മദ്യപിച്ച് വാഹനമോടിക്കുകയും പൊലീസ് പരിശോധനയില്‍ പിടിക്കപ്പെടുകയും ചെയ്താല്‍ പിഴ ഒടുക്കേണ്ടി വരുമെന്ന് നമുക്കറിയാം. ബ്രെത്ത് അനലൈസറില്‍ ബീപ് സൗണ്ട് കേട്ടാല്‍ പിന്നെ വണ്ടി സഹിതം സ്റ്റേഷനിലേക്ക് കൊണ്ട് പോകും. അവിടെ നിന്ന് പൊലീസ് ജീപ്പില്‍ മെഡിക്കലെടുക്കാന്‍ ആശുപത്രിയിലേക്ക് കൊണ്ട് പോകും. ചിലപ്പോള്‍ ഈ പിഴ അടയ്ക്കാന്‍ കോടതി വരെ കയറേണ്ടി വരും. ഇതിന് പിന്നാലെ ഗതാഗത വകുപ്പിന്റെ നിയമനുസരിച്ച് ലൈസന്‍സ് ആറ് മാസ കാലത്തേക്ക് സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്യും.
ഈ പറഞ്ഞ കാര്യങ്ങളൊക്കെ മദ്യപിക്കാതെ തന്നെ സംഭവിച്ചാലോ. അങ്ങനെയൊക്കെ സംഭവിക്കുമോ എന്നാണ് ആലോചിക്കുന്നതെങ്കില്‍ സംഭവിക്കും എന്ന് തന്നെയാണ് ഉത്തരം. ഒരു പ്രത്യേക ആരോഗ്യ അവസ്ഥയിലൂടെ കടന്ന് പോകുന്നവരുടെ ശരീരം തന്നെ എഥനോള്‍ (മദ്യം) ഉത്പാദിച്ചുകൊണ്ടിരിക്കും. ഇവര്‍ ജീവിതത്തില്‍ ഒരിക്കല്‍ പോലും മദ്യപിച്ചിട്ടില്ലാത്തവരാണെങ്കിലും ഓട്ടോ ബ്രൂവറി സിന്‍ഡ്രോം എന്ന രോഗമുണ്ടെങ്കില്‍ പണി കിട്ടും.
ശരീരം തന്നെ വയറിലും കുടലിലുമൊക്കെയായി എത്തനോള്‍ അഥവാ മദ്യം ഉണ്ടാക്കിക്കൊണ്ടിരിക്കും. ഗ്യാസ്ട്രോ ഇന്റസ്റ്റൈനല്‍ ട്രാക്ടിറ്റിലെ ചില സൂക്ഷ്മാണുക്കളാണ് കാര്‍ബോഹൈഡ്രേറ്റുകളെ മദ്യമാക്കി മാറ്റുന്ന ഈ പുളിപ്പിക്കലിനു പിന്നില്‍. സ്ത്രീപുരുഷ ഭേദമില്ലാതെ ഏത് പ്രായത്തില്‍പ്പെട്ടവര്‍ക്കും ഈ രോഗം വരാം. പ്രമേഹം, അമിതവണ്ണം, പ്രതിരോധശേഷിയെയോ വയറിന്റെ ആരോഗ്യത്തെയോ ബാധിക്കുന്ന രോഗമുള്ളവര്‍ തുടങ്ങിയവര്‍ക്ക് ഇത് വരാനുള്ള സാദ്ധ്യത അധികമാണെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു.