ടെൽ അവീവ്: തെക്കൻ ഗാസയിലെ റാഫ നഗരത്തിൽ കരയാക്രമണത്തിനൊരുങ്ങുന്ന ഇസ്രയേലിനെതിരെ പരസ്യമായി രംഗത്തെത്തി യു.എസ് പ്രസിഡന്റ് ജോ ബൈഡൻ. റാഫയിൽ അധിനിവേശം നടത്താനാണ് തീരുമാനമെങ്കിൽ ഇസ്രയേലിന് ആയുധങ്ങൾ നൽകില്ലെന്ന് മുന്നറിയിപ്പ് നൽകി.
ഇസ്രയേലിലേക്കുള്ള ചില ബോംബുകളുടെ കയറ്റുമതി യു.എസ് കഴിഞ്ഞ ദിവസം നിറുത്തിവച്ചതിന് പിന്നാലെയാണിത്. ഇസ്രയേലിന് ഏറ്റവും കൂടുതൽ ആയുധങ്ങൾ നൽകുന്നത് യു.എസ് ആണ്. റാഫയിൽ ഇസ്രയേൽ സൈന്യം കടക്കുന്നതിനെ പിന്തുണയ്ക്കില്ലെന്ന് യു.കെയും അറിയിച്ചു. ബൈഡന്റെ പ്രതികരണത്തെ അപലപിച്ച് ഇസ്രയേലി മന്ത്രിമാർ രംഗത്തെത്തി. ' ഹമാസ് ബൈഡനെ സ്നേഹിക്കുന്നു" എന്ന് തീവ്ര വലതുപക്ഷവാദിയായ മന്ത്രി ഇറ്റാമർ ബെൻ -ഗ്വിർ എക്സിൽ കുറിച്ചു.
അതേസമയം, മുന്നറിയിപ്പുകൾ വകവയ്ക്കാതെ കിഴക്കൻ റാഫയിൽ ഇസ്രയേൽ ഷെല്ലാക്രമണം തുടരുകയാണ്. നഗര പ്രദേശങ്ങൾക്ക് പുറത്ത് നൂറുകണക്കിന് ടാങ്കുകൾ വിന്യസിച്ചു. ഇവ ഏത് നിമിഷവും നഗരത്തിലേക്ക് ഇരച്ചുകയറിയേക്കുമെന്ന് ഭീതിയുണ്ട്. ആയിരക്കണക്കിന് പേരാണ് ഇവിടെ നിന്ന് ഇന്നലെ മദ്ധ്യഗാസയിലേക്ക് പലായനം ചെയ്തത്.
ഷെല്ലാക്രമണത്തിൽ മൂന്ന് പേർ മരിച്ചു. നിരവധി വീടുകൾ തകർന്നു. ഇസ്രയേലി ടാങ്കുകൾക്ക് നേരെ ഹമാസ് റോക്കറ്റാക്രമണവും തുടരുന്നു. അതിനിടെ, ഈജിപ്റ്റിലെ കയ്‌റോയിൽ വെടിനിറുത്തലിനായുള്ള ചർച്ചകൾ തുടരുകയാണ്.
ഇന്ധനമില്ല
റാഫയിലെ ആശുപത്രികളിൽ മൂന്ന് ദിവസം പ്രവർത്തിക്കാനുള്ള ഇന്ധനം മാത്രമേ അവശേഷിക്കുന്നുള്ളൂ എന്ന് ലോകാരോഗ്യ സംഘടന. ചൊവ്വാഴ്ച ഇസ്രയേൽ പിടിച്ചെടുത്ത റാഫ അതിർത്തി തുറക്കാത്തതിനാൽ ഈജിപ്റ്റിൽ നിന്നുള്ള ഇന്ധന ട്രക്കുകൾ എത്തുന്നില്ല.
2019 - 2023 കാലയളവിലെ ഇസ്രയേലിന്റെ ആയുധ ഇറക്കുമതി
( സ്റ്റോക്ക്‌ഹോം ഇന്റർനാഷണൽ പീസ് റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ കണക്ക് പ്രകാരം )
യു.എസ് - 69 %
ജർമ്മനി - 30 %
ഇറ്റലി - 0.9 %