ചണ്ഡീഗഢ്: പഞ്ചാബിലെ മൂന്ന് ലോക്‌സഭാ മണ്ഡലങ്ങളിൽ കൂടി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് ബിജെപി. മുൻ മന്ത്രി റാണാ ഗുർമീത് സിംഗ് സോദിയും പട്ടികയിൽ ഇടം പിടിച്ചു. ഫിറോസേപൂരിൽ നിന്നാണ് സോദി മത്സരിക്കുക. അനന്ദപൂർ സാഹിബിൽ സുഭാഷ് ശർമ്മയെയാണ് പാർട്ടി നിയോഗിച്ചിരിക്കുന്നത്. സംഗരൂറിൽ അഗവിന്ദ് ഖന്ന ബിജെപിക്കുവേണ്ടി ജനവിധി തേടും. ജൂൺ ഒന്നിനാണ് പഞ്ചാബിൽ തിരഞ്ഞെടുപ്പ് നടക്കുക. 13 ലോക്‌സഭാ സീറ്റുകളിലേക്കാണ് മത്സരം.
ശിരോമണി അകാലിദളുമായുളള പിളർപ്പിന് ശേഷം ബിജെപി പഞ്ചാബിൽ ഒറ്റയ്‌ക്ക് മത്സരിക്കുന്നുവെന്ന പ്രത്യേകതയും ഇത്തവണത്തെ തിരഞ്ഞെടുപ്പിനുണ്ട്.
അഞ്ചുവർഷത്തിനിടെ സംസ്ഥാന രാഷ്‌ട്രീയത്തിലുണ്ടായ മാറ്റങ്ങളറിയാൻ സിറ്റിംഗ് എം.പി പ്രണീത് കൗർ തന്നെ ഉദാഹരണം. 2019ൽ കോൺഗ്രസ് ടിക്കറ്റിൽ ജയിച്ചാണ് കൗർ ലോക്‌സഭയിലെത്തിയത്. മുൻ മുഖ്യമന്ത്രി ക്യാപ്ടൻ അമരീന്ദറിന്റെ ഭാര്യയായ കൗർ പക്ഷേ ഇത്തവണ ബി.ജെ.പി സ്ഥാനാർത്ഥിയാണ്. അമരീന്ദർ 2022ൽ ബി.ജെ.പിയിലെത്തിയെങ്കിലും ഭാര്യ കോൺഗ്രസിൽ തുടർന്നിരുന്നു. ഒടുവിൽ അച്ചടക്ക ലംഘനമാരോപിച്ചാണ് കോൺഗ്രസ് അവരെ പുറത്താക്കിയത്. കഴിഞ്ഞ മാർച്ചിലാണ് കൗറും ബി.ജെ.പിയിലെത്തിയത്.
2019ൽ കൗർ 1.6 ലക്ഷത്തിലധികം വോട്ടുകൾക്കാണ് അകാലിദളിന്റെ സുർജിത് സിംഗ് രഖ്‌രയെ പരാജയപ്പെടുത്തിയത്. കൗർ ബി.ജെ.പിയിലെത്തിയപ്പോൾ പ്രതിരോധിക്കാൻ കോൺഗ്രസ് കൊണ്ടുവന്ന ധരംവീർ ഗാന്ധിയും മണ്ഡലത്തിന് പരിചയമുള്ള ആളാണ്. ആം ആദ്മി പാർട്ടിയുടെ മുൻ എം.പിയായ ഇദ്ദേഹം ഇക്കഴിഞ്ഞ ഏപ്രിൽ ഒന്നിനാണ് കോൺഗ്രസിൽ അംഗത്വമെടുത്തത്.
കോൺഗ്രസിനും ബി.ജെ.പിക്കും വെല്ലുവിളിയായി ആംആദ്‌മി പാർട്ടിയുടെ ബൽബീർ സിംഗും മത്സരിക്കുന്നു. 2014ൽ ആപ്പിൽ ചേർന്ന അദ്ദേഹം 2017ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ അന്ന് കോൺഗ്രസിലായിരുന്ന ക്യാപ്ടൻ അമരീന്ദർ സിംഗിനോട് പട്യാല റൂറൽ അസംബ്ലി മണ്ഡലത്തിൽ പരാജയപ്പെട്ടിരുന്നു. എന്നാൽ 2022ൽ അവിടെ ജയിച്ച് ഭഗവന്ത് സിംഗ് മാൻ മന്ത്രിസഭയിലെ അംഗമായി.