d

ന്യൂഡൽഹി : ഇറാൻ പിടിച്ചെടുത്ത ഇസ്രയേൽ ബന്ധമുള്ള ചരക്ക് കപ്പലിലെ അഞ്ച് ഇന്ത്യക്കാരെ കൂടി മോചിപ്പിച്ചു. കപ്പൽ ജീവനക്കാരായ ഇവർ നാട്ടിലേക്ക് പുറപ്പെട്ടതായി ഇറാനിലെ ഇന്ത്യൻ എംബസി അറിയിച്ചു. കപ്പലിലുള്ള മുഴുവൻ ഇന്ത്യക്കാരെയും മോചിപ്പിക്കാനുള്ള ശ്രമം നയതന്ത്രതലത്തിൽ തുടരുകയാണ്.

ഇറാൻ - ഇസ്രയേൽ സംഘർഷത്തെ തുടർന്ന് കഴിഞ്ഞ മാസം 13നാണ് ഹോർമുർ കടലിടുക്കിൽ വച്ച് എം.എസ്.സി ഏരീസ് എന്ന ഇസ്രയേൽ ബന്ധമുള്ള ചരക്കുകപ്പൽ ഇറാൻ പിടിച്ചെടുത്തത്. മലയാളി വനിതയുൾപ്പെടെ 25 ജീവനക്കാർ കപ്പലിലുണ്ടായിരുന്നു. ഇതിൽ നാല് മലയാളികളടക്കം 17 പേർ ഇന്ത്യക്കാരാണ്. ഇതിൽ മലയാളിയായ ആൻ ടെസ ജോസഫിനെ വിട്ടയച്ചിരുന്നു. ബാക്കിയുള്ളവരുടെ കാര്യത്തിൽ അനിശ്ചിതത്വം തുടരുകയായിരുന്നു. ഇതിനിടയിൽ കഴിഞ്ഞ ദിവസങ്ങളിൽ മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചതായ വാർത്ത പുറത്തുവന്നിരുന്നു. എന്നാൽ ഇക്കാര്യത്തിൽ സ്ഥിരീകരണം വന്നിരുന്നില്ല. ഇതിനിടെയാണ് അഞ്ച് ജീവനക്കാരെ കൂടി മോചിപ്പിച്ച വാർത്ത പുറത്തുവരുന്നത്.