പാരീസ് : ഇറാനിൽ പ്രശസ്ത സംവിധായകൻ മുഹമ്മദ് റസൂലോഫിന് എട്ട് വർഷം ജയിൽ ശിക്ഷയും ചാട്ട കൊണ്ട് അടിയും വിധിച്ചെന്ന് റിപ്പോർട്ട്. ദേശീയ സുരക്ഷ സംബന്ധമായ കുറ്റം ആരോപിച്ചാണ് നടപടി. അദ്ദേഹത്തിന് വൻ തുക പിഴ ചുമത്തിയെന്നും സ്വത്തുക്കൾ പിടിച്ചെടുക്കാൻ ഉത്തരവിട്ടെന്നും അഭിഭാഷകൻ വെളിപ്പെടുത്തി. ഭരണകൂടത്തിനെതിരായ സിനിമാ ഉള്ളടക്കത്തിന്റെ പേരിൽ റസൂലോഫ് നിരവധി തവണ അറസ്റ്റിലായിട്ടുണ്ട്.
2022ൽ കലാപ അന്തരീക്ഷം സൃഷ്ടിച്ചെന്ന പേരിൽ അറസ്റ്റിലായ റസൂലോഫിന് ഒരു വർഷം ജയിൽ ശിക്ഷ ലഭിച്ചിരുന്നു. കാൻ അടക്കം അന്താരാഷ്ട്ര വേദികളിൽ നിരവധി ബഹുമതികൾ നേടിയ സംവിധായകനാണ് റസൂലോഫ്. അദ്ദേഹത്തിന്റെ ' ദ സീഡ് ഒഫ് ദ സേക്രഡ് ഫിഗ് ' അടുത്താഴ്ച തുടങ്ങുന്ന കാൻ ഫിലിംഫെസ്റ്റിവലിൽ പ്രദർശിപ്പിക്കുന്നുണ്ട്.