ബംഗളൂരു: വിവാഹം നീട്ടിവച്ചതിന് 15കാരിയെ 32കാരൻ കഴുത്തറുത്ത് കൊലപ്പെടുത്തി. കർണാടകയിലെ കുടക് ജില്ലയിലെ മുട്‌ലു സ്വദേശിനിയായ പെൺകുട്ടിക്കാണ് ദാരുണാന്ത്യം ഉണ്ടായത്. കഴിഞ്ഞ ദിവസം രാത്രിയിയോടെയായിരുന്നു സംഭവം. പെൺകുട്ടിയെ കൊന്ന് തലയുമായാണ് പ്രതിയായ പ്രകാശ് രക്ഷപ്പെട്ടത്.
കഴിഞ്ഞ ദിവസം പ്രതിയും പെൺകുട്ടിയുമായുളള വിവാഹനിശ്ചയ ചടങ്ങുകൾ നടന്നിരുന്നു. ഇതിനിടെ പെൺകുട്ടിയുടെ വീട്ടിലേക്ക് വനിതാ ശിശുവികസന ഉദ്യോഗസ്ഥർ എത്തുകയും ചടങ്ങുകൾ തടയുകയും ചെയ്തു. ബാല്യവിവാഹം നിയമപരമായി തെറ്റാണെന്ന് മാതാപിതാക്കൾക്ക് നിർദ്ദേശം നൽകിയതിന് ശേഷമാണ് ഉദ്യോഗസ്ഥർ മടങ്ങിയത്. ഇതോടെ ഇരയുടെ മാതാപിതാക്കൾ വിവാഹത്തിൽ നിന്നും പിൻമാറുകയായിരുന്നു.
രാത്രിയോടെ പ്രകാശ് പെൺകുട്ടിയുടെ വീട്ടിൽ അതിക്രമിച്ച് കയറി മാതാപിതാക്കളെ പരിക്കേൽപ്പിച്ചതിനുശേഷം പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകുകയായിരുന്നു. വീട്ടുകാരും നാട്ടുകാരും നടത്തിയ തിരച്ചിലിൽ തലയില്ലാത്ത പെൺകുട്ടിയുടെ മൃതദേഹമാണ് മുട്‌ലുവിനടുത്തുളള വനത്തിൽ നിന്നും കണ്ടെടുത്തതെന്ന് പൊലീസ് അറിയിച്ചു. പ്രതിക്കായുളള തിരച്ചിൽ പുരോഗമിക്കുകയാണ്. ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ മാതാപിതാക്കൾ ആശുപത്രിയിൽ ചികിത്സയിലാണ്. അവരിൽ നിന്നും മൊഴി ശേഖരിച്ചതിനുശേഷം വിശദമായ അന്വേഷണം നടത്തുമെന്നും പൊലീസ് പറഞ്ഞു.
പെൺകുട്ടി പത്താം ക്ലാസിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥിനിയായിരുന്നുവെന്ന് കുടക് എസ്‌പി കെ രാമരാജൻ പറഞ്ഞു.