
കൊച്ചി: ബ്രഹ്മപുരത്ത് ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (ബി.പി.സി.എൽ) നടപ്പാക്കുന്ന കംപ്രസ്ഡ് ബയോ ഗ്യാസ് (സി.ബി.ജി) പ്ലാന്റിന്റെ നിർമ്മാണം ആരംഭിച്ചു. 2025 ജൂണോടെ പ്ലാന്റ് സജ്ജമാക്കുകയാണ് ലക്ഷ്യം. നഗരത്തിലെ മാലിന്യങ്ങളിൽ നിന്ന് ബയോഗ്യാസ് ഉത്പാദിപ്പിക്കുന്ന പ്ലാന്റാണിത്.
ഭൂമി ഒരുക്കുന്ന പ്രവർത്തനങ്ങളാണ്പുരോഗമിക്കുന്നത്. കോർപ്പറേഷൻ കൈമാറിയ ഭൂമിയിൽ മണ്ണിട്ടുയർത്തി നിലം നിരപ്പാക്കുകയാണ്. നിർമ്മാണോദ്ഘാടനം തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടങ്ങൾക്ക് ശേഷം നടത്തും.
പഞ്ചാബ് ആസ്ഥാനമായ സെന്റർ ഫോർ എന്റർപ്രണർഷിപ്പ് ആൻഡ് ഇൻഡസ്ട്രീസ് ഡെവലപ്മെന്റ് (സി.ഇ.ഐ.ഡി) എന്ന സ്ഥാപനത്തിനാണ് കരാർ. പദ്ധതി നിർവഹണത്തിനായുള്ള 10 ഏക്കർ ഭൂമി (ബി.പി.സി.എൽ) കോർപ്പറേഷൻ കൈമാറി. കരാർ പ്രകാരം പ്ലാന്റിന്റെ കാലാവധി കണക്കാക്കുന്ന 25 വർഷം പ്ളാന്റിന്റെ നടത്തിപ്പും സംരക്ഷണവും ബി.പി.സി.എല്ലിൽ നിക്ഷിപ്തമാകും. പിന്നീടിത് 10 വർഷം വരെ നീട്ടാം. 110 കോടിയാണ് എസ്റ്റിമേറ്റ് തുക. പ്ലാന്റ് നിർമ്മാണം ഉൾപ്പെടെ ആദ്യഘട്ടത്തിനായി 81 കോടിയാണ് ചെലവ്. വർഷം തോറും 10 കോടി വരെ പ്രവർത്തന ചെലവായും കണക്കാക്കുന്നുണ്ട്.

150 ടൺ ഖരമാലിന്യം സംസ്കരിക്കാൻ ശേഷിയുള്ളതാണ് പ്ലാന്റ്. 150 ടൺ മലിന്യം സംസ്കരിക്കുന്നതിലൂടെ ആറു ടൺ വരെ സി.ബി.ജിയും 25 ടൺ ജൈവവളവും ഉത്പാദിപ്പിക്കാനാകും. ഇത് വില്പന നടത്തുന്നതിലൂടെ വർഷം 14 കോടിയാണ് ബി.പി.സി.എൽ ലക്ഷ്യം.സംസ്കരണഘട്ടത്തിൽ അവശേഷിക്കുന്ന 100 ടൺ മലിനജലം വളമാക്കി വിൽക്കാനാകുമോയെന്നും ബി.പി.സി.എൽ പഠിക്കുന്നുണ്ട്.
സാധിച്ചില്ലെങ്കിൽ 100 ടൺ ശേഷിയുള്ള മലിനജല സംസ്കരണ പ്ലാന്റ് സ്ഥാപിച്ച് വെള്ളം ശുദ്ധീകരിച്ച് പ്ലാന്റിലെ പ്രതിദിനാവശ്യത്തിന് ഉപയോഗിക്കുകയോ കടമ്പ്രയാറിലേക്ക് ഒഴുക്കിവിടുകയോ ചെയ്യും. 10,000 ലിറ്റർ വെള്ളമാണ് ദൈനംദിന പ്രവർത്തനത്തിന് ആവശ്യമുള്ളത്. തരംതിരിക്കലിലൂടെ സംസ്കരണത്തിന് ഉപയോഗിക്കാനാകാത്ത മാലിന്യങ്ങൾ ക്ലീൻ കേരള കമ്പനിക്ക് കൈമാറും. ഇതിനുള്ള പണം ബി.പി.സി.എൽ നൽകും. ക്ലീൻ കേരള ഒഴിവാക്കുന്ന മാലിന്യങ്ങൾ നിക്ഷേപിക്കാൻ കോർപ്പറേഷൻ സ്വന്തം നിലയിൽ സ്ഥലം കണ്ടെത്തി നൽകണം.
സംസ്കരണത്തിനായി നൽകുന്ന മാലിന്യത്തിന് ടിപ്പിംഗ് ഫീസായി പണം നൽകുന്ന വ്യവസ്ഥ കരാറിൽ ഒഴിവാക്കിയിട്ടുണ്ടെന്നത് കോർപ്പറേഷന് വലിയ നേട്ടമാണ്. നേരത്തെ, മാലിന്യത്തിൽ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്ന പദ്ധതി ഏറ്റെടുത്ത കരാർ കമ്പനിക്ക് ലോഡിന് 3550 രൂപ വീതം നൽകണമെന്ന് വ്യവസ്ഥയുണ്ടായിരുന്നു. ടിപ്പിംഗ് ഫീസ് ഒഴിവാക്കിയതിലൂടെ വർഷം 20 കോടി രൂപ ഈ ഇനത്തിൽ കോർപ്പറേഷന് ലഭമുണ്ടാകും.