ബംഗളൂരു: വിദ്വേഷ വിഡിയോ പ്രചരിപ്പിച്ചെന്ന പരാതിയിൽ കർണാടക ബി.ജെ.പി ഐ.ടി സെൽ തലവൻ പ്രശാന്ത് മകനൂരർ കസ്റ്റഡിയിൽ. ബംഗളൂരുവിൽ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. വിദ്വേഷം പ്രചരിപ്പിക്കുന്ന തരത്തിൽ എക്സിൽ പോസ്റ്റ് ചെയ്ത വിഡിയോക്കെതിരായ കേസിൽ ബി.ജെ.പി നേതാക്കൾക്കെതിരെ ബംഗളൂരു പൊലീസ് കഴിഞ്ഞ ദിവസം നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ ജെ.പി. നദ്ദ, സമൂഹമാദ്ധ്യമ തലവൻ അമിത് മാളവ്യ, കർണാടക അദ്ധ്യക്ഷൻ ബി.വൈ. വിജയേന്ദ്ര എന്നിവർക്കാണ് ഹാജരാകാൻ നോട്ടീസ് അയച്ചത്. കെ.പി.സി.സി കർണാടക മീഡിയ വിഭാഗം ചെയർമാൻ രമേശ് ബാബു നൽകിയ പരാതിയിലാണ് പൊലീസ് നടപടി.വിവിധ പൗരാവകാശ സംഘടന പ്രതിനിധികളും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർക്ക് പരാതി നൽകിയിരുന്നു.