എത്രയൊക്കെ വീടിന്റെ മുക്കും മൂലയും വൃത്തിയാക്കാലും തൊട്ടുപിറ്റേന്ന് തന്നെ ചിലപ്പോൾ അകത്തളങ്ങളിൽ ചിലന്തി വല കാണാം. ആർക്കായാലും ദേഷ്യം തോന്നും. മാത്രമല്ല ചിലന്തി വിഷം മിക്കവരിലും അലർജിയുണ്ടാക്കും. തൊലിയിൽ തടിപ്പും മറ്റും വരാം. അതിനാൽത്തന്നെ ചിലന്തിയെ വീട്ടിൽ നിന്ന് തുരത്തേണ്ടത് അത്യന്താപേക്ഷികമാണ്.
ചിലന്തിയെ അകറ്റാനുള്ള ചില പൊടിക്കൈകൾ നമ്മുടെ കൈയിൽത്തന്നെയുണ്ട്. പുകയിലയാണ് ഇവയെ തുരത്താനുള്ള ഏറ്റവും നല്ല സാധനം. ഇത് ചെറിയ കഷ്ണങ്ങളാക്കി ചിലന്തിയുടെ സാന്നിദ്ധ്യമുള്ളയിടങ്ങളിൽ കൊണ്ടുവച്ചാൽ അവയെ തുരത്താം. അല്ലെങ്കിൽ പുകയില പൊടിച്ച്. കുറച്ച് വെള്ളത്തിലിട്ട് നേർപ്പിച്ചെടുക്കുക, ഇനി ഈ മിശ്രിതം ഒരു സ്‌പ്രേ ബോട്ടിലിലാക്കി ചിലന്തിയുടെ ശല്യമുള്ളയിടങ്ങളിൽ തളിച്ചുകൊടുക്കാം. ഇങ്ങനെയും ചിലന്തിയെ ഓടിക്കാം.
വെളുത്തുള്ളി ഉപയോഗിച്ചും ചിലന്തിയെ തുരത്താൻ കഴിയും. വെളുത്തുള്ളി നീരും വെള്ളവും യോജിപ്പിച്ച് വീടിനുള്ളിൽ ആഴ്ചയിൽ മൂന്ന് തവണ തളിച്ചുകൊടുത്താൽ മതി. വിനാഗിരിയും പുതീന നീരും യോജിപ്പിച്ച് ചിലന്തിയുള്ളയിടങ്ങളിൽ സ്‌പ്രേ ചെയ്തുകൊടുക്കുന്നതുവഴിയും ചിലന്തിയെ അകറ്റാം.
പുതീന ഉണക്കിയ ശേഷം നന്നായി പൊടിച്ചെടുക്കുക. ശേഷം വെള്ളം ചേർത്ത് യോജിപ്പിച്ച ശേഷം സ്‌പ്രേ ബോട്ടിലിലാക്കുക. ഇനി ഇത് വിവിധയിടങ്ങളിൽ തളിച്ചുകൊടുക്കുക. ഇതുവഴിയും ചിലന്തിയെ പടികടത്താം.