തൃശൂർ: കയ്‌പമംഗലം മൂന്നുപിടിയിൽ യുവാവിനെ ഒരു സംഘം വളഞ്ഞിട്ട് തല്ലി. അശ്വിൻ എന്ന യുവാവിനെയാണ് സംഘം ക്രൂരമായി മർദ്ദിച്ചത്. മർദ്ദനം തടയാൻ ശ്രമിച്ച ജിതിൻ എന്ന യുവാവിനും പരിക്കേറ്റു. കഴിഞ്ഞ ദിവസം വൈകുന്നേരം ആറരമണിയോടുകൂടിയായിരുന്നു സംഭവം. അശ്വിനെ യുവാക്കൾ തെരുവിലിട്ട് ക്രൂരമായി മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നതിനെ തുടർന്നാണ് പൊലീസ് ഇടപെട്ടത്.
തമ്മിൽ തല്ലിയവരെല്ലാം സുഹൃത്തുക്കളം പരിചയക്കാരുമായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. നിസാര കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് യുവാക്കൾ അശ്വിനെ മർദ്ദിച്ചത്. ഒരാളുടെ ഹെൽമറ്റും ഹെഡ്‌സെറ്റും മറ്റൊരാൾ എടുത്തതിനെച്ചൊല്ലിയുളള തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. സംഭവത്തിൽ അശ്വിൻ പരാതി നൽകിയിട്ടില്ലെങ്കിലും പൊലീസ് അന്വേഷണം നടത്തിവരികയാണ്. ആക്രമണം നടത്തിയ യുവാക്കൾ ലഹരി മാഫിയയുടെ കണ്ണികളാണോ അല്ലെങ്കിൽ ലഹരി ഉപയോഗിക്കുന്നവരാണോയെന്ന തരത്തിലുളള അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു.