pic

ലണ്ടൻ: 98 -ാം പിറന്നാൾ ദിനത്തിൽ അപൂർവ നേട്ടം സ്വന്തമാക്കി ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിംഗ് ഇതിഹാസം സർ ഡേവിഡ് ആറ്റൻബറോ. ടി.വി അവതാരകനായും ടി.വി നാച്ചുറലിസ്​റ്റ് ആയും 70 വർഷവും 246 ദിവസവും തികച്ചെന്ന ഗിന്നസ് നേട്ടമാണ് സ്വന്തമാക്കിയത്.

എഴുത്തുകാരനും ജീവശാസ്ത്രജ്ഞനും ചരിത്രകാരനും കൂടിയായ അദ്ദേഹം അവതാരകനെന്ന നിലയിൽ ലോകമെമ്പാടും ആരാധകരെ സ്വന്തമാക്കി. 1926 മേയ് 8ന് ഇംഗ്ലണ്ടിലെ ഐസൽവർത്തിലാണ് ജനനം. അന്തരിച്ച പ്രശസ്ത സംവിധായകൻ റിച്ചാർഡ് ആറ്റൻബറോ സഹോദരനാണ്. 1953 സെപ്തംബർ 2ന് ബിബിസിയുടെ 'ആനിമൽ ഡിസ്‌ഗൈസസ്" എന്ന ഷോയിലാണ് ആറ്റൻബറോ അവതാരകനായി തുടക്കം കുറിക്കുന്നത്. ബിബിസി നാച്ചുറൽ ഹിസ്​റ്ററി യൂണി​റ്റുമായി ചേർന്ന് പ്രശസ്തമായ ലൈഫ് സീരീസിലെ ഒമ്പത് നാച്ചുറൽ ഹിസ്​റ്ററി ഡോക്യുമെന്ററികൾ തയാറാക്കി. ഭൂമിയിലെ മൃഗങ്ങളുടെയും സസ്യജാലങ്ങളുടെയും സമഗ്ര ചിത്രമാണിത്.

1965 മുതൽ 1969 വരെ ബിബിസി ടുവിന്റെ കൺട്രോളറായിരുന്നു. ബിബിസിയുടെ സീനിയർ മാനേജറുമായി. എമ്മി, ബാഫ്റ്റ അടക്കം നിരവധി അംഗീകാരങ്ങൾ തേടിയെത്തി. 2019ൽ ഇന്ദിരാഗാന്ധി സമാധാന പുരസ്കാരം ലഭിച്ചു. നിലവിൽ ബ്ലൂ പ്ലാനറ്റ് III എന്ന ഡോക്യുമെന്ററിയുടെ ഗവേഷണങ്ങളുടെയും പ്രൊഡക്ഷന്റെയും തിരക്കിലാണ് അദ്ദേഹം.