finance

ന്യൂയോര്‍ക്ക്: ലോകത്ത് ഏറ്റവും അധികം കോടീശ്വരന്‍മാര്‍ താമസിക്കുന്ന നഗരങ്ങളുടെ പട്ടിക പുറത്ത് വന്നപ്പോള്‍ ആദ്യ 50ല്‍ ഇടം നേടി രണ്ട് ഇന്ത്യന്‍ നഗരങ്ങള്‍. അന്താരാഷ്ട്ര വെല്‍ത്ത് മൈഗ്രേഷന്‍ സ്‌പെഷ്യലിസ്റ്റായ ഹെന്‍ലി ആന്‍ഡ് പാര്‍ട്ണേഴ്സ് ആഗോള ഡാറ്റാ ഇന്റലിജന്‍സ് സ്ഥാപനമായ ന്യൂ വേള്‍ഡ് വെല്‍ത്തുമായി സഹകരിച്ച് പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് ഇന്ത്യന്‍ നഗരങ്ങളും ഇടംപിടിച്ചത്.

മുംബയ്, ന്യൂഡല്‍ഹി എന്നീ നഗരങ്ങളാണ് ഇന്ത്യയില്‍ നിന്ന് പട്ടികയില്‍ ഇടം പിടിച്ചത്. 58,800 കോടീശ്വരന്‍മാരുമായി പട്ടികയില്‍ 24ാം സ്ഥാനത്താണ് മുംബയ്. 30,700 കോടീശ്വരന്‍മാരുള്ള ഡല്‍ഹി 37ാം സ്ഥാനത്താണ്. 3.49 ലക്ഷം പേരുമായി അമേരിക്കന്‍ മഹാനഗരമായ ന്യൂയോര്‍ക്ക് ആണ് പട്ടികയില്‍ ഒന്നാമതുള്ളത്. അമേരിക്കയിലെ തന്നെ ഡി ബേ ഏരിയ 3.05 ലക്ഷവുമായി രണ്ടാമതെത്തി. ജപ്പാന്റെ തലസ്ഥാനമായ ടോക്കിയോ 2.98 ലക്ഷവുമായി മൂന്നാം സ്ഥാനത്തുണ്ട്. ഏഷ്യന്‍ നഗരങ്ങളില്‍ ഒന്നാമതാണ് ടോക്കിയോ.

സിംഗപ്പൂര്‍ നാലാം സ്ഥാനത്ത് എത്തിയപ്പോള്‍ ലണ്ടന്‍ (2,27,000 ), ലോസ് ഏഞ്ചല്‍സ് (2,12,100 ), പാരിസ് (1,65,000), സിഡ്‌നി (1,47,000), ഹോങ്കോങ് (1,43,400), ബീജിംഗ് (1,25,600) എന്നീ നഗരങ്ങള്‍ ആദ്യ പത്തിലെത്തി. ഗള്‍ഫ് നഗരമായ ദുബായ് 21ാം സ്ഥാനത്താണ്.