ipl

ധരംശാല: ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്‌സിനെ വീഴ്ത്തി പ്ലേ ഓഫ് പ്രതീക്ഷകള്‍ നിലനിര്‍ത്തി റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു. പഞ്ചാബ് കിംഗ്‌സിനെ 60 റണ്‍സിനാണ് ആര്‍സിബി തോല്‍പ്പിച്ചത്. ഇന്നത്തെ മത്സരത്തില്‍ തോറ്റതോടെ പ്ലേ ഓഫ് കാണാതെ മുംബയ് ഇന്ത്യന്‍സിന് പിന്നാലെ കിംഗ്‌സും പുറത്തായി. 242 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന സാം കറന്റെ ടീമിന് വിനയായത് കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ കൂട്ടത്തോടെ നഷ്ടമായതാണ്.

സ്‌കോര്‍: റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു 241-7 (20), പഞ്ചാബ് കിംഗ്‌സ് 181 -10 (17)

ഒമ്പത് ഓവര്‍ പിന്നിടുന്നതിന് മുമ്പ് രണ്ടിന് 107 എന്ന നിലയില്‍ നിന്നാണ് വിക്കറ്റുകള്‍ കൂട്ടത്തോടെ വലിച്ചെറിഞ്ഞ പഞ്ചാബ് തോല്‍വി വഴങ്ങിയത്. 27 പന്തില്‍ മൂന്ന് സിക്‌സും ഒമ്പത് ഫോറും സഹിതം 61 റണ്‍സെടുത്ത റൈലി റുസോവാണ് ടോപ് സ്‌കോറര്‍. ശശാങ്ക് സിംഗ് 37(19) വിരാട് കോഹ്ലിയുടെ തകര്‍പ്പന്‍ ത്രോയില്‍ റണ്ണൗട്ടായതും അവര്‍ക്ക് വിനയായി.

27 റണ്‍സെടുത്ത ജോണി ബെയ്‌സ്‌റ്റോ, 22 റണ്‍സെടുത്ത ക്യാപ്റ്റന്‍ സാം കറന്‍ എന്നിവര്‍ മാത്രമാണ് പിന്നീട് ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്. ആര്‍സിബിക്കായി മുഹമ്മദ് സിറാജ്, കാണ്‍ ശര്‍മ്മ, സ്വപ്‌നില്‍ സിംഗ് എന്നിവര്‍ ബൗളിംഗില്‍ തിളങ്ങി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ബംഗളൂരു തകര്‍പ്പന്‍ ഫോമില്‍ കളിക്കുന്ന വിരാട് കോഹ്ലി 92(47) രജത് പാട്ടിദാര്‍ 55(23), കാമറൂണ്‍ ഗ്രീന്‍ 46(27) എന്നിവരുടെ മികവിലാണ് പടുകൂറ്റന്‍ സ്‌കോര്‍ നേടിയത്. 18ാം ഓവറില്‍ വെറും എട്ട് റണ്‍സ് അകലെയാണ് കോഹ്ലിക്ക് അര്‍ഹിച്ച സെഞ്ച്വറി നഷ്ടമായത്. പഞ്ചാബ് കിംഗ്‌സിന് വേണ്ടി ഹര്‍ഷല്‍ പട്ടേല്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി.