sharjah

ഷാർജ: അംഗപരിമിതർക്ക് പുതിയ സൗകര്യമൊരുക്കി ഷാ‌ർജ ഭരണകൂടം. ഇനിമുതൽ ശാരീരിക ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് പൊതുയിടങ്ങളിൽ സൗജന്യമായി പാ‌ർക്കിംഗ് ലഭിക്കും. ഇതിനായി നിലവിലുണ്ടായിരുന്ന ഐഡി കാർഡ് സംവിധാനം കൂടുതൽ കാര്യക്ഷമമാക്കി. കാറിന്റെ വിൻഡ് ഷീൽഡിൽ പതിപ്പിച്ചിരുന്ന ഐഡി കാർഡ് സ്കാൻ ചെയ്‌താണ് പാർക്കിംഗ് ലഭ്യമാക്കിയിരുന്നത്. എന്നാൽ സ്കാനിംഗ് ഉപകരണങ്ങൾക്കും ക്യാമറകൾക്കും പലപ്പോഴും കൃത്യമായി ഇത് ലഭിക്കാത്തതിനെ തുടർന്ന് അംഗപരിമിതർ ബുദ്ധിമുട്ട് നേരിട്ടിരുന്നു. പുതിയ സംവിധാനത്തോടെ ഈ അവസ്ഥയ്‌ക്ക് പരിഹാരമാകും.

പുതുതായി നൽകുന്ന പിഒഡി കാർഡുകൾ ഷാർജ മുനിസിപ്പാലിറ്റിയുമായി ബന്ധിപ്പിക്കും. ഇതിലൂടെ വാഹനങ്ങളുടെ നമ്പർ പ്ളേറ്റ് സ്കാൻ ചെയ്യുമ്പോൾ തന്നെ ഉടമസ്ഥനെ തിരിച്ചറിയാനാകും. വളരെ എളുപ്പത്തിൽ വാഹനം പാർക്ക് ചെയ്യുന്നതിന് അനുമതി ലഭിക്കുകയും ചെയ്യും. പലപ്പോഴും ശരിയായ ഇടങ്ങളിൽ പാർക്ക് ചെയ്യാത്തതിന്റെ പേരിൽ അംഗപരിമിതർ ഷാ‌ർജയിൽ പിഴ അടക്കമുള്ള ശിക്ഷാ നടപടികൾക്ക് വിധേയരാകുന്ന സാഹചര്യത്തിലാണ് പുതിയ സംവിധാനം ഏർപ്പെടുത്തുന്നതെന്ന് ഷാർജ മുനിസിപ്പാലിറ്റിയിലെ പബ്ളിക് പാർക്കിംഗ് ഡയറക്‌ടർ ഹമീദ് അൽ ഖയ്‌ദ് വ്യക്തമാക്കി.

പുതിയ സംവിധാനം പ്രയോജനപ്പെടുത്തുന്നതിന് ഇന്റഗ്രേറ്റഡ് പബ്ളിക് പാർക്കിംഗ് സിസ്‌റ്റത്തിൽ രജിസ്‌റ്റർ ചെയ്യണം. തുടർന്ന് നഗരത്തിലെ എല്ലാ പാർക്കിംഗ് ഇടങ്ങളും സൗജന്യമായി ഉപയോഗിക്കാൻ അംഗപരിമിതകർക്ക് സാധിക്കും.