pic

ലണ്ടൻ: 317 കിലോയോളം ഭാരം...മുറിയിൽ ശരീരം ചലിപ്പിക്കാനാകാതെ ഒറ്റക്കിടപ്പ്. ആരെയും വേദനിപ്പിക്കുന്നതായിരുന്നു ജേസൺ ഹോൾട്ടൻ എന്ന യുവാവിന്റെ ജീവിതം. കഴിഞ്ഞ ശനിയാഴ്ചയാണ് 34ാം പിറന്നാളിന് വെറും ഒരാഴ്ച ശേഷിക്കെ സറെ സ്വദേശിയായ ജേസൺ വിടവാങ്ങിയത്. ബ്രിട്ടനിലെ ഏറ്റവും ഭാരം കൂടിയ വ്യക്തികളിൽ ഒരാളായിരുന്നു ജേസൺ.

അമിത വണ്ണം മൂലം അവയവങ്ങൾ ഓരോന്നായി തകരാറിലായതാണ് ജേസണിന്റെ ജീവനെടുത്തത്. വൃക്കകൾ പ്രവർത്തനരഹിതമായതോടെ ഒരാഴ്ചയെ ജേസൺ ജീവിക്കൂ എന്ന് ഡോക്ടർമാർ വിധിയെഴുതിയെന്നും അതുപോലെ സംഭവിച്ചെന്നും അമ്മ ലെയ്‌സ ഓർമ്മിക്കുന്നു. അഗ്നിരക്ഷാ സേനാംഗങ്ങളുടെ സഹായത്തോടെയാണ് ജേസണെ ആശുപത്രിയിലെത്തിച്ചത്.

മൂന്നാം വയസിൽ അച്ഛൻ മരിച്ചതാണ് ജേസണിന്റെ ജീവിതം മാറ്റിമറിച്ചത്. വിഷമം മറികടക്കാൻ അമിത ഭക്ഷണത്തെ ആശ്രയിച്ചു. കൗമാരക്കാരനായിരിക്കെ ഡോണർ കെബാബും ചിപ്സുമായിരുന്നു ജേസണിന്റെ ഇഷ്ട ഭക്ഷണം. അമ്മയറിയാതെ ഇവ അമിത അളവിൽ കഴിച്ചു. പ്രഭാത ഭക്ഷണം പോലും പുറത്തുനിന്നായി.

ദിവസവും ലിറ്ററ് കണക്കിന് കാർബണേറ്റഡ് ഡ്രിങ്ക്സ് കുടിച്ചു. ജേസണിന്റെ ഭക്ഷണ ബില്ല് വർഷം 10,000 പൗണ്ടിൽ വരെയെത്തി. ദിവസവും 10,000 കാലറി ഉള്ളിലെത്തിയതോടെ ജേസണിന്റെ ശരീര ഭാരം ക്രമാതീതമായി കൂടി. അതോടൊപ്പം ശ്വാസ തടസം അടക്കം ആരോഗ്യപ്രശ്നങ്ങളുമുണ്ടായി. 2014ലാണ് ജേസൺ കിടപ്പിലായത്. നേരത്തെ മിനി സ്ട്രോക്കുകളും ജേസണ് സംഭവിച്ചിരുന്നു. ഇതിനിടെ രക്തവും കട്ടപിടിച്ചു.

2020ൽ ഫ്ലാറ്റിന്റെ മൂന്നാം നിലയിൽ ജേസൺ കുഴഞ്ഞുവീണിരുന്നു. 30ലേറെ അഗ്നിരക്ഷാ സേനാംഗങ്ങളും ക്രെയിനും ഉപയോഗിച്ചാണ് ജേസണെ പുറത്തെത്തിച്ചത്. വൻ ജനക്കൂട്ടമാണ് അത് കാണാൻ വീടിന് ചുറ്റും കൂടിയത്. തന്റെ ജീവിതത്തിലെ ഏറ്റവും ദുഃഖകരമായ സംഭവമെന്നാണ് ജേസൺ അതിനെ വിശേഷിപ്പിച്ചത്.