k-karunakaran-

പൊതുജനങ്ങളുടെ പങ്കാളിത്തത്തോടെ ഒരു അന്താരാഷ്ട്ര വിമാനത്താവളം. ആഗോളവത്കരണകാലത്തിന് മുൻപ് ലീഡർ കെ. കരുണാകരൻ ഈ ആശയം കൊണ്ടുവന്നപ്പോൾ ഡൽഹി മുതൽ നെടുമ്പാശേരി വരെ പലരും നെറ്റിചുളിച്ചു. കൃഷിസ്ഥലങ്ങൾ ഏറ്റെടുത്തതിന്റെ പേരിൽ ചോരപ്പുഴ ഒഴുകിയ പ്രക്ഷോഭങ്ങളുണ്ടായി. വിമാനത്താവളങ്ങൾ കേന്ദ്രസർക്കാരിനു കീഴിലെ എയർപോർട്ട് അതോറിട്ടിയുടെ കുത്തകയായിരുന്ന സമയം. ഇന്ദ്രപ്രസ്ഥത്തിലെ ഉദ്യോഗസ്ഥവൃന്ദം പരമാവധി പാരകൾ വച്ചു. എന്നാൽ ഭരണനേതൃത്വത്തിന്റെ ഇഛാശക്തിക്കു മുന്നിൽ എതിർപ്പുകൾ വഴിമാറി. പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് നിലവിൽ വന്നു. പ്രവാസികളടക്കം ആയിരങ്ങൾ ചെറുതും വലുതുമായ ഓഹരിയുടമകളായി.

1999 ജൂൺ 10ന് റൺവേയിലൂടെ വിമാനം ഇരമ്പിപ്പറന്നു. സമരത്തിന് നേതൃത്വം നൽകിയവരും പാരവച്ചവരുമെല്ലാം പിന്നീട് കൊച്ചി വിമാനത്താവളത്തിലെ പതിവുയാത്രക്കാരായി. ചിലർ ഡയറക്ടർ ബോർഡിലുമെത്തിയെന്നത് ചരിത്രം. കൊച്ചി വിമാനത്താവളം ഇപ്പോൾ പ്രതിവർഷം ഒരു കോടിയിലധികം യാത്രക്കാർ ഉപയോഗിക്കുന്ന നിലയിലേക്ക് ഉയർന്നു. ഇന്ത്യയിലെ ആദ്യത്തെ ചാർട്ടർ ഗേറ്റ്‌വേ ഉൾപ്പെടെ മൂന്ന് ടെർമിനലുകൾ വിമാനത്താവളത്തിലുണ്ട്. ഒരു എക്‌സ്‌ക്ലൂസീവ് ബിസിനസ് ജെറ്റ് ടെർമിനലും. 28 രാജ്യങ്ങളിൽ നിന്നുള്ള 19,000 നിക്ഷേപകരുള്ള ശക്തമായ അടിത്തറയാണ് കമ്പനിക്കുള്ളത്. ഏറെയും പ്രവാസി മലയാളികൾ. 34ശതമാനം ഓഹരിയുള്ള കേരള സർക്കാരാണ് ഏറ്റവും വലിയ 'നിക്ഷേപകൻ'.

വിമാനം കൂടുതൽ നഗരങ്ങളിലേക്ക്

ആഭ്യന്തരയാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് കൊച്ചിയിൽ നിന്ന് ഇപ്പോൾ
റാഞ്ചി, ഛണ്ഡിഗഢ്, വാരാണസി, റായ്പൂർ, ലക്നൗ നഗരങ്ങളിലേക്ക് ഇൻഡിഗോ സർവീസുകൾക്കും തുടക്കമായി. എയർ ഇന്ത്യ കൊൽക്കത്തയിലേയ്ക്ക് പ്രതിവാരം 6 സർവീസുകൾ നടത്തുമെന്നറിയിച്ചിട്ടുണ്ട്. റാഞ്ചി, ബാഗ്ദോഗ്ര എന്നിവിടങ്ങളിലേയ്ക്ക് എയർ ഏഷ്യയും പുതിയ സർവീസുകൾ പ്രഖ്യാപിച്ചു.
ഇന്ത്യയിലെ മെട്രോ നഗരങ്ങളിലേയ്ക്കുള്ള സർവീസുകളും സിയാൽ വർദ്ധിപ്പിച്ചിട്ടുണ്ട്. ബംഗളൂരിലേയ്ക്ക് മാത്രം പ്രതിദിനം 20 സർവീസുകളുണ്ട്. ഡൽഹിയിലേക്ക് 13, മുംബയിലേക്ക് 10 എന്നിങ്ങനെയാണ് ഓരോ ദിവസത്തേയും സർവീസുകൾ. ലക്ഷദ്വീപിലേയ്ക്കും ഇൻഡിഗോ പ്രതിദിന സർവീസുകൾ ആരംഭിച്ചു.

ചെന്നൈ, ഗോവ, ഹൈദരാബാദ്, കണ്ണൂർ, തിരുവനന്തപുരം, സേലം, അഹമ്മദാബാദ് എന്നീ നഗരങ്ങളിലേയ്ക്കും കൊച്ചി വിമാനത്താവളത്തിൽ നിന്ന് സർവീസുകളുണ്ട്. ബാങ്കോക്ക്, ക്വലാലംപൂർ, സിംഗപ്പൂർ, ഹോചിമിