ചെന്നൈ: തമിഴ്നാട്ടിലെ വിരുദുനഗറിൽ പടക്കനിർമ്മാണ ശാലയിലുണ്ടായ വൻ പൊട്ടിത്തെറിയിൽ അഞ്ച് സ്ത്രീകൾ അടക്കം 8 പേർക്ക് ദാരുണാന്ത്യം. 13ഓളം പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്. ഇവരെ ശിവകാശി സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശിവകാശിക്ക് സമീപമുള്ള ചെങ്കമലപ്പട്ടിയിലെ ഇന്നലെ ഉച്ചയ്ക്കായിരുന്നു സംഭവം. ഫാൻസി ഇനം പടക്കങ്ങൾ മിക്സ് ചെയ്യുന്നതിനിടെയുണ്ടായ ഘർഷണത്തെ തുടർന്ന് പൊട്ടിത്തെറിയുണ്ടായെന്നാണ് റിപ്പോർട്ട്. മരിച്ചവർ പടക്ക ശാലയിൽ ജോലി ചെയ്യുന്നവരാണ്. അപകട സ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്. സംഭവത്തിൽ ഇതുവരെ അറസ്റ്റൊന്നും രേഖപ്പെടുത്തിയിട്ടില്ല.
പ്രധാനമന്ത്രി നരേന്ദ്രമോദി മരിച്ചവർക്ക് അനുശോചനം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും ധനസഹായം പ്രഖ്യാപിച്ചു. മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ ദുഃഖം രേഖപ്പെടുത്തി.
ശിവകാശി കീഴാതിരുതങ്കലിന് സമീപം ചെങ്ങമലപ്പട്ടിയിൽ ശരവണകുമാറിന്റെ ഉടമസ്ഥതയിലുള്ള സുദർശൻ എന്ന പടക്ക ഫാക്ടറിയിലാണ് അപകടമുണ്ടായത്. നൂറിലധികം പേർ ഈ പ്ലാന്റിൽ ജോലി ചെയ്തിരുന്നു.
നാല് യൂണിറ്റ് ഫയർ ആൻഡ് റെസ്‌ക്യൂ ടീം എത്തിയാണ് തീയണച്ചതും മൃതദേഹങ്ങൾ പുറത്തെടുത്തതും. രണ്ട് അഡിഷനൽ പൊലീസ് സൂപ്രണ്ടുമാരും സെൻട്രൽ പെട്രോളിയം ആൻഡ് എക്സ്‌പ്ലോസീവ് കൺട്രോൾ ഡിപ്പാർട്ട്‌മെന്റ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. അന്വേഷണം ആരംഭിച്ചു. പടക്കനിർമ്മാണശാലയ്ക്ക് ലൈസൻസുണ്ടെന്നും വിശദമായ അന്വേഷണം നടക്കുകയാണെന്നും പൊലീസ് പറഞ്ഞു.
നിരന്തരം അപകടങ്ങൾ
രാജ്യത്ത് പടക്കനിർമ്മാണത്തിന്റെ കേന്ദ്രങ്ങളിലൊന്നാണ് ശിവകാശി. എന്നാൽ അപകടങ്ങൾ പതിവാകുന്നു. കഴിഞ്ഞ ഒക്‌ടോബറിൽ രണ്ടാഴ്‌ചയ്ക്കിടെ വിവിധയിടങ്ങളിലുണ്ടായ പൊട്ടിത്തെറിയിൽ പൊലിഞ്ഞത് 27 ജീവനുകളാണ്.
ഫെബ്രുവരിയിൽ വിരുദുനഗറിലെ പടക്കശാലയിലുണ്ടായ പൊട്ടിത്തെറിയിൽ പത്ത് പേർ മരിച്ചു. രാസവസ്‌തുക്കളെക്കുറിച്ചുള്ള അറവില്ലായ്മയും അവ കൈകാര്യം ചെയ്യുന്നതിലെ സൂക്ഷ്‌മതക്കുറവുമാണ് അപകടങ്ങളുടെ പ്രധാന കാരണം. യാതൊരു പരിശീലനവും ലഭിക്കാതെയാണ് പല ഫാക്ടറികളിലും തൊഴിലാളികളെ വിന്യസിക്കുന്നത്. നിരവധി സുരക്ഷാ ലംഘനങ്ങളും നടക്കുന്നുണ്ട്. പല പടക്കശാലകൾക്കും കൃത്യമായ രേഖകളില്ല. മാനദണ്ഡങ്ങൾ പാലിക്കാറുമില്ല. ദീപാവലി പോലെയുള്ള ആഘോഷ സമയങ്ങളിൽ സുരക്ഷ പോലും നോക്കാതെ വൻതോതിലാണ് പടക്ക നിർമ്മാണം നടക്കുന്നത്. കൃത്യമായ ഓഡിറ്റിംഗ് നടത്തിയും പരിശോധനകൾ കർശനമാക്കിയും അപകടങ്ങൾ കുറയ്ക്കാനാകുമെന്നാണ് വിദഗ്ദ്ധർ പറയുന്നത്.