വെഞ്ഞാറമൂട്: ബ്രത്ത് അനലൈസർ ടെസ്റ്റ് നടത്തുന്നതറിഞ്ഞ് ഇന്നും വെഞ്ഞാറമൂട് ഡിപ്പോയിലെ നാല് ഡ്രൈവർമാർ മുങ്ങി. ഇത് കാരണം നാല് ഷെഡ്യൂളുകൾ മുടങ്ങി. സാധാരണക്കാരായ ജനങ്ങൾ ഏറെ ആശ്രയിക്കുന്ന ഇടറോഡുകളിലുള്ള സർവീസുകളാണ് മുടങ്ങിയത്. ഇവയെല്ലാം തന്നെ നല്ല വരുമാനം ലഭിക്കുന്ന സർവീസുകളായിരുന്നു. ഇന്ന് രാവിലെ നടത്തിയ ബ്രത്ത് അനലൈസർ ടെസ്റ്റിൽ ഒരു ഡ്രൈവർ പരാജയപ്പെട്ടതായും വിവരമുണ്ട്.
ഇന്നലെയും സമാനമായ സംഭവം ഉണ്ടായിരുന്നു. ബ്രത്ത് അനലൈസർ ടെസ്റ്റ് നടത്തുന്നതറിഞ്ഞ് ഡ്യൂട്ടി ഏറ്റിരുന്ന ഡ്രൈവർമാർ മുങ്ങിയതിന് പിന്നാലെ നിരവധി സർവീസുകളാണ് മുടങ്ങിയത്. മികച്ച വരുമാനം ലഭിക്കുന്ന ബൈപ്പാസ് സർവീസുകൾ ഉൾപ്പടെ ആറുസർവീസുകളാണ് മുടങ്ങിയത്. അതിനാൽ വരുമാനത്തിൽ ഒരുലക്ഷം രൂപയോളം കുറയുമെന്നാണ് ഡിപ്പോ അധികൃതർ കേരള കൗമുദി ഓൺലൈനോട് പറഞ്ഞത്.
പത്ത് ഡ്രൈവർമാരുടെ കുറവുള്ളപ്പോഴാണ് ഇന്നലെ ആറ് ഡ്രൈവർമാർ അനധികൃതമായി മുങ്ങിയത്. ഇവർക്ക് ലീവ് മാർക്കുചെയ്യുകയും, മേലധികാരികൾക്ക് റിപ്പോർട്ട് ചെയ്യുകയും ചെയ്തിട്ടുണ്ടെന്നാണ് ഡിപ്പോ അധികൃതർ അറിയിക്കുന്നത്. ജില്ലയിലെ തന്നെ മികച്ച വരുമാനമുള്ള ഡിപ്പോകളിലൊന്നാണ് വെഞ്ഞാറമൂട്.
ഇന്നലെ രാവിലെയാണ് പരിശോധനയ്ക്ക് അധികൃതർ എത്തിയത്. ഫോൺ വഴിയും മറ്റും വിവരം അറിഞ്ഞതോടെ ഡ്യൂട്ടിക്ക് എത്താതെ ഡ്രൈവർമാർ മുങ്ങുകയായിരുന്നു. പരിശോധനയിൽ കുടുങ്ങുമെന്ന് ഉറപ്പായതിനാലാണ് ഇവർ മുങ്ങിയതെന്നാണ് കരുതുന്നത്. പരിശോധനയ്ക്ക് വിധേയനായ ഒരാൾ ഇന്നലെ പരാജയപ്പെട്ടിരുന്നു.
അടുത്തിടെ ഗതാഗതമന്ത്രി ഗണേശ് കുമാറിന്റെ മണ്ഡലമായ പത്തനാപുരം ഡിപ്പോയിൽ മദ്യപിച്ച് ഡ്യൂട്ടിക്കെത്തുന്നവരെ പിടികൂടാൻ കെ.എസ്.ആർ.ടി.സി വിജിലൻസ് സംഘം നടത്തിയ പരിശോധനയിൽ രണ്ടു ഡ്രൈവർമാർ കുടുങ്ങിയിരുന്നു. പരിശോധന നടത്തുന്നതറിഞ്ഞ് ഡ്യൂട്ടി ഏറ്റിരുന്ന 12 ഡ്രൈവർമാർ മുങ്ങുകയും ചെയ്തിരുന്നു. ഇതോടെ 14 സർവീസുകളാണ് ഇന്നലെ രാവിലെ മുടങ്ങിയത്. കൊട്ടാരക്കര ഡിപ്പോയിൽ നിന്ന് ഈ മേഖലകളിലേക്ക് പിന്നീട് അധിക സർവീസുകൾ നടത്തിയാണ് പ്രശ്നം പരിഹരിച്ചത്.
മദ്യപിച്ച് ഡ്യൂട്ടിക്കെത്തുന്നവരെ പിടികൂടാൻ കെഎസ്ആർടിസി സംസ്ഥാന വ്യാപകമായി പരിശോധന നടത്തുന്നുണ്ട്. നിരവധി പേരാണ് ഇതിൽ പിടിയിലാവുന്നത്.