pic

ഒട്ടാവ: ഖാലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജറെ വധിച്ച കേസിലെ പ്രതികളിലൊരാളായ കരൺ ബ്രാർ (22) കാനഡയിലെത്തിയത് സ്റ്റുഡന്റ് വിസയിലെന്ന് റിപ്പോർട്ട്. പഞ്ചാബിലെ ബതീൻഠയിലുള്ള ഒരു ഏജൻസി വഴിയാണ് ഇയാൾ അപേക്ഷ നൽകിയതെന്നും ദിവസങ്ങൾക്കുള്ളിൽ വിസ ലഭിച്ചെന്നും ഒരു കനേഡിയൻ മാദ്ധ്യമം റിപ്പോർട്ട് ചെയ്തു. ഇക്കാര്യം വിശദീകരിക്കുന്ന ഒരു വീഡിയോ 2019ൽ ഇയാൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു. വിഷയത്തിൽ കനേഡിയൻ ഇമിഗ്രേഷൻ മന്ത്രി മാർക് മില്ലർ പ്രതികരിച്ചില്ല. 2020 മേയിൽ കാനഡയിലെ എഡ്‌മൺടണിൽ എത്തിയ ഇയാൾ കാൽഗറിയിലെ ബോ വാലി കോളേജിൽ അഡ്മിഷൻ നേടിയെന്നും പറയുന്നു.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് ബ്രാർ അടക്കം മൂന്ന് ഇന്ത്യക്കാരെ കാനഡ അറസ്റ്റ് ചെയ്തത്. കൊലപാതകം,​ ഗൂഢാലോചന കുറ്റങ്ങൾ ചുമത്തപ്പെട്ട ഇവരെ സറെയിലെ കോടതിയിൽ ഹാജരാക്കി. നിരോധിത സംഘടനയായ ഖാലിസ്ഥാൻ ടൈഗർ ഫോഴ്സ് തലവനായിരുന്ന നിജ്ജർ (45)​ കഴിഞ്ഞ ജൂണിലാണ് സറെയിൽ അജ്ഞാതരുടെ വെടിയേറ്റ് മരിച്ചത്.