വിമാനയാത്രികരെ 'നിലത്തും ആകാശത്തുമല്ലാതെ" വലച്ച് എയർ ഇന്ത്യാ എക്സ്പ്രസിൽ രണ്ടു ദിവസമായി തുടർന്ന ക്യാബിൻ ക്രൂ ജീവനക്കാരുടെ സമരം ഭാഗ്യവശാൽ ഇന്നലെ രാത്രിയോടെ അവസാനിച്ചത് യാത്രികർക്ക് താത്കാലിക ആശ്വാസമായെങ്കിലും, താറുമാറായ സർവീസുകൾ പഴയ നിലയിലാകാൻ കുറച്ചുകൂടി സമയം വേണ്ടിവന്നേക്കും. സമരത്തെ തുടർന്ന് മാനേജ്മെന്റ് പിരിച്ചുവിട്ട മുപ്പതോളം മുതിർന്ന ജീവനക്കാരെ തിരിച്ചെടുക്കാനാണ് ലേബർ കമ്മിഷണറുടെ നേതൃത്വത്തിൽ ഇന്നലെ രാത്രി നടന്ന ഒത്തുതീർപ്പു ചർച്ചയിലെ ധാരണ. ഇതനുസരിച്ച്, സമരത്തിനിറങ്ങിയ മുഴുവൻ ജീവക്കാരും എത്രയും വേഗം ജോലിയിൽ തിരിച്ചുകയറുമെന്നാണ് യൂണിയനുകൾ പറഞ്ഞിരിക്കുന്നത്. രണ്ടുദിവസംകൊണ്ട് നൂറ്റമ്പതോളം സർവീസുകൾ മുടങ്ങുകയും അരലക്ഷത്തിലധികം യാത്രക്കാരെ വഴിയാധാരമാക്കുകയും ചെയ്ത ആകാശസമരത്തിന് തിരശ്ശീല വീണെങ്കിലും എയർ ഇന്ത്യാ എക്സ്പ്രസ് ജീവനക്കാരും എയർലൈൻ ഉടമകളായ ടാറ്റാ ഗ്രൂപ്പുമായി ഉടലെടുത്ത 'മുഷിച്ചിൽ" വീണ്ടുമൊരു മിന്നൽ സമരത്തിലേക്ക് എത്തരുതേയെന്നാണ് യാത്രികരുടെ പ്രാർത്ഥന!
ജോലിയുടെ സ്വഭാവവും ശമ്പളഘടനയും പുനർനിശ്ചയിച്ചതിലെ അപാകതകൾ ചൂണ്ടിക്കാട്ടിയും ജീവനക്കാരോടുള്ള മാനേജ്മെന്റ് വിവേചനത്തിൽ പ്രതിഷേധിച്ചുമാണ് മുന്നറിയിപ്പില്ലാതെ ക്യാബിൻ ക്രൂ അംഗങ്ങൾ ബുധനാഴ്ച സമരം തുടങ്ങിയത്. പല വിമാനത്താവളങ്ങളിലും യാത്രക്കാർ എയർപോർട്ടിലെത്തി ബോർഡിംഗ് പാസെടുത്ത് കാത്തിരിക്കുമ്പോഴാണ് സർവീസ് റദ്ദാക്കിയ വിവരമറിഞ്ഞത്. ജീവനക്കാർ കൂട്ടത്തോടെ അസുഖ അവധി (സിക്ക് ലീവ്) എടുക്കുക മാത്രമല്ല, ബാക്കിയുള്ളവർ മൊബൈലുകൾ സ്വിച്ച്ഓഫ് ചെയ്ത് കാണാമറയത്തേക്ക് മാറുകയും ചെയ്തു. അതോടെ ചോദിക്കാനും പറയാനും ആളില്ലെന്നതായി, എയർ ഇന്ത്യാ എക്സ്പ്രസ് സർവീസുകളുടെ ദുർഗതി. പല വിമാനത്താവളങ്ങളിലും എയർ ഇന്ത്യാ എക്സ്പ്രസ് യാത്രക്കാർ പ്രതിഷേധിച്ച് സംഘടിച്ചതോടെ സ്ഥിതി സംഘർഷാത്മകമാകുമോ എന്നായിരുന്നു ആശങ്ക.
