മാഡ്രിഡ്: അവസാന നിമിഷങ്ങളിൽ പുറത്തെടുത്ത അദ്ഭുത പ്രകടനത്തിന്റെ പിൻബലത്തിൽ 87-ാം മിനിട്ടുവരെ മുന്നിലായിരുന്ന ബയേൺ മ്യൂണിക്കിനെ 2-1ന് കീഴടക്കി റയൽ മാഡ്രിഡ് യൂറോപ്യൻ ചാമ്പ്യൻസ് ലീഗിന്റെ ഫൈനലിൽ എത്തി. രണ്ടാം പകുതിയിൽ പകരക്കാരനായെത്തിയ സ്പാനിഷ് സ്ട്രൈക്കർ ഹോസെലു 88-ാം മിനിട്ടിലും രണ്ടാം പകുതിയുടെ അധിക സമയത്തും (90+1) നേടിയ ഗോളുകളാണ് റയലിന് വിസ്മയ വിജയമൊരുക്കിയത്. ഇരുപാദങ്ങളിലുമായി 4-3നാണ് റയലിന്റെ ജയം. ബയേണിന്റെ തട്ടകത്തിൽ നടന്ന ആദ്യ പാദ മത്സരം ഗോൾരഹതി സമനിലയിൽ അവസാനിച്ചിരുന്നു.
ആദ്യ പകുതി ഗോൾരഹിതം
സ്വന്തം മൈതാനത്ത് റയൽ മാഡ്രിഡിനായിരുന്നു തുടക്കത്തിൽ ആധിപത്യം വിനീഷ്യസിന്റെയും റോഡ്രിഗോയുടെയും ക്രൂസിന്റെയുമെല്ലാം നീക്കങ്ങൾ പക്ഷേ ഗോളായില്ല. വിനീഷ്യസിന്റെ ഒരു ശ്രമം പോസ്റ്റിൽ തട്ടിത്തെറിച്ചു. താളം കണ്ടെത്തിയ ബയേണും പ്രത്യാക്രമണങ്ങൾ നടത്തിയെങ്കിലും ആദ്യ പകുതി ഗോൾരഹിതമായി അവസാനിച്ചു.
സംഭവബഹുലം രണ്ടാം പകുതി
ഒന്നാം പകുതിയിൽ പരിക്കേറ്റ് പുറത്തായ ഗ്നാബ്രിക്ക് പകരമെത്തിയ അൽഫോൻസോ ഡോവിസിലൂടെ 68-ാം മിനിട്ടിൽ ബയേൺ ലീഡ് നേടി. ഹാരി കേനാണ് പാസ് നൽകിയത്. 71-ാം മിനിട്ടിൽ റയൽ ഗോൾ മടക്കിയെങ്കിലും ഇതിന് മുമ്പ് നാച്ചോ കിമ്മിച്ചിനെ ഫൗൾചെയ്തെന്ന് വാർ പരിശോധനയിൽ കണ്ടെത്തി. ഗോൾ നിഷേധിക്കപ്പെട്ടു.
87-ാം മിനിട്ടിൽ
ഹോസെലുവിലൂടെ റയൽ ഒപ്പമെത്തുന്നു. വിനീഷ്യസിന്റെ ലോംഗ്റേഞ്ചർ പിടിക്കാൻ ശ്രമിച്ച ബയേൺ ഗോളി ന്യൂയിറിന്റെ കൈയിൽ തട്ടിത്തെറിച്ച പന്ത് വീണത് തൊട്ടുമുന്നിലുണ്ടായിരുന്ന ഹോസെലുവിന്റെ കാലിൽ. ഹോസെലു ടാപ് ചെയ്ത് വലകുലുക്കി.
90-1
ഹോസെലു ലീഡുയർത്തി. ബയേൺബോക്സിലെ കൂട്ടിപ്പൊരിച്ചിലിൽ റൂഡിഗറിന്റെ പാസ് വീണ്ടും ക്ലോസ് റേഞ്ച് ഷോട്ടിലൂടെ വലയിലാക്കി ഹോസെലു റയലിനെ മുന്നിലെത്തിച്ചു. വാറിന്റെ ഓഫ് സൈഡ് പരിശോധനയ്ക്ക് ശേഷം ഗോൾ അനുവദിച്ചു.
ലോംഗ് വസിലിന് തൊട്ടുമുൻപ് ബയേൺ റയലിന്റെ വലകുലുക്കിയെങ്കിലും അതിന് മുമ്പ് റഫറി ഓഫ് വിളിച്ചിരുന്നു.
റയൽ- ബൊറൂഷ്യ
ജൂൺ 2ന് ലണ്ടനിനെ വെംബ്ലിയിൽ നടക്കുന്ന ഫൈനലിൽ റയൽ മാഡ്രിഡും ബൊറൂഷ്യ ഡോർട്ട്മുണ്ടും തമ്മിൽ ആണ് പോരാട്ടം.
18-ാം തവണയാണ് റയൽ ഫൈനലിൽ എത്തുന്നത്.