കഴിഞ്ഞ രണ്ട് മാസമായി സ്വർണനിരക്കിൽ ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തിലുളള മാറ്റങ്ങളാണ് സംഭവിക്കുന്നത്. ഓരോ ദിവസവും സ്വർണവില കുറഞ്ഞോ, കൂടിയോ എന്ന ചോദ്യത്തിന് ഉത്തരം മിക്കവരും തിരയാറുണ്ട്. നിലവിൽ ഒരു പവൻ സ്വർണത്തിന്റെ വില അരലക്ഷത്തിന് മുകളിൽ കടന്നിരിക്കുകയാണ്. അതിനാൽത്തന്നെ വിലവർദ്ധനവ് പലരിലും കടുത്ത നിരാശയാണ് ഉണ്ടാക്കിയിരിക്കുന്നത്.
എന്തുകൊണ്ട് സ്വർണം?
ഒരു ശുദ്ധലോഹമാണ് സ്വർണം. സ്വർണമുപയോഗിച്ച് തയ്യാറാക്കിയ ആഭരണങ്ങൾ ദീർഘനാൾ ഉപയോഗിച്ചാലും യാതൊരു തരത്തിലുളള അലർജി പ്രശ്നങ്ങളും മിക്കവരിലും ഉണ്ടാകില്ല. പ്രകൃതിയിൽ നിന്ന് നേരിട്ട് ഖനനം ചെയ്‌തെടുക്കുന്ന ലോഹമാണിത്. അതിനാൽത്തന്നെ സ്വർണത്തിന്റെ മൂല്യവും വലുതായിരിക്കും.വിവാഹം പോലുളള ആഘോഷവേളകൾക്ക് കൂടുതൽ ഭംഗി പകരാൻ സ്വർണം സഹായിക്കുന്നുണ്ട്. എന്നാൽ നിലവിൽ അതൊക്കെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. വില ഉയരുന്നതിനാൽ സ്വർണം പലർക്കും കിട്ടാക്കനിയായി മാറിയിരിക്കുകയാണ്.
ഭംഗിയിലും തിളക്കത്തിലും മുൻപന്തിയിൽ നിൽക്കുന്ന ഒരു ലോഹം കൂടിയാണ് സ്വർണം. അതിനാൽത്തന്നെ സ്വർണത്തിന്റെ ഭംഗിക്ക് പകരം വയ്ക്കാൻ മറ്റെന്തെങ്കിലും ഉണ്ടോയെന്ന ചോദ്യവും പ്രധാനമാണ്. സ്വർണത്തിന്റെ ഭംഗിക്കും നിറത്തിനും പകരം വയ്ക്കാൻ സാധിക്കുന്നവ ഏതൊക്കെയെന്ന് പരിചയപ്പെടാം.
1. പിച്ചള (ബ്രാസ്)
സിങ്കും ചെമ്പും 33: 67 എന്ന അനുപാതത്തിൽ കലർത്തി തയ്യാറാക്കിയിരിക്കുന്ന ഒരു അലോയിയാണ് (ലോഹക്കൂട്ട്) പിച്ചള. ഇതിൽ ചെമ്പിന്റെ അംശം വർദ്ധിപ്പിക്കുന്നതനുസരിച്ച് മഞ്ഞ നിറം കൂടുകയും സിങ്കിന്റെ അളവ് കൂടുന്നതനുസരിച്ച് തിളക്കം കൂടുകയും ചെയ്യും. മിതമായ നിരക്കിൽ പിച്ചള ഉപയോഗിച്ച് തയ്യാറാക്കിയ സാധനങ്ങൾ വാങ്ങാൻ സാധിക്കും.
ഈ ലോഹക്കൂട്ടുപയോഗിച്ച് തയ്യാറാക്കിയ സാധനങ്ങൾക്ക് സർണാഭരണങ്ങളെ വെല്ലുന്ന ഭംഗിയായിരിക്കും. അതിനാൽത്തന്നെ വിവാഹം പോലുളള ആഘോഷങ്ങൾക്ക് ഇത് ഉപയോഗിക്കാം.കാലാവസ്ഥയിലെ മാറ്റം പിച്ചളയുടെ നിറവ്യത്യാസത്തിന് കാരണമാകും. ഇത്തരത്തിൽ ആഭരണങ്ങൾക്ക് നിറം നഷ്ടപ്പെടുകയാണെങ്കിൽ രാസപ്രവർത്തനങ്ങളിലൂടെ പഴയ നിറം നിലനിർത്താൻ സാധിക്കും.