ഗൾഫ് രാജ്യങ്ങളിലേക്കുൾപ്പെടെ സർവീസ് നടത്തുന്ന വിമാനങ്ങളിൽ യാത്രചെയ്യേണ്ടിയിരുന്ന പലരും അവധിക്കു നാട്ടിലെത്തി, കഴിഞ്ഞ ദിവസം ജോലിയിൽ തിരികെ പ്രവേശിക്കേണ്ടതായിരുന്നു. മറ്റ് അത്യാവശ്യയാത്രകൾക്ക് ടിക്കറ്റ് ബുക്ക് ചെയ്തിരുന്നവരെയും പ്രതിസന്ധിയിലാക്കിയ സമരമാണ് മാനേജ്മെന്റിന്റെയും ജീവനക്കാരുടെയും കടുംപിടിത്തം കാരണം രണ്ടുദിവസം നീണ്ടത്. പെരുത്ത നഷ്ടത്തിലേക്ക് കൂപ്പുകുത്തിയിരുന്ന പൊതുമേഖലാ എയർലൈൻ ആയിരുന്ന എയർ ഇന്ത്യയെയും, താരതമ്യേന യാത്രാനിരക്കു കുറഞ്ഞ വിഭാഗമായ എയർ ഇന്ത്യാ എക്സ്പ്രസിനെയും 2021 അവസാനത്തോടെയാണ് ടാറ്റാ കമ്പനി വിലയ്ക്കു വാങ്ങിയത്. സർക്കാർ ജീവനക്കാരായി, ചട്ടപ്പടി ജോലിചെയ്തിരുന്ന ജീവനക്കാർക്ക് കോർപ്പറേറ്റ് കമ്പനിയുടെ സ്വഭാവവും നിയമങ്ങളും തുടക്കംതൊട്ടേ അത്ര പിടിച്ചിരുന്നില്ല. ആ പിടിക്കായ്കയാണ് ഒടുവിൽ മിന്നൽ സമരമെന്ന പൊട്ടിത്തെറിയിലേക്കും, യാത്രക്കാരെ വട്ടംചുറ്റിച്ച തോന്ന്യാസത്തിലേക്കുമൊക്കെ ചെന്നെത്തിയത്.
സമരക്കാരെ പിരിച്ചുവിട്ട മാനേജ്മെന്റ് നടപടി പിൻവലിക്കാതെ ഒരു ഒത്തുതീർപ്പു ചർച്ചയ്ക്കുമില്ലെന്നായിരുന്നു ഇന്നലെ വൈകുംവരെ യൂണിയനുകളുടെ നിലപാട്. ഇരുകൂട്ടരും വിട്ടുവീഴ്ചയ്ക്കു തയ്യാറായതോടെ വലിയൊരു പ്രതിസന്ധിയാണ് ഒഴിഞ്ഞുകിട്ടിയത്. വിമാനങ്ങളുടെ സമയനിഷ്ഠയും സർവീസ് മികവുമാണ് ഏത് വിമാനക്കമ്പനിയുടെയും നിലനില്പിന് അടിസ്ഥാനഘടകം. യാത്രാനിരക്ക് കുറവുള്ള എയർ ഇന്ത്യാ എക്സ്പ്രസിന്റെ കാര്യത്തിൽ സൗകര്യങ്ങളിലെ കുറവ് യാത്രക്കാർ സഹിക്കുമെന്നു വയ്ക്കാം. പക്ഷേ, തങ്ങൾ ടിക്കറ്റെടുത്ത സർവീസ് ആ ദിവസമുണ്ടോ, ഉണ്ടെങ്കിൽത്തന്നെ കൃത്യസമയത്ത് പുറപ്പെടുമോ എന്നൊന്നും തീർച്ചയില്ലെന്നു വരുന്നത് ആരും സഹിക്കില്ല. പ്രതിസന്ധിയുടെ കാർമേഘം തത്കാലത്തേക്ക് നീങ്ങിയെങ്കിലും ജീവനക്കാരുടെ എതിർപ്പുകൾക്ക് ശാശ്വത പരിഹാരം കാണാനും, വിമാനയാത്രികരെ പെരുവഴിയിലാക്കുന്ന മിന്നൽസമരങ്ങൾ ആവർത്തിക്കാതിരിക്കാനുമുള്ള ജാഗ്രത മാനേജ്മെന്റിന്റെ ഭാഗത്തു നിന്നു മാത്രമല്ല, കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകണം.