explosion

ചെന്നൈ: ശിവകാശിയിൽ പടക്കനിർമാണ ശാലയിലുണ്ടായ സ്‌ഫോടനത്തിൽ എട്ടുമരണം. തമിഴ്‌നാട്ടിലെ വിരുദുനഗർ ജില്ലയിൽ ശിവകാശിക്ക് സമീപം ചെങ്കമലപ്പട്ടിയിലെ പടക്കനിർമാണ ശാലയിലാണ് പൊട്ടിത്തെറിയുണ്ടായത്. 12 പേ‌ർക്ക് പരിക്കേറ്റു.

അഞ്ച് സ്‌ത്രീകളും മൂന്ന് പുരുഷന്മാരുമാണ് മരിച്ചത്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരിച്ചവരെല്ലാം പടക്കനിർമാണ ശാലയിലെ തൊഴിലാളികളാണെന്നാണ് വിവരം. ഫാക്‌ടറി ലൈസൻസോടെയാണ് പ്രവ‌ർത്തിച്ചിരുന്നത്.

സുദർശൻ എന്നയാളിന്റെ ഉടമസ്ഥതയിലുള്ള പടക്കനിർമാണ ശാലയിലാണ് സ്‌ഫോടനമുണ്ടായതെന്നാണ് വിവരം. പൊട്ടിത്തെറിയിൽ കെട്ടിടത്തിലെ ഏഴ് മുറികൾ പൂർണമായും തകർന്നു. മറ്റ് മുറികളിൽ കൂടുതൽ തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നതായി വിവരമുണ്ട്. ഇവർക്കായി തെരച്ചിൽ പുരോഗമിക്കുകയാണെന്നും സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു. സ്‌ഫോടന സ്ഥലത്ത് പൊലീസും അഗ്നിരക്ഷാസേനയും രക്ഷാപ്രവർത്തനം തുടരുകയാണ്.