jai-anmol-ambani

നിങ്ങളുടെ മനസും ആത്മാവും അർപ്പിച്ചാൽ അസാധ്യമായി ഒന്നുമില്ലെന്ന് തെളിയിച്ച ഇന്ത്യ കണ്ട ഏറ്റവും വലിയ വ്യവസായിയായിരുന്നു ധീരുഭായ് അംബാനി. ചെറിയ ഒരു തുടക്കത്തിലൂടെ ലോകം കണ്ട ഏറ്റവും വലിയ കോടീശ്വരനാകാൻ അദ്ദേഹത്തിന് സാധിച്ചു. പിന്നീട് അദ്ദേഹം പടുത്തുയർത്തിയ സാമ്രാജ്യം മക്കളായ അനിൽ അംബാനിക്കും മുകേഷ് അംബാനിക്കും കൈമാറി.

ഇന്ന് ലോകം ശ്രദ്ധിക്കപ്പെടുന്ന ഏറ്റവും വലിയ കോടീശ്വരനായി മുകേഷ് മാറി. എന്നാൽ പരാജയപ്പെട്ടവൻ എന്ന പേരാണ് അനിൽ അംബാനിക്ക് ലോകം ചാർത്തിയത്. ടു ജി സ്‌പെക്ട്രം, ദക്ഷിണാഫ്രിക്കൻ ടെലികോം ഭീമനായ എംടിഎന്നുമായുള്ള കരാർ, കോടികളുടെ ലോൺ എല്ലാം അനിലിന് തിരിച്ചടിയായി. ഒടുവിൽ യുകെ കോടതിയിൽ താൻ പാപ്പരാണെന്നും എല്ലാം വിറ്റ് കേസ് നടത്തുകയാണെന്നും അനിൽ പ്രഖ്യാപിച്ചു.

അനിൽ തിരിച്ചടികളുടെ ഇടയിൽ വീർപ്പുമുട്ടുമ്പോഴും സഹോദരൻ മുകേഷ് വിജയത്തിന്റെ ഓരോ പടികളും കയറുകയായിരുന്നു. രണ്ട് സഹോദരങ്ങളുടെയും വിജയത്തെയും പരാജയത്തെയും ലോകം താരതമ്യം ചെയ്യാൻ തുടങ്ങി. മുകേഷ് അംബാനിയുടെ ബിസിനസ് സാമ്രാജ്യം ആര് നയിക്കുമെന്ന ചോദ്യത്തിന് ഇഷ, ആകാശ്, അനന്ത് എന്നിങ്ങനെ മൂന്ന് പേരുകൾ ഓരോ ദിവസവും വാർത്തകളുടെ തലക്കെട്ടിൽ ഉയർന്നു കേട്ടു. എന്നാൽ അനിൽ അംബാനിയുടെ സാമ്രാജ്യം ആര് നയിക്കുമെന്ന് ആയപ്പോൾ, ആ ഉത്തരവും കഥയും വെറും പുസ്തകത്തിൽ മാത്രം ഒതുങ്ങി. ഇനി പറയുന്നത് അനിലിന്റെ മകൻ ജയ് അൻമോൽ അംബാനിയെക്കുറിച്ചാണ്...

അനിൽ അംബാനിക്ക് സംഭവിച്ചത്
2020 ഫെബ്രുവരിയിൽ, അനിൽ അംബാനി വിവിധ നിയമ പോരാട്ടങ്ങളിൽ പങ്കാളിയായി യുകെ കോടതിയിൽ പാപ്പരത്തത്തിനായി അപേക്ഷ നൽകിയത്. ഒരുകാലത്ത് 1.83 ലക്ഷം കോടി രൂപയിൽ കൂടുതലുള്ള ആസ്തിയുമായി ആഗോളതലത്തിൽ ആറാമത്തെ സമ്പന്നനായി സ്ഥാനം നേടിയ അനിൽ അംബാനിയുടെ സമ്പത്ത് ഗണ്യമായി കുറയുന്നത് ബിസിനസ് ലോകം കണ്ടു. ജീവിതത്തിൽ എല്ലാം നഷ്ടപ്പെട്ട് തുടർച്ചയായി വെല്ലുവിളികൾ നേരിടുന്ന അവസ്ഥയിലേക്ക് അനിൽ അംബാനി എത്തി. എന്നാൽ അനിലിന് ശുഭാപ്തി വിശ്വാസത്തിന്റെ ഉറവിടമായി അദ്ദേഹത്തിന്റെ മകൻ ജയ്‌മോൽ അംബാനി ഉയർന്നുവന്നു.

jai-anmol-ambani

ആരാണ് ജയ്‌ അൻമോൽ അംബാനി?

