s

ന്യൂ‌ഡൽഹി: ജമ്മു കാശ്‌മീരിലെ കുൽഗാം ജില്ലയിൽ ഏറ്റുമുട്ടലിൽ സുരക്ഷാസേന മൂന്ന് ഭീകരരെ വധിച്ചു. കഴിഞ്ഞ ദിവസം രാത്രിയിൽ റെഡ്വാനി പയീൻ മേഖലയിലായിരുന്നു ഏറ്റുമുട്ടൽ. കൊല്ലപ്പെട്ടവരിലൊരാൾ കൊടും ഭീകരരുടെ പട്ടികയിലുള്ള ലഷ്‌കറെ ത്വയ്ബ കമാൻഡർ ബാസിത് അഹമ്മദ് ദാറാണ്. പ്രദേശവാസികളുടെയും സുരക്ഷാ ഉദ്യോഗസ്ഥരുടെയും കൊലപാതകങ്ങളിൽ പങ്കുള്ള ഇയാളുടെ തലയ്ക്ക് പത്ത് ലക്ഷം രൂപ വിലയിട്ടിരുന്നെന്ന് സൈന്യം അറിയിച്ചു. മോമിൻ ഗുൽസാർ, ഫാഹിം അഹമ്മദ് ബാബ എന്നിവരാണ് കൊല്ലപ്പെട്ട മറ്റ് ഭീകരർ.

ദാറിന്റെ മരണം സൈന്യത്തിന് വലിയ നേട്ടമാണെന്നും ഏകദേശം 18 കൊലപാതകങ്ങളിൽ പങ്കുള്ള ഭീകരനാണ് ഇയാളെന്നും കാശ്മീർ ഇൻസ്‌പെക്ടർ ജനറൽ ഒഫ് പൊലീസ് വി.കെ ബിർഡി മാദ്ധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ ആഴ്‌ച പൂഞ്ചിൽ ഭീകരൻ വീരമൃത്യു വരിക്കാനിടയായ ആക്രമണം നടത്തിയവരിൽ ഈ ഭീകരരുണ്ടോ എന്ന് സ്ഥിരീകരിച്ചിട്ടില്ല.

ഭീകരരുടെ സാന്നിദ്ധ്യമുണ്ടെന്ന വിവരത്തെ തുടർന്ന് മേഖലയിൽ തിങ്കളാഴ്ച രാത്രി സുരക്ഷാ ഓപ്പറേഷൻ ആരംഭിച്ചു. ഏകദേശം 40 മണിക്കൂർ തുടർച്ചയായ ഓപ്പറേഷൻ നടന്നു. നിരവധി ആയുധങ്ങളും കണ്ടെടുത്തു. ചൊവ്വാഴ്‌ചയും ബുധനാഴ്ചയുമായി മേഖലയിൽ ഏറ്റുമുട്ടലിലൂടെ മൂന്ന് ഭീകരരെ വധിച്ചിരുന്നു.

മേയ് നാലിന് പൂഞ്ച് ജില്ലയിൽ വ്യോമസേന ഉദ്യോഗസ്ഥൻ വീരമൃത്യു വരിക്കുകയും, നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. തുടർന്ന് പ്രദേശത്ത് വലിയ ഓപ്പറേഷനാണ് നടന്നത്. പ്രദേശത്ത് തിരഞ്ഞെടുപ്പ് കൂടി അടുത്തിരിക്കെ വൻ സുരക്ഷയാണുള്ളത്. സുരൻകോട്ട് മുതൽ ജറൻ വാലി ഗലി പ്രദേശങ്ങളിലും രജൗരിയിലും തെരച്ചിൽ ഊർജ്ജിതമാക്കി. പ്രധാന റോഡുകളിൽ ചെക്ക് പോയിന്റുകളും സ്ഥാപിച്ചു.