solar-storm

ലണ്ടൻ: സൂര്യനിൽ നിന്ന് അത്യപൂർവമായതും അതിശക്തവുമായൊരു സൗര കൊടുങ്കാറ്റ് ഉണ്ടാകുമെന്ന് മുന്നറിയിപ്പ്. അമേരിക്കയിലെ നാഷണൽ ഓഷ്യാനിക്ക് ആന്റ് അറ്റ്‌മോസ്‌ഫിയറിക് അഡ്‌മിനിസ്‌ട്രേഷൻ നൽകുന്ന വിവരമനുസരിച്ച് കഴിഞ്ഞ 19 വർഷത്തിനിടെയുണ്ടാകുന്ന അതിശക്തമായ ആദ്യ സൗര കൊടുങ്കാറ്റ് മുന്നറിയിപ്പാണിത്. 2005 ജനുവരി അഞ്ചിനാണ് ഇത്തരത്തിലൊരു മുന്നറിയിപ്പ് മുൻപ് പുറപ്പെടുവിച്ചത്. ശക്തമായ റേഡിയേഷൻ ആ സമയം ഉണ്ടായിരുന്നു.

ഏതാണ്ട് രണ്ടുമണിക്കൂർ സമയത്തോളമെടുത്താണ് ഇത്തവണ സൗര കൊടുങ്കാറ്റ് അതിന്റെ പാരമ്യത്തിലെത്തുക. ഈ സമയം ജിപിഎസ്, ഇലക്‌ട്രോണിക് പവർ ഗ്രിഡ് എന്നിവ തടസ്സപ്പെടാം എന്നാണ് വിവരം. അതിനുശേഷം ശക്തി കുറഞ്ഞനിലയിൽ ഇത് ഭൂമിയിൽ അനുഭവപ്പെടും. വളരെ ഭംഗിയേറിയ ധ്രുവദീപ്‌തി ഈ സമയം യുകെയിലും വടക്കൻ അർദ്ധഗോളത്തിലും ഉണ്ടാകും. വളരെ വലിയ അളവിൽ സൗരജ്വാല സൂര്യനിൽ നിന്നും പുറപ്പെട്ടിരുന്നതായി ബുധനാഴ്‌ച വാർത്തകളുണ്ടായിരുന്നു. ഭൂമിയിലെ ജീവജാലങ്ങൾക്ക് അപകടകരമായ സൗര കൊടുങ്കാറ്റിന്റെ ഫലങ്ങൾ ഇന്നുമുതൽ തന്നെ അറിയാം. നാസയുടേതടക്കം ബഹിരാകാശ ഉപഗ്രഹങ്ങൾ സൗര കൊടുങ്കാറ്റിനെ നിരീക്ഷിക്കും. ഭൂമിയെ ലക്ഷ്യമാക്കി അഞ്ചോളം സൗര ദീപ്‌തികൾ വരുന്നതായാണ് ഇവർ കണ്ടെത്തിയത്. 2005ൽ സൗരകൊടുങ്കാറ്റിന്റെ മുന്നറിയിപ്പ് നൽകി വെറും 15 മിനിട്ടിനകം അവ ഭൂമിയിലെത്തി. എന്നാൽ അന്ന് അത്ര ശക്തമായി ഇന്റർനെറ്റ് പ്രവർത്തനങ്ങളെ ദോഷമായി ബാധിച്ചിരുന്നില്ല.