padmanabha-swamy-temple

തിരുവനന്തപുരത്തെ ഏറ്റവും പ്രധാനപ്പെട്ട തീർത്ഥാടന കേന്ദ്രങ്ങളിൽ ഒന്നാണ് ശ്രീപത്മനാഭസ്വാമി ക്ഷേത്രം. തിരുവനന്തപുരത്തുകാരായ ഹൈന്ദവ വിശ്വാസികൾക്ക് ശ്രീപത്മനാഭൻ അവരുടെ ജീവിതത്തിന്റെ തന്നെ ഭാഗവുമാണ്. നൂറ്റാണ്ടുകൾ പഴക്കമുള്ള ക്ഷേത്രം ഇന്നും അതിന്റെ സുവർണ ശോഭയോടെ അനന്തപുരിയിൽ നിലകൊള്ളുന്നു. നിരവധി വിശ്വാസങ്ങൾ ക്ഷേത്രവുമായി ബന്ധപ്പെട്ടു കിടക്കുന്നുണ്ട്. ക്ഷേത്രം രേഖയായ മതിലകം രേഖകളിൽ ഇവയിൽ പലതും വ്യക്തമാക്കിയിട്ടുമുണ്ട്.

പ്രധാനമായും മൂന്ന് ബിംബങ്ങളാണ് ശ്രീപദ്‌മനാഭസ്വാമി ക്ഷേത്രത്തിന്റെ ശ്രീകോവിലിനകത്തുള്ളത്. ശേഷശായി ആയിട്ടുള്ള അനന്തശയനം മൂലബിബം, അഭിഷേക ബിബം, ശീവേലി ബിംബം എന്നിവയാണവ. മൂന്ന് അവസ്ഥയിലാണ് ഇവ സ്ഥിതി ചെയ്യുന്നത്. ശയനാവസ്ഥയിൽ മൂല ബിംബം, ഇരിക്കുന്ന അവസ്ഥയിൽ ശീവേലി ബിംബം, നിൽക്കുന്ന അവസ്ഥയിൽ അഭിഷേക ബിംബം.

മൂലബിംബമായ അനന്തശയനം കടുശർക്കരയോഗത്തിൽ ആയതിനാലാണ് പ്രത്യേകമായി അഭിഷേക ബിംബം വച്ചിരിക്കുന്നത്. കടുശർക്കര യോഗമായ ബിംബത്തിൽ ജലത്തുള്ളികൾ പോലും വീഴാൻ പാടില്ല. അതുകൊണ്ടുതന്നെ അലങ്കാരം നടത്തുമ്പോൾ നമ്പിമാർ വളരെ കരുതലോടെയാണ് പൂക്കൾ ഉപയോഗിക്കുക.

ഭഗവാന്റെ ബിംബത്തിൽ സ്പർശിക്കുമ്പോൾ പ്രത്യേക അനുഭൂതി ഉളവാകുമെന്നാണ് നമ്പിമാരുടെ അനുഭവസാക്ഷ്യം. മൂലവിഗ്രഹത്തിൽ തൊടാൻ മൂന്ന് പേർക്ക് മാത്രമാണ് അവകാശവും അനുമതിയും. നമ്പിമാർ (പഞ്ചഗവ്യത്ത് നമ്പി, പെരിയ നമ്പി,), തന്ത്രി, പുഷ്‌പാഞ്ചലി സ്വാമിയാർ എന്നിവരാണ് ആ മൂന്നുപേർ.

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ പലതവണ അഗ്നിബാധയുണ്ടായിട്ടുണ്ട്. ഏറ്റവുമൊടുവിൽ 1934ൽ ആയിരുന്നു അത്. അന്ന് നടന്ന അവിശ്വസനീയമായ ഒരു സംഭവത്തെ കുറിച്ച് അശ്വതി തിരുനാൾ ഗൗരി ലക്ഷ്‌മി ബായി തമ്പുരാട്ടി വിവരിച്ചത് ഇങ്ങനെ-

'1934 ഒക്‌ടോബർ 28ന് വളരെ ദുഖകരമായ സംഭവത്തിനാണ് ശ്രീപത്മനാഭസ്വാമി ക്ഷേത്രം സാക്ഷ്യം വഹിച്ചത്. ക്ഷേത്രത്തിൽ വീണ്ടും അഗ്നിബാധയുണ്ടായി. ചിത്തിരതിരുനാൾ മഹാരാജാവിന്റെ കാലഘട്ടത്തിലായിരുന്നു സംഭവം. ജാതിമത ഭേദമന്യേ ആളുകൾ അമ്പലത്തിലേക്ക് ഓടിക്കയറി തീയണക്കാൻ ശ്രമിച്ചു. ചിത്തിര തിരുനാൾ ഉടൻ തന്നെ അമ്പലത്തിലെത്തി ഭദ്രദീപപ്പുരയിലിരുന്ന് പ്രാർത്ഥന ആരംഭിച്ചു. അഗ്നിശമന പ്രാർത്ഥന ആയിരുന്നുവെന്നാണ് പറയപ്പെടുന്നത്. ഇതിനിടയിൽ പടർന്നുകൊണ്ടിരുന്ന അഗ്നിയെ ഭയന്ന് പൂജാരിമാർ നരസിംഹ വിഗ്രഹം എടുത്തുമാറ്റാൻ അകത്തേക്ക് പാഞ്ഞു.

ബലിക്കല്ലിന്റെ സമീപത്ത് വലിയൊരു ഹനുമാൻ പ്രതിഷ്‌ഠയുണ്ട്. അടുത്തു തന്നെ അഷ്‌ടനാഗ ഗരുഡനുമുണ്ട്. ഹനുമാന് വെണ്ണ ചാർത്തലും വട നിവേദിക്കുന്നതുമെല്ലാം ഭക്തർക്ക് അതീവ വിശ്വാസമുള്ള കാര്യമാണ്. ആ ഹനുമാൻ സ്വാമിയുടെ തൊട്ടടുത്ത് വലിയൊരു രൂപം നിൽക്കുന്ന കാഴ്‌ചയാണ് തീ പിടിത്ത സമയത്ത് അവിടെ എത്തിയവർ കണ്ടത്. ഗദ കൈയിൽ പിടിച്ചുകൊണ്ടുള്ള വാനരരൂപം തന്നെയായിരുന്നു അത്. പേടിക്കേണ്ട,​ ഇതിനപ്പുറം അഗ്നി പോവുകയില്ല എന്ന അശരീരിയും കേട്ടുവത്രേ. ഈ സംഭവങ്ങൾക്ക് ദൃക്‌സാക്ഷിയായിരുന്ന ഒരു ബ്രാഹ്മണൻ അടുത്ത കാലത്താണ് മരിച്ചത്'.