coal

ന്യൂഡൽഹി: ഇന്ത്യയുടെ കൽക്കരി ഉപയോഗിച്ചുള്ള വൈദ്യുതോൽപ്പാദനവും ഊർജ മേഖലയിലെ പുറംതള്ളലും വർഷത്തിന്റെ ആദ്യ പാദത്തിൽ റെക്കോർഡ് ഉയരത്തിലെത്തിയതായി റിപ്പോർട്ട്. താപനില ഉയർന്നുവരുന്നതിനെ തുടർന്നുണ്ടാക്കുന്ന അമിത വൈദ്യുതി ഉപഭോഗത്തിനിടെയാണ് ഇങ്ങനെ ഒരു റിപ്പോർട്ട് പുറത്തുവരുന്നത്. കൽക്കരി ഉപയോഗിച്ചുള്ള വൈദ്യുതി ഉൽപ്പാദനം 2024ന്റെ ആദ്യ പാദത്തിൽ മണിക്കൂറിൽ 338 ടെറാവാട്ട് എത്തി. 2023 ഇതേ പാദവുമായി താരതമ്യം ചെയ്യുമ്പോൾ 9.6 ശതമാനം വർദ്ധനയാണ് രേഖപ്പെടുത്തിയത്. ഇതോടൊപ്പം വൈദ്യുതി മേഖലയിലെ ആകെ പുറംതള്ളൽ അതേ അളവിൽ ഉയർന്ന് 316 ദശലക്ഷം മെട്രിക് ടണ്ണിലെത്തിയെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

വൈദ്യുതി ഉൽപ്പാദനത്തിൽ ഇന്ത്യ 70 ശതമാനവും ആശ്രയിക്കുന്നത് കൽക്കരിയെയാണ്. രാജ്യത്ത് പൊതുതിരഞ്ഞെടുപ്പ് നടക്കുന്നതിനാൽ ലോഡ് ഷെഡ്ഡിംഗ് അടക്കുള്ളവ ഒഴിവാക്കാൻ ശ്രമിക്കുന്നത് കൊണ്ട് തന്നെ വൈദ്യുതി ക്ഷാമം രൂക്ഷമാണ്. വേൽക്കാലത്ത് ജലവൈദ്യുത ഉൽപ്പാദനം കുത്തനെ കുറഞ്ഞിരുന്നു. അതുകൊണ്ട് ഏപ്രിലിൽ കൽക്കരിയുടെ വിഹിതം ഇന്ത്യ ഉയർത്തിയിരുന്നു.

2023 ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് ഏകദേശം 2 ശതമാനം പോയിന്റ് വർദ്ധിച്ച്, ഏപ്രിൽ ആദ്യ വാരത്തിൽ ഇന്ത്യയുടെ വൈദ്യുതി ഉൽപാദനത്തിൽ കൽക്കരിയുടെ പങ്ക് 77 ശതമാനം ആയി ഉയർന്നെന്നും കണക്കുകൾ വ്യക്തമാക്കുന്നു. ബ്ലൂംബെർഗിനെ ഉദ്ധരിച്ച ഗ്രിഡ് കൺട്രോളർ ഓഫ് ഇന്ത്യയാണ് ഈ കണക്ക് പുറത്തുവിട്ടത്. രാജ്യത്തെ ഉയർന്ന കൽക്കരി ഉപയോഗം വളരെ കുറഞ്ഞ വൈദ്യുതി ഉൽപാദനത്തിന് പരിഹാരമായിരുന്നു. 2023ലെ അതേ മാസത്തെ അപേക്ഷിച്ച് മാർച്ചിൽ ജലവൈദ്യുത ഉൽപാദനം 11 ശതമാനം ഇടിഞ്ഞതായി കണക്കുകൾ വ്യക്തമാക്കുന്നുണ്ട്.

അതുകൊണ്ട് തന്നെ ജലവൈദ്യുത ഉത്പാദനം കുറവായതിനാൽ, 14 വർഷത്തിനിടയിലെ ഏറ്റവും വലിയ വൈദ്യുതി ക്ഷാമം ജൂണിൽ ഇന്ത്യ പ്രതീക്ഷിക്കുന്നതായി സർക്കാർ വൃത്തങ്ങൾ റോയിട്ടേഴ്സിനോട് പറഞ്ഞു. കൂടാതെ കൽക്കരിയുടെ ഉപയോഗം വർദ്ധിക്കുന്നത് മലിനീകരണം വർദ്ധിക്കാനും കാരണമാകും.

അതേസമയം, ക്രൂഡ് ഓയിൽ വിലയിലും വലിയ മാറ്റങ്ങളുണ്ടാകുമെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. കഴിഞ്ഞ ദിവസം 82 ഡോളറിലെത്തിയ ക്രൂഡ് ഓയിൽ വില 85 ഡോളറിലേക്ക് അടുക്കുകയാണ്. ഇപ്പോഴത്തെ വർദ്ധനവിന് പ്രധാന കാരണം ഡിമാൻഡ് ആശങ്കകളാണ്. ക്രൂഡ് ഓയിൽ വില ബാരലിന് 100 ഡോളറിൽ എത്തിക്കാനുള്ള നീക്കം സൗദിയുടെ ഭാഗത്ത് നിന്നുണ്ടാകുമെന്ന് ഐഎംഎഫ് വ്യക്തമാക്കിയിരുന്നു.