arvind-kejriwal

ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിൽ അറസ്റ്റിലായ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീം കോടതി. ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കേജ്‌രിവാളിന് ഇടക്കാല ജാമ്യം അനുവദിക്കുമെന്ന് സുപ്രീംകോടതി മുൻപ് സൂചിപ്പിച്ചിരുന്നു.

ജാമ്യം നൽകുന്നതിന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ശക്തമായി എതിർത്തിരുന്നു. ജൂൺ ഒന്നുവരെയാണ് അദ്ദേഹത്തിന് ജാമ്യ കാലാവധി അനുവദിച്ചിരിക്കുന്നത്. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദീപാങ്കർ എന്നിവരാണ് ഉത്തരവിട്ടത്. ഡൽഹിയിൽ ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കേജ്‌രിവാളിന് ജാമ്യം ലഭിച്ചത് ആംആദ്മി പാർട്ടിക്കും ഇന്ത്യാ മുന്നണിക്കും ആശ്വാസം നൽകിയിരിക്കുകയാണ്.

മദ്യനയ കേസിൽ ഇഡിയുടെ അറസ്റ്റ് നിയമവിരുദ്ധമാണെന്ന് ചൂണ്ടികാട്ടിയാണ് കേജ്‌രിവാൾ സുപ്രീംകോടതിയിൽ ഹ‍ർജി നൽകിയിരുന്നത്. അരവിന്ദ് കേജ്‌രിവാൾ ഇന്ന് തന്നെ പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷയെന്നും അഭിഭാഷകർ പ്രതികരിച്ചിട്ടുണ്ട്.

മാർച്ച് 21ന് രാത്രി ഒമ്പത് മണിയോടെയാണ് ഇഡി അരവിന്ദ് കേജ്‍രിവാളിനെ അറസ്റ്റ് ചെയ്ത്. രണ്ട് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനൊടുവിലായിരുന്നു അറസ്റ്റ്. ഡൽഹി മദ്യനയക്കേസിൽ അറസ്റ്റ് തടയണമെന്ന ഹർജി ഹൈക്കോടതി തള്ളിയതിന് പിന്നാലെ ഇഡി സംഘം വാറണ്ടുമായി കേജ്‍രിവാളിന്റെ വീട്ടിലെത്തുകയായിരുന്നു. അദ്ദേഹത്തിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് ശക്തമായ പ്രതിഷേധമാണ് ആംആദ്മി സംസ്ഥാനത്തുടനീളം സംഘടിപ്പിച്ചിരുന്നത്.