2. വെങ്കലം
88 ശതമാനം ചെമ്പും 12 ശതമാനം ടിനും കലർത്തി തയ്യാറാക്കുന്ന ഒരു ലോഹക്കൂട്ടാണ് വെങ്കലം. ഇതിനെ കൂടുതൽ പോളിഷ് ചെയ്യുകയാണെങ്കിൽ സ്വർണത്തിന്റെ അതേ നിറവും തിളക്കവും കിട്ടും. അനുയോജ്യമായ തരത്തിൽ ആഭരണങ്ങൾ തയ്യാറാക്കാനും സാധിക്കും. പക്ഷെ ഈ ലോഹക്കൂട്ട് പെട്ടെന്ന് പൊട്ടിപ്പോകാൻ സാദ്ധ്യതയുളളതിനാൽ ചെറിയ കമ്പികളാക്കാനോ കനം കുറഞ്ഞ പ്രതലങ്ങളാക്കാനോ സാധിക്കില്ല.
3. പിഞ്ച്‌ബെക്ക്
83 ശതമാനം ചെമ്പും 17 ശതമാനം സിങ്കും അടങ്ങിയ ലോഹക്കൂട്ടാണ് പിഞ്ച്‌ബെക്ക്. ക്രിസ്റ്റഫർ പിഞ്ച്‌ബെക്ക് എന്ന വാച്ച് നിർമാതാവാണ് ഇതിനെ ആദ്യമായി ഉണ്ടാക്കിയത്. അതുകൊണ്ടാണ് പിഞ്ച്‌ബെക്ക് എന്നറിയപ്പെടുന്നത്. സ്വർണ വിലയെക്കാൾ കുറവാണിത്. ഒരുകാലത്ത് ആഭരണരംഗത്ത് ഇത് കൂടുതൽ ഉപയോഗിച്ചിരുന്നു.എന്നാൽ ഇപ്പോൾ ശുചിമുറിയിലേക്കാവശ്യമായ പല സാധനങ്ങൾ നിർമിക്കാനും ഇത് വ്യാപകമായി ഉപയോഗിക്കുന്നുണ്ട്.
4. റോസ് ഗോൾഡ്
75 ശതമാനം സ്വർണവും 25 ശതമാനം ചെമ്പും അടങ്ങിയിരിക്കുന്ന ഒരു ലോഹക്കൂട്ടാണിത്. റോസ് ഗോൾഡിന്റെ നിറം ചെമ്പിന്റെ അളവിനെ ആശ്രയിച്ചിരിക്കും. ഇതിൽ ചെമ്പിന്റെ അളവ് കൂട്ടിയാൽ ആഭരണങ്ങൾക്ക് ചുവന്ന പിങ്ക് നിറമായിരിക്കും. ഇതിലേക്ക് അൽപം വെളളിയും കൂടി ചേർത്താൽ ചുവപ്പ് നിറം വർദ്ധിക്കും. ചെമ്പ് ആഭരണങ്ങൾ അലർജിയുളളവർ സ്ഥിരം ഉപയോഗിക്കരുതെന്നും വിദഗ്ദ്ധർ പറയുന്നുണ്ട്.
5. റോൾഡ് ഗോൾഡ്
ഇത് സാധാരണ വാച്ച് നിർമാണത്തിനാണ് ഉപയോഗിക്കുന്നത്. പിച്ചള ഉപയോഗിച്ച് തയ്യാറാക്കിയ ആഭരങ്ങളിലേക്ക് സ്വർണം പൂശുകയാണ് ചെയ്യുന്നത്. ഇത് സർണാഭരണങ്ങളെക്കാൾ സുരക്ഷിതമല്ല. സ്ഥിരമായി ഉപയോഗിക്കുകയോ അല്ലെങ്കിൽ വലിയ പോറലുകൾ സംഭവിക്കുകയോ ചെയ്താൽ ഭംഗി നഷ്ടപ്പെടാൻ സാദ്ധ്യതയുണ്ട്.