sbi

കൊച്ചി: ജനുവരി മുതൽ മാർച്ച് വരെയുള്ള മൂന്ന് മാസക്കാലയളവിൽ രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യയുടെ(എസ്. ബി. ഐ) അറ്റാദായം 24 ശതമാനം വർദ്ധനയോടെ 20,698 കോടി രൂപയിലെത്തി പുതിയ റെക്കാഡിട്ടു. വായ്പാ വിതരണ രംഗത്തുണ്ടായ മികച്ച മുന്നേറ്റമാണ് ബാങ്കിന്റെ ലാഭത്തിൽ കുതിപ്പുണ്ടാക്കിയത്. എസ്. ബി, ഐയുടെ പലിശ വരുമാനം ഇക്കാലയളവിൽ 19 ശതമാനം ഉയർന്ന് 1.11 ലക്ഷം കോടി രൂപയിലെത്തി. ഓഹരിയൊന്നിന് 13.7 രൂപയുടെ ലാഭവിഹിതവും ബാങ്ക് പ്രഖ്യാപിച്ചു.

എസ്. ബി. ഐയുടെ ആസ്തിമൂല്യവും അവലോകന കാലയളവിൽ ഗണ്യമായി മെച്ചപ്പെട്ടു. മൊത്തം നിഷ്ക്രിയ ആസ്തി മാർച്ച് 31ന് 2.24 ശതമാനത്തിലേക്ക് താഴ്ന്നു. മുൻവർഷമിത് 2.78 ശതമാനമായിരുന്നു. വായ്പാ വിതരണത്തിൽ 16 ശതമാനത്തിന് അടുത്ത് വളർച്ചയാണ് നടപ്പുവർഷം ആദ്യ മൂന്ന് മാസങ്ങളിലുണ്ടായത്.

വൻകിട പദ്ധതികൾക്കുള്ള വായ്പകൾക്ക് പലിശ കൂടും

റിസർവ് ബാങ്കിന്റെ കരട് നയം പ്രാബല്യത്തിലായാൽ വൻകിട പദ്ധതികൾക്കുള്ള വായ്പകളുടെ പലിശ ഉയർത്താൻ നിർബന്ധിതരാകുമെന്ന് എസ്. ബി. ഐ ചെയർമാൻ ദിനേശ് കുമാർ ഖാര പറഞ്ഞു. വലിയ പദ്ധതികൾക്ക് നൽകുന്ന വായ്പയുടെ അഞ്ച് ശതമാനം പ്രത്യേകമായി മാറ്റിവെക്കണമെന്ന കരട് നിർദേശം റിസർവ് ബാങ്ക് കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു.