ചെന്നൈ: സ്‌കൂൾ പഠനം പൂർത്തിയാക്കിയ ആൺകുട്ടികൾക്ക് ഉന്നത വിദ്യാഭ്യാസത്തിന് സഹായിക്കുന്ന 'തമിഴ് പുതൽവൻ' പദ്ധതിക്ക് തമിഴ്‌നാട്ടിൽ അടുത്തമാസം തുടക്കമാകും. മാസം 1000 രൂപ വീതം സഹായമായി ആൺകുട്ടികൾക്ക് ലഭിക്കും. കുട്ടികൾക്ക് ഉന്നത വിദ്യാഭ്യാസ കോഴ്‌സുകളെക്കുറിച്ച് അവബോധം സൃഷ്‌ടിക്കുന്ന 'കല്ലൂരി കനവ്' പദ്ധതി ഉദ്‌ഘാടനം ചെയ്‌ത് സംസാരിക്കവെ ചീഫ് സെക്രട്ടറി ശിവദാസ് മീണ ആണ് ഇക്കാര്യം അറിയിച്ചത്.
മൂന്ന് ലക്ഷം കുട്ടികൾക്ക് പ്രയോജനം ചെയ്യുന്ന ഈ പദ്ധതിക്കായി 360 കോടി രൂപയാണ് തമിഴ്‌നാട് സർക്കാർ നീക്കി വച്ചിരിക്കുന്നത്. കോളേജുകളിൽ പഠിക്കുന്ന പെൺകുട്ടികൾക്ക് സാമ്പത്തിക സഹായം നൽകുന്നതിന് ആവിഷ്‌കരിച്ച 'പുതുമൈ പെൺ' പദ്ധതിയുടെ മാതൃക പിന്തുടർന്നാണ് ആൺകുട്ടികൾക്കായി പുതിയ പദ്ധതി ആവിഷ്‌കരിച്ചത്. ഈ വർഷത്തെ സംസ്ഥാന ബഡ്‌ജറ്റിൽ പ്രഖ്യാപിച്ച പദ്ധതിക്ക് ജൂൺ മാസത്തിൽ തുടക്കമാവുമെന്നും ശിവദാസ് മീണ അറിയിച്ചു.
സർക്കാർ സ്‌കൂളിൽ ആറ് മുതൽ പന്ത്രണ്ട് വരെ ക്ലാസുകളിൽ പഠിച്ച ആൺകുട്ടികൾ അംഗീകൃത സ്ഥാപനങ്ങളിൽ ബിരുദത്തിനോ പ്രൊഫഷണൽ കോഴ്‌സുകൾക്കോ ചേരുമ്പോഴാണ് പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക. പഠനച്ചെലവിനായാണ് പണം സർക്കാർ നൽകുന്നത്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുട്ടികൾക്കും ഉന്നത വിദ്യാഭ്യാസത്തിന് അവസരം ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം.
സംസ്ഥാന സർക്കാർ 2022-ൽ തുടങ്ങിയ ‘പുതുമൈ പെൺ’ പദ്ധതിയുടെ വിജയമാണ് ആൺകുട്ടികൾക്കുവേണ്ടിയും സമാനപദ്ധതി തുടങ്ങാനുള്ള പ്രേരണ. സർക്കാർ സ്കൂളുകളിൽ ആറുമുതൽ പന്ത്രണ്ടുവരെ ക്ലാസുകളിൽ പഠിച്ച പെൺകുട്ടികൾ ഉന്നതവിദ്യാഭ്യാസത്തിനു ചേരുമ്പോൾ പ്രതിമാസം 1,000 രൂപ ലഭിക്കുന്നതാണ് ‘പുതുമൈ പെൺ’ പദ്ധതി. കഴിഞ്ഞവർഷം 2,73,000 പെൺകുട്ടികൾക്ക് ഇതിന്റെ ആനുകൂല്യം ലഭിച്ചുവെന്നാണ് കണക്കാക്കുന്നത്. കോളേജുകളിൽ ചേരുന്ന പെൺകുട്ടികളുടെ എണ്ണം വർധിക്കാനും ഇത് വഴിയൊരുക്കി.
കേന്ദ്ര സർക്കാരിന്റെ കണക്കനുസരിച്ച് തമിഴ്‌നാട്ടിൽ ഉന്നതവിദ്യാഭ്യാസത്തിന് ചേരുന്ന പെൺകുട്ടികളുടെ അനുപാതം 47.3 ശതമാനവും ആൺകുട്ടികളുടേത് 46.8 ശതമാനവുമാണ്. തമിഴ് പുതൽവൻ പദ്ധതി നടപ്പാക്കുന്നതോടെ കോളേജിൽ ചേരുന്ന ആൺകുട്ടികളുടെ എണ്ണം വർദ്ധിക്കുമെന്നാണ് പ്രതീക്ഷ.