ന്യൂയോർക്ക്: രോഗിയുടെ തലച്ചോറിൽ ഘടിപ്പിച്ചതിന് പിന്നാലെ തങ്ങളുടെ ബ്രെയിൻ ചിപ്പിൽ പ്രശ്നങ്ങൾ നേരിട്ടിരുന്നു എന്ന വെളിപ്പെടുത്തലുമായി ഇലോൺ മസ്‌കിന്റെ ന്യൂറാലിങ്ക് കമ്പനി. മനുഷ്യന്റെ തലച്ചോറും കമ്പ്യൂട്ടറും തമ്മിൽ ആശയവിനിമയം സാദ്ധ്യമാക്കുന്നതാണ് ടെലിപ്പതി എന്നറിയപ്പെടുന്ന ചിപ്പ്.
രോഗിയുടെ തലച്ചോറിനുള്ളിൽ നിന്ന് വിവരങ്ങൾ ശേഖരിക്കാനുള്ള ചിപ്പിന്റെ ഇലക്ട്രോഡുകൾ അടങ്ങിയ ത്രെഡുകൾ മസ്തിഷ്‌ക കോശത്തിൽ നിന്ന് പിൻവാങ്ങി. ഇത് ചിപ്പിന്റെ ശരിയായ പ്രവർത്തനത്തെ ബാധിച്ചെന്നും കമ്പനി വെളിപ്പെടുത്തി. സോഫ്റ്റ്വെയർ ഫിക്സുകളിലൂടെ പ്രശ്നം പരിഹരിച്ചെന്നും കമ്പനി അറിയിച്ചു.
ജനുവരി അവസാനമാണ് മനുഷ്യന്റെ തലച്ചോറിൽ ആദ്യമായി ചിപ്പ് സ്ഥാപിച്ചത്. ശരീരം തളർന്ന രോഗിയെ ആണ് പരീക്ഷണത്തിന് തിരഞ്ഞെടുത്തത്. ശാരീരിക വൈകല്യമുള്ളവരെയും പാർക്കിൻസണും അൽഷിമേഴ്സുമടക്കം ന്യൂറോ രോഗങ്ങൾ ബാധിച്ചവരെയും ടെലിപ്പതിയുടെ സഹായത്താൽ ചിന്തകൾ കൊണ്ട് ഫോണും കമ്പ്യൂട്ടറും ഉപയോഗിക്കാൻ പ്രാപ്തമാക്കുകയാണ് ലക്ഷ്യം. ചിപ്പ് ഘടിപ്പിച്ച രോഗിക്ക് ചിന്തകൾ കൊണ്ട് കമ്പ്യൂട്ടർ മൗസിനെ നിയന്ത്രിക്കാൻ സാധിക്കുന്നതായും നില തൃപ്തികരമാണെന്നും ന്യൂറാലിങ്ക് അറിയിച്ചിരുന്നു.