കൊച്ചി: സ്വര്‍ണ വില ദിനംപ്രതി കൂടി വരികയാണ്. പവന് 53,000ന് മുകളിലാണ് കേരളത്തില്‍ നല്‍കേണ്ട വില. പണിക്കൂലിയും ജിഎസ്ടിയും ഒക്കെ ചേര്‍ത്ത് ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങുമ്പോള്‍ 60,000 രൂപയെങ്കിലും നല്‍കേണ്ടി വരും. ഒരു സ്ഥിര നിക്ഷേപം എന്ന നിലയിലാണ് നമ്മളെല്ലാം സ്വര്‍ണം വാങ്ങുന്നത്.
വാങ്ങിയ തുക നഷ്ടമാകില്ലെന്നതാണ് മറ്റൊരു ഗ്യാരന്റി. അത്യാവശ്യഘട്ടങ്ങളില്‍ സ്വര്‍ണം പണയം വച്ചും പണം സമാഹരിക്കാറുണ്ട്. ഇതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ് റിസര്‍വ് ബാങ്ക് ഇപ്പോള്‍.
സ്വര്‍ണം പണയം വച്ച് വായ്പയെടുക്കുമ്പോള്‍ 20,000 രൂപയില്‍ അധികം തുക പണമായി നേരിട്ട് കയ്യില്‍ ലഭിക്കില്ല. 20,000 എന്ന പരിധി കര്‍ശനമായി തന്നെ പാലിച്ചിരിക്കണമെന്ന് ബാങ്കിംഗ് ഇതര പണമിടപാട് സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.
20,000 ത്തിന് മുകളില്‍ അനുവദിക്കുന്ന തുക ഉപഭോക്താവിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് നല്‍കുന്നതില്‍ പക്ഷേ തടസങ്ങളോന്നുമില്ല. ഇന്ത്യയില്‍ നിലനില്‍ക്കുന്ന ആദായനികുതി നിയമപ്രകാരം വായ്പാ ദാതാക്കള്‍ക്ക് 20,000 രൂപയില്‍ അധികം പണമായി നല്‍കുന്നതിന് വിലക്കുണ്ട്. ഇത് പാലിക്കപ്പെടാറില്ലെങ്കിലും ഇനി അത് നടക്കില്ലെന്നാണ് പുതിയ നിര്‍ദേശം നടപ്പിലാകുമ്പോഴുള്ള പ്രധാന മാറ്റം.
ബാങ്ക് അവധി ദിനങ്ങള്‍, എടിഎമ്മില്‍ നിന്ന് വലിയ തുക പിന്‍വലിക്കാന്‍ സാധിക്കാതിരിക്കല്‍ തുടങ്ങിയ സാഹചര്യങ്ങള്‍ വരുമ്പോഴാണ് ഈ തീരുമാനം ബുദ്ധിമുട്ട് കൂടുതലായും സൃഷ്ടിക്കുക.