police

പത്തനംതിട്ട: വനവിഭവങ്ങൾ ശേഖരിക്കാൻ ഭർത്താവിനും ബന്ധുക്കൾക്കുമൊപ്പം ഉൾവനത്തിൽ പോയ യുവതി മരണപ്പെട്ടു, മൃതദേഹം പമ്പ പോലീസ് സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥർ തോളിൽ ചുമന്നു പുറത്തെത്തിച്ചു. ളാഹ ആനത്തോട് കോളനിയിൽ പൊടിമോന്റെ ഭാര്യ ജോനമ്മ(22) ആണ് ഇന്നലെ രാവിലെ 10 മണിക്ക് കുഴഞ്ഞുവീണു മരിച്ചത്.

രണ്ടാം തിയതിയാണ് പൊടിമോനും ജോനമ്മയും പൊടിമോന്റെ അമ്മയും മറ്റു ബന്ധുക്കളും കുട്ടികളും അടങ്ങിയ സംഘം ളാഹ കോളനിയിൽ യാത്ര തിരിച്ചത്. വാസനപ്പൂവ്, കുന്തിരിക്കം തുടങ്ങിയ വിഭവങ്ങൾ ശേഖരിക്കുകയായിരുന്നു ലക്ഷ്യം.

ചാലക്കയത്ത് നിന്നും 5 കിലോമീറ്റർ വനത്തിനുള്ളിൽ സംഘം തങ്ങി. ജോനമ്മ രക്തക്കുറവിന് പത്തനംതിട്ട ജനറൽ ആശുപത്രിയിൽ നിന്നുള്ള മരുന്ന് കഴിക്കുന്നുണ്ടായിരുന്നു. എന്നാൽ രണ്ട് ദിവസമായി മരുന്നില്ലാത്തതുകാരണം മുടങ്ങി. വനത്തിനുള്ളിൽ കഴിയവേ, ഇന്നലെ രാവിലെ വയറുവേദന ഉണ്ടാവുകയും ക്ഷീണവും തളർച്ചയും അനുഭവപ്പെടുകയുമായിരുന്നു. തുടർന്ന് ആശുപത്രിയിൽ പോകാൻ പുറത്തേക്ക് നടക്കുമ്പോൾ വെള്ളം ആവശ്യപ്പെടുകയും,വെള്ളം കുടിച്ചയുടനെ കുഴഞ്ഞുവീഴുകയും ചെയ്തു. അല്പസമയത്തിനകം മരണപ്പെടുകയായിരുന്നു.

വിവരം എസ് സി എസ് ടി പ്രൊമോട്ടറെയും പൊലീസിനെയും അറിയിക്കാനായി പൊടിമോൻ ചാലക്കയത്തേക്ക് തിരിച്ചെങ്കിലും, വഴിയിൽ കാട്ടാനകളുടെ സാമീപ്യമുണ്ടായതിനാൽ മൂന്നു മണിക്കൂറോളം ഒളിച്ചുകഴിയേണ്ടിവന്നു. ആനകൾ മാറിയെന്നു ഉറപ്പാക്കിയശേഷം ചാലക്കയത്തെത്തി പ്രോമോട്ടറെ വിളച്ചറിയിച്ചു. തുടർന്ന്, വിവരമറിഞ്ഞ പമ്പ പോലീസ്, എസ് എച്ച് ഒ ജി എസ് ശ്യാംജിയുടെ നേതൃത്വത്തിൽ വനത്തിലേക്ക് തിരിക്കുകയായിരുന്നു. പൊടിമോനും ജോനമ്മയും നിയമപരമായി വിവാഹിതരല്ല, രണ്ടുവർഷമായി ഒരുമിച്ചു താമസിച്ചുവരികയാണ്.

തുണിക്കുള്ളിൽ പൊതിഞ്ഞ ജോനമ്മയുടെ മൃതദേഹം കാട്ടുകമ്പിൽ തുണികെട്ടി അതിനുള്ളിലായാണ് പൊലീസ് ഉദ്യോഗസ്ഥർ 5 കിലോമീറ്റർ കാട്ടിനുള്ളിൽ കടന്നു ചുമന്നു പുറത്തെത്തിച്ചത്. ദുർഘടമായ വനപാതകളും കാട്ടരുവികളും കടന്ന് ഏതാണ്ട് 5 മണിക്കൂറോളം സമയമെടുത്തു പോയിവരാൻ. എസ് ഐ ജെ രാജൻ, ഗ്രേഡ് എസ് ഐ കെ വി സജി, എസ് സി പി ഓമാരായ സാംസൺ പീറ്റർ, നിവാസ് സിപിഓ സുധീഷ് എന്നിവരടങ്ങിയ സംഘമാണ് യുവതിയുടെ മൃതശരീരം ഇത്രയും ദൂരം തോളിൽ ചുമന്നത്. പിന്നീട്, പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് മാറ്റി. അസ്വാഭാവികമരണത്തിന് കേസ് രജിസ്റ്റർ ചെയ്ത് പൊലീസ് അന്വേഷണം ആരംഭിച്ചു. ഇന്ന് രാവിലെ ജനറൽ ആശുപത്രിയിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്മോർട്ടം പരിശോധനക്കായി ചെങ്ങന്നൂർ ഗവണ്മെന്റ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.