ന്യൂഡൽഹി: ഉത്തേജക പരിശോധനയ്ക്ക് വിസമ്മതിച്ച ഇന്ത്യൻ ഗുസ്തിതാരം ബജ്‌രംഗ് പൂനിയയെ ഈവർഷം അവസാനം വരെ വിലക്കി അന്താരാഷ്ട്ര ഗുസ്തി ഫെഡറേഷൻ. അതേസമയം തന്നെ സസ്‌പെൻഡ്ചെ യ്തത് സംബന്ധിച്ച് ലോക ഗുസ്തി ഫെഡറേഷനിൽ നിന്ന് ഒരു വിവരവും ലഭിച്ചിട്ടില്ലെന്ന് ബജ്‌രംഗ് പൂനിയ പറഞ്ഞു. എന്നാൽ ലോക ഗുസ്തി ഫെഡറേഷൻ ബജ്‌രംഗിന്റെ പ്രൊഫൈലിൽ 2024 ഡിസംബർ 31വരെ താരത്തെ താത്കാലികമായി സസ്പെൻഡ് ചെയ്തിരിക്കുകയാണെന്ന് അപ്ഡേററ്റ് ചെയ്തിട്ടുണ്ട്. ഉത്തേജവിരുദ്ധ പെരുമാറ്റച്ചട്ടം ലംഘിച്ചതിനാണ് സസ്പെൻഷൻ എന്നും കുറിച്ചിട്ടുണ്ട്. സസ്പെൻഷൻ കാലയിളവിൽ ബഗ്‌രംഗിന് മത്സരങ്ങളിൽ പങ്കെടുക്കുന്നതിന് വിലക്കുണ്ട്. ടോക്കിയോ ഒളിമ്പിക്സിലെ വെങ്കലമെഡൽ ജേതാവായ ബജ്‌രംഗിന് ഇത്തവണ പാരീസിൽ പോകാനാകില്ല.
മാര്‍ച്ച് 10ന് ഹരിയാനയിലെ സോനിപത്തില്‍ നടന്ന ഒളിമ്പിക്സ് യോഗ്യതാ മത്സരത്തിനുള്ള സെലക്ഷൻ ട്രയല്‍സിന് ശേഷം മൂത്രസാമ്പിൾ നല്‍കാന്‍ ബജ്‌രംഗ് വിസമ്മതിച്ചിരുന്നു. ട്രയല്‍സില്‍ രോഹിത് കുമാറിനോട് തോറ്റതിന് ശേഷം സായിയുടെ കേന്ദ്രത്തില്‍ നിന്ന് പുറത്തുപോയ പൂനിയയോട് നിരവധി തവണ സാമ്പിൾ നല്‍കാന്‍ ആവശ്യപ്പെട്ടെങ്കിലും താരം സമ്മതിച്ചില്ലെന്നാണ് ദേശീയ ഉത്തേജക വിരുദ്ധ ഏജൻസി (നാഡ) പറയുന്നത്. തുടർന്ന് രാജ്യാന്തര ഉത്തേജക വിരുദ്ധ ഏജൻസിയുമായി (വാഡ)ആശയവിനിമയം നടത്തിയ ശേഷം നാഡ ബജ്‌രംഗിനെ മത്സരത്തിൽ പങ്കെടുക്കുന്നതിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു.
‘ഉത്തേജക പരിശോധനയ്ക്കു സാമ്പിൾ നൽകില്ലെന്നു നാഡ അധികൃതരോടു പറഞ്ഞിട്ടില്ലെന്നും കാലാവധി കഴിഞ്ഞ പരിശോധനാ കിറ്റ് ഉപയോഗിച്ചതിനെ ചോദ്യം ചെയ്യുകമാത്രമാണ് ചെയ്തതെന്നുമായിരുന്നു ബജ്‌രംഗ് അന്ന് പറഞ്ഞത്.
വിലക്കിന് പിന്നാലെ പരിശീലനത്തിന് 9 ലക്ഷം
ബജ്രംഗിനെ ലോക ഗുസ്തി ഫെഡറേഷൻ വിലക്കിയതിന് പിന്നാലെ താരത്തിന് വിദേശ പരിശീലനത്തിന് 9 ലക്ഷം രൂപ സ്പോർട്സ് അതോറിട്ടി ഓഫ് ഇന്ത്യ അനുവദിച്ചത് കൗതുകമായി. അതേസമയം താൻ പരിശീലന പരിപാടി റദ്ദാക്കിയെന്നും സായയുടെ നടപടി ആശ്ചര്യപ്പെടുത്തിയെന്നും നാഡയ്ക് വിശദീകരണം തന്റെ വക്കീൽ നൽകുമെന്നും ബജ്‌രംഗ് പറഞ്ഞു.