ടെഹ്‌റാൻ: ഇസ്രയേൽ വ്യവസായിയുടെ ഉടമസ്ഥതയിലുള്ള ' എം.എസ്.സി ഏരീസ്" ചരക്കുകപ്പലിലെ ഏഴ് ജീവനക്കാരെ ഇറാൻ ഇന്നലെ വിട്ടയച്ചെന്ന് പോർച്ചുഗൽ. അഞ്ച് പേർ ഇന്ത്യക്കാരാണ്. ഫിലിപ്പീൻസ്, എസ്റ്റോണിയ പൗരന്മാരാണ് മറ്റ് രണ്ട് പേർ. പോർച്ചുഗലിൽ രജിസ്റ്റർ ചെയ്ത കപ്പലാണ് ഏരീസ്.
ഏപ്രിൽ 13നാണ് മലയാളികൾ ഉൾപ്പെടെ 25 ജീവനക്കാരുള്ള ഏരീസിനെ ഹോർമുസ് കടലിടുക്കിൽ വച്ച് ഇറാൻ പിടിച്ചെടുത്തത്. മലയാളി ജീവനക്കാരി ആൻ ടെസ ജോസഫിനെ ഇറാൻ നേരത്തെ വിട്ടയച്ചിരുന്നു. ഇന്ത്യക്കാർ സുരക്ഷിതരാണെന്ന് വിദേശ മന്ത്രാലയം ഉറപ്പാക്കിയിരുന്നു. സിറിയൻ തലസ്ഥാനമായ ഡമാസ്‌കസിലെ ഇറാൻ കോൺസുലേറ്റ് ഇസ്രയേൽ തകർത്തതിന് പിന്നാലെ ഉടലെടുത്ത സംഘർഷങ്ങൾക്കിടെയാണ് കപ്പൽ പിടിച്ചെടുത്തത്. ജീവനക്കാരെ മോചിപ്പിച്ചെന്ന് ഇറാൻ ഈ മാസം ആദ്യം അറിയിച്ചിരുന്നു. എന്നാൽ ജീവനക്കാരെ നാട്ടിലേക്ക് അയക്കാൻ കപ്പൽ കമ്പനി തയാറാകാതിരുന്നത് മോചനം നീളാൻ കാരണമായി. മോചിതരായവർ നാട്ടിലേക്ക് തിരിച്ചെന്നാണ് വിവരം.