തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി ജീവനക്കാര്‍ക്ക് ഗുണകരമായി മാറിയേക്കും. പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്നത് സര്‍ക്കാരിന്റെ സജീവ പരിഗണനയിലുണ്ട്. വിദേശത്തുള്ള മുഖ്യമന്ത്രി തിരിച്ചെത്തിയാല്‍ ഈ വിഷയത്തില്‍ അന്തിമ തീരുമാനമുണ്ടാകും. നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ 25,000ല്‍പ്പരം ഉദ്യോഗസ്ഥര്‍ സര്‍വീസില്‍ നിന്ന് വിരമിക്കാനിരിക്കുകയാണ്. ഇതില്‍ മേയ് 31ന് മുമ്പ് വിരമിക്കുക 20,000 പേരാണ്.
ഈ മാസം വിരമിക്കുന്നവര്‍ക്ക് വേണ്ടി മാത്രം 8,000 കോടിയോളം രൂപ മാറ്റിവയ്‌ക്കേണ്ടി വരും. ബാക്കിയുള്ള അയ്യായിരം പേരെ കൂടി ചേര്‍ക്കുമ്പോള്‍ മൊത്തം തുക 10,000 കോടി കടക്കും. സാമ്പത്തിക പ്രതിസന്ധിയില്‍ കടപ്പത്രം ഇറക്കി വായ്പയെടുക്കാന്‍ ഉദ്ദേശിക്കുന്ന സര്‍ക്കാരിനെ സംബന്ധിച്ച് ഈ സാഹചര്യം നേരിടാന്‍ പെന്‍ഷന്‍ പ്രായം ഉയര്‍ത്തുകയല്ലാതെ മറ്റ് മാര്‍ഗങ്ങളില്ല.
പെന്‍ഷന്‍ പ്രായം അറുപതാക്കിയാല്‍ കേരളത്തിന്റെ സാമ്പത്തിക നില കൂടുതല്‍ സുസ്ഥിരമാകുമെന്നാണ് സര്‍ക്കാര്‍ കണക്ക്കൂട്ടല്‍. എന്നാല്‍ യുവാക്കളുടെ പ്രതിഷേധം തിരിച്ചടിയായി മാറും. അതുകൊണ്ട് പെട്ടെന്ന് 60ലേക്ക് എത്താതെ പെന്‍ഷന്‍ പ്രായം 58 ആക്കാനാണ് ആലോചന. സര്‍ക്കാര്‍ ജീവനക്കാരും പെന്‍ഷന്‍ പ്രായം ഉയര്‍ത്തുമെന്ന പ്രതീക്ഷയിലാണ് ഇപ്പോള്‍. ലോക്സഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പിന് ഇനിയും കാലമുണ്ട്. അതുകൊണ്ട് തന്നെ യുവാക്കളുടെ പ്രതിഷേധത്തിന് പരിഹാരമൊരുക്കാന്‍ സമയമുണ്ടെന്നാണ് വിലയിരുത്തല്‍.
നയപരമായ തീരുമാനമായതിനാല്‍ ഇടതു മുന്നണിയും ഇത് അംഗീകരിക്കേണ്ടതുണ്ട്. വിഷയത്തില്‍ സിപിഐ എന്ത് നിലപാട് സ്വീകരിക്കുമെന്നതും നിര്‍ണായകമാണ്. സിപിഐയെ കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കാതെ നീക്കവുമായി മുന്നോട്ട് പോകാന്‍ കഴിയില്ല. വിദേശത്ത് നിന്ന് തിരിച്ചെത്തിയ ശേഷം സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവുമായി പിണറായി വിജയനും എം.വി ഗേവിന്ദന്‍ മാസ്റ്ററും കൂടിക്കാഴ്ച നടത്താനും സാദ്ധ്യതയുണ്ട്.
തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ജൂണ്‍ നാല് വരെയാണ് നിലനില്‍ക്കുക. മേയ് 31ന് മുമ്പ് വിരമിക്കുന്നവരുടെ കാര്യത്തില്‍ നടപടിയാകണമെങ്കില്‍ ഈ മാസം 20ന് മുമ്പെങ്കിലും തീരുമാനമെടുക്കണം. ഇതിന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി ആവശ്യമായി വരും. ഇതിന്റെ നിയമ സംബന്ധമായ കാര്യങ്ങള്‍ ഉദ്യോഗസ്ഥ തലത്തില്‍ മുന്നോട്ട് പോകുന്നുവെന്നാണ് വിവരം.
നിലവില്‍ കടമെടുത്താണ് കേരളം മുമ്പോട്ട് പോകുന്നത്. ഏകദേശം 38000 കോടിയാകും കടമെടുക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ ഈ വര്‍ഷം അനുവദിക്കാന്‍ പോകുന്ന പരിധി. ഇതില്‍ പതിനായിരം കോടിയില്‍ അധികം പെന്‍ഷന്‍ ആനുകൂല്യം നല്‍കേണ്ടി വരുന്നത് കേരളത്തിന്റെ സാമ്പത്തിക സ്ഥിതിയെ തകര്‍ക്കും.
കിഫ്ബിയുടേയും മറ്റു ഫണ്ടുകളുടേയും കടമെടുക്കല്‍ കണക്കും സംസ്ഥാന സര്‍ക്കാരിന്റെ പരിധിയില്‍ കൊണ്ടു വന്നാല്‍ കേരളത്തിന് അനുവദനീയമായ ഈ സാമ്പത്തിക വര്‍ഷത്തെ കടമെടുപ്പ് പരിധി 25000 കോടിയായി ചുരുങ്ങാനും സാദ്ധ്യതയുണ്ട്. ഇതുകൂടി മുന്നില്‍ക്കണ്ടാണ് പെന്‍ഷന്‍ പ്രായം ഉയര്‍ത്തുകയെന്ന ആലോചനയിലേക്ക് സര്‍ക്കാര്‍ എത്തിയിരിക്കുന്നത്.