ന്യൂഡല്‍ഹി: ട്രെയിന്‍ യാത്രയ്ക്ക് ടിക്കറ്റ് എടുക്കുന്നത് മിക്കപ്പോഴും വലിയ പ്രതിസന്ധിയാണ് യാത്രക്കാര്‍ക്ക് സൃഷ്ടിക്കാറുള്ളത്. അവധിക്കാലങ്ങളിലും ഉത്സവ സീസണുകളിലും ഈ ബുദ്ധിമുട്ട് പതിന്‍മടങ്ങായി വര്‍ദ്ധിക്കുകയും ചെയ്യും. കാലങ്ങളായി യാത്രക്കാര്‍ നേരിടുന്ന ടിക്കറ്റ് ബുക്കിംഗുമായി ബന്ധപ്പെട്ട പ്രശ്‌നം പരിഹരിച്ചിരിക്കുകയാണ് റെയില്‍വേ ഇപ്പോള്‍. റെയില്‍വേ അധികൃതരെ ഉദ്ധരിച്ച് ദേശീയ മാദ്ധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
മൊബൈല്‍ ആപ്പ് വഴിയല്ലാതെ നേരിട്ട് കൗണ്ടറുകളില്‍ നിന്ന് ടിക്കറ്റ് എടുക്കുന്നവര്‍ നേരിട്ടിരുന്ന പ്രശ്‌നത്തിനാണ് റെയില്‍വേ പരിഹാരം കണ്ടിരിക്കുന്നത്. ഓണ്‍ലൈന്‍ വഴിയല്ലാതെ നേരിട്ട് കൗണ്ടറുകളില്‍ നിന്നെടുക്കുന്ന യാത്രാ ടിക്കറ്റുകള്‍, പ്ലാറ്റ്‌ഫോം ടിക്കറ്റുകള്‍ എന്നിവയ്ക്കുള്ള ദൂരപരിധി നീക്കിയിരിക്കുകയാണ് റെയില്‍വേ. ഓണ്‍ലൈനായി ടിക്കറ്റെടുക്കുമ്പോള്‍ രാജ്യത്ത് എവിടെ ഇരുന്നുകൊണ്ടും എങ്ങോട്ട് വേണമെങ്കിലും ടിക്കറ്റ് എടുക്കാന്‍ കഴിയും. എന്നാല്‍ കൗണ്ടര്‍ ടിക്കറ്റുകള്‍ക്ക് ഇതായിരുന്നില്ല അവസ്ഥ.
നേരത്തെ യാത്രക്കാരുടെ സ്ഥലത്തിന് സമീപമുള്ള ഒരു സ്റ്റേഷനില്‍ നിന്ന് ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് 50 കിലോമീറ്റര്‍ എന്ന ദൂര പരിധിയുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍, ഈ നിയന്ത്രണം ഒഴിവാക്കി. ഇത്തരം പരിമിതികളില്ലാതെ യാത്രക്കാര്‍ക്ക് ഇനി ടിക്കറ്റ് ബുക്ക് ചെയ്യാവുന്നതാണ്. ടിക്കറ്റ് ബുക്കിംഗ് പ്രക്രിയ ലളിതമാക്കാനും യാത്രക്കാര്‍ക്ക് എളുപ്പത്തില്‍ സേവനം ഉപയോഗപ്പെടുത്താനും വേണ്ടിയാണ് ഈ മാറ്റമെന്ന് സീനിയര്‍ ഡിവിഷണല്‍ കൊമേഴ്സ്യല്‍ മാനേജര്‍ സൗരഭ് കതാരിയ പറഞ്ഞു.