി എന്ന ചിത്രത്തിന്റെ പത്തുദിവസത്തെ ചിത്രീകരണം ഇന്ന് തിരുവനന്തപുരത്ത് ആരംഭിക്കും. ഐഡന്റിറ്റിയുടെ മുപ്പതു ശതമാനം ചിത്രീകരണമാണ് ഇനി അവശേഷിക്കുന്നത്. തെന്നിന്ത്യൻ സുന്ദരി തൃഷയാണ് നായിക. ടൊവിനോ തോമസ്, തൃഷ എന്നിവർ ഉൾപ്പെടുന്ന താരങ്ങൾ തിരുവനന്തപുരത്തെ ചിത്രീകരണത്തിൽ പങ്കെടുക്കുന്നുണ്ട്.തൃഷ നായികയായ ചിത്രം തിരുവനന്തപുരത്ത് ചിത്രീകരിക്കുന്നത് ആദ്യമാണ്. വൻ മുതൽമുടക്കിൽ നാലു ഭാഷകളിൽ ഒരുങ്ങുന്ന ഐഡന്റിറ്റി തൃഷയുടെ മൂന്നാമത്തെ മലയാള ചിത്രമാണ്. മോഹൻലാൽ ചിത്രമായ റാം ആണ് തൃഷ അവസാനം അഭിനയിച്ച മലയാള ചിത്രം. ആക്ഷൻ ത്രില്ലർ വിഭാഗത്തിൽപ്പെടുന്ന ഐഡന്റിറ്റിയിൽ തെന്നിന്ത്യൻ താരം വിനയ് റായ് ആണ് മറ്റൊരു പ്രധാന താരം. ബോളിവുഡ് താരം മന്ദിര ബേദിയുടെ മലയാള അരങ്ങേറ്റം കൂടിയാണ്. കഴിഞ്ഞ സെപ്തംബറിൽ ഗോവയിൽ ചിത്രീകരണം ആരംഭിച്ച ഐഡന്റിറ്റിക്ക് രാജസ്ഥാനിലും ജമ്മുവിലും കൊച്ചിയിലും ചിത്രീകരണം ഉണ്ടായിരുന്നു.120 ദിവസത്തെ ചിത്രീകരണമാണ് പ്ളാൻ ചെയ്തത്.രാഗം മൂവീസിന്റെ ബാനറിൽ രാജു മല്ല്യത്ത്, സെഞ്ച്വറി കൊച്ചുമോനുമായി ചേർന്നാണ് നിർമ്മാണം. അഖിൽ പോളും അനസ് ഖാനും ചേർന്ന് രചനയും സംവിധാനവും നിർവഹിച്ച് 2020ൽ റിലീസ് ചെയ്ത ടൊവിനോ തോമസ് നായകനായ സൈക്കോളജിക്കൽ ത്രില്ലറായ ഫോറൻസിക് മികച്ച വിജയം നേടിയിരുന്നു.