കോട്ടയം: ഈ വീട്ടിൽ ഡോ.വന്ദനാ ദാസിന്റെ കളിയും ചിരിയും ഇപ്പോൾ കണ്ണീരോർമ്മകളാണ്. ആ പുഞ്ചിരിയുടെ പൂമണം ശ്വാസമാക്കി ജീവിക്കുന്ന രണ്ട് പേർ. അച്ഛൻ മോഹൻദാസും, അമ്മ വസന്തകുമാരിയും.
കഴിഞ്ഞ വർഷം ഇന്നേ ദിവസമാണ് മകൾക്കൊപ്പം അവർക്ക് സ്വന്തം ജീവിതവും നഷ്ടമായത്. പിന്നീടങ്ങോട്ട് മകൾ ആഗ്രഹിച്ചതൊക്കെ ചെയ്യുകയായിരുന്നു. വേദനയുടെ കനൽച്ചൂടിൽ നീതിക്കായി പോരാടി.
കടുത്തുരുത്തി നമ്പിച്ചിറക്കാലായിലെ വീട്ടുമതിലിൽ ഇപ്പോഴും ഡോ.വന്ദനാ ദാസ് എന്ന ബോർഡുണ്ട്. ചുവരുകളിൽ വന്ദനയുടെ ചിത്രങ്ങൾ. വന്ദന ഉപയോഗിച്ച സാധനങ്ങൾ സൂക്ഷിക്കുന്ന നിത്യസ്‌മാരകം പോലൊരു മുറി. വന്ദന ഉറങ്ങുന്ന മണ്ണിലെ തുളസിച്ചെടികൾ തളിർത്തു. അവളുടെ ചിരിപോലെ തെളിഞ്ഞ് കത്തുന്നുണ്ട് മുറ്റത്തെ അസ്ഥിത്തറയിലെ തിരികൾ.
ഇരുവരുടേയും മനസിൽ മകളുടെ ഓർമ്മകൾ മാത്രം. എപ്പോഴെങ്കിലും ഒരിറ്റ് കഞ്ഞി കുടിക്കും. ഉറങ്ങിയെന്ന് വരുത്തും. അവൾ പതിവായി വിളിച്ചിരുന്ന സമയങ്ങളിൽ നെഞ്ച് പിടയും. ഇടയ്‌ക്ക് ഞെട്ടും. മകൾ വരുമെന്ന തോന്നലിൽ വാതിൽ തുറന്നിടും. ഫോണിൽ നോക്കി അവളുടെ കളിയും ചിരിയും പാട്ടും കാണും. പൊട്ടിക്കരയും. ഒരു വർഷമായി വന്ദനയുടെ അദൃശ്യസാന്നിദ്ധ്യത്തിൽ കരളുരുകി രണ്ട് ജീവിതങ്ങൾ.
''ഞാൻ ഇപ്പോഴാണ് ഒന്നു നേരെ നിൽക്കുന്നത്. മോളുടെ സ്വപ്നത്തിന് പിന്നാലെയാണ് ഞങ്ങൾ''- വസന്തകുമാരിയുടെ കണ്ണുകൾ നിറഞ്ഞു. മേടത്തിലെ പൂരാടം നാളുകാരിയായ വന്ദന കൊല്ലപ്പെട്ടിട്ട് ഇന്നാണ് ഒരു വർഷം തികയുന്നത്. ചരമവാർഷിക ചടങ്ങുകൾ നാളിന്റെ അന്ന് കഴിഞ്ഞ ദിവസം നടത്തി. അമ്മാവൻ വിനോദിന്റെ മകൻ നിവേദ് ബലിയിട്ടു. മേമ്മുറിയിലെ ആശാഭവനിൽ അന്നദാനവും നടത്തി.
വന്ദനയുടെ ഓർമ്മയ്ക്കായി ക്ളിനിക്
വന്ദനയുടെ ആഗ്രഹ പ്രകാരം വസന്തകുമാരിയുടെ ഹരിപ്പാട് തൃക്കുന്നപ്പുഴ കായലോരത്തെ സ്ഥലത്ത് ക്ളിനിക് ഉയരുകയാണ്. എല്ലാവർക്കും സൗജന്യ ചികിത്സ നൽകാൻ ഒരു ക്ളിനിക്ക് വന്ദനയുടെ സ്വപ്നമായിരുന്നു. അത് സാക്ഷാത്കരിക്കുകയാണ് മാതാപിതാക്കൾ. വന്ദനയുടെ സുഹൃത്തുക്കളായ ഡോക്ടർമാരും സഹകരിക്കും.
'' മോളിവിടെയുണ്ട്. അത് എപ്പോഴും അനുഭവപ്പെടും. അവൾക്ക് നീതികിട്ടാൻ ആയുസ് മുഴുവൻ പോരാടും. മോളുടെ മരണത്തിൽ അധികൃതരുടെ അനാസ്ഥ ഉൾപ്പെടെ സി.ബി.ഐ അന്വേഷിക്കണം, ''-കെ.ജി.മോഹൻ ദാസ്, പിതാവ്.