അനിൽ അംബാനിയുടെ മൂത്ത മകനായ അൻമോൽ അംബാനി, മുംബയിലെ കത്തീഡ്രൽ, ജോൺ കോണൺ സ്‌കൂളുകൾ തുടങ്ങിയ പ്രശസ്ത സ്ഥാപനങ്ങളിൽ വിദ്യാഭ്യാസം നേടി, പിന്നീട് യുകെയിലെ സെവൻ ഓക്സ് സ്‌കൂളിൽ ചേർന്നു. ഒരു പ്രബലമായ കുടുംബത്തിൽ ജനിച്ചെങ്കിലും കടുത്ത വെല്ലുവിളികൾ നിറഞ്ഞതായിരുന്നു അൻമോലിന്റെ യാത്ര. ചെറുപ്പം മുതൽ കുടുംബ ബിസിനസിന്റെ ചുമതലകൾ ഏറ്റെടുത്തു. റിലയൻസ് ക്യാപിറ്റലിൽ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കാൻ അൻമോൽ ആരംഭിച്ചു.

റിലയൻസ് മ്യൂച്വൽ ഫണ്ടിൽ ഇന്റേൺ ആയി തന്റെ 18ാം വയസ്സിൽ യാത്ര ആരംഭിച്ച അൻമോൾ വിവിധ റോളുകൾ വഹിച്ച് കമ്പനിയുടെ മുന്നേറ്റത്തിനായി പ്രവർത്തിച്ചു. 2016ൽ റിലയൻസ് ക്യാപിറ്റലിന്റെ ബോർഡിൽ അഡീഷണൽ ഡയറക്ടറായി. മാനേജ്‌മെന്റ് കഴിവുകളുടെയും നൂതനമായ കാഴ്ചപ്പാടുകളുടെയും പേരിൽ അൻമോലിന് പ്രശംസകൾ തേടിവരാൻ തുടങ്ങി. പിന്നാലെ റിലയൻസ് നിപ്പോൺ ലൈഫ് അസറ്റ് മാനേജ്‌മെന്റ്, റിലയൻസ് ഹോം ഫിനാൻസ് എന്നിവയുടെ ബോർഡുകളിലും സ്ഥാനങ്ങൾ അദ്ദേഹം ഏറ്റെടുത്തു.

jai-anmol-ambani

2010ന്റെ തുടക്കത്തിലാണ് അനിൽ അംബാനി സാമ്പത്തികമായ പ്രശ്നങ്ങൾ നേരിട്ട് തുടങ്ങിയത്. എന്നാൽ ഒരു പുത്തൻ പ്രതീക്ഷയായി അൻമോൽ അംബാനി കടന്നുവന്നതോടെ കാര്യങ്ങൾ എല്ലാം മാറി. റിലയൻസ് ഗ്രൂപ്പിനുള്ളിലെ പ്രവർത്തനങ്ങളുടെ ചുമതല ഏറ്റെടുത്ത, അൻമോലിന്റെ തന്ത്രപരമായ നീക്കങ്ങൾ സ്‌റ്റോക്ക് മാർക്കറ്റിൽ 40 ശതമാനം വളർച്ച നേടാൻ കമ്പനിയെ സഹായിച്ചു. ഇത് അനിൽ അംബാനിയിൽ നിന്നും വലിയ പ്രശംസ നേടാൻ കാരണമായി.

റിലയൻസിലെ തങ്ങളുടെ ഓഹരികൾ വർദ്ധിപ്പിക്കാൻ ജാപ്പനീസ് കമ്പനിയായ നിപ്പോണിനെ അദ്ദേഹം പ്രേരിപ്പിച്ചു. ഇതിന്റെ ഫലമായി റിലയൻസ് ഇൻഷൂറൻസ്, റിലയൻസ് ക്യാപ്പിറ്റൽ അസറ്റ് മാനേജ്‌മെന്റ് എന്നീ രണ്ട് സംരഭങ്ങൾ സ്ഥാപിക്കപ്പെട്ടു. ഇതോടെ വെല്ലുവിളി നേരിട്ട അനിൽ അംബാനിയുടെ കുടുംബ ബിസിനസ് ചെറുതായി ഉയർത്തെഴുന്നേൽക്കാൻ തുടങ്ങി. ഏറ്റവും അവസാനമായി പുറത്തുവന്ന റിപ്പോർട്ട് പ്രകാരം ജയ് അൻമോൽ അംബാനിയുടെ ബിസിനസ് സാമ്രാജ്യത്തിന്റെ ആസ്തി 20,000 കോടിയോളം വരുമെന്നാണ്.

ആഡംബര ജീവിതത്തിന് നയിക്കാൻ ഇഷ്ടപ്പെടുന്ന അൻമോൽ അംബാനിക്ക് ലംബോർഗിനി ഗല്ലാർഡോ, റോൾസ് റോയ്സ് ഫാന്റം തുടങ്ങിയ ആഡംബര കാറുകൾ ഉൾപ്പെടെ ഉയർന്ന മൂല്യമുള്ള സ്വത്തുക്കളുടെ ഒരു നിര തന്നെയുണ്ട്. യാത്ര ആവശ്യങ്ങൾക്കായി ജെറ്റുകളും ഹെലികോപ്റ്ററുകളും അദ്ദേഹത്തിനുണ്ടെന്നാണ് റിപ്പോർട്ട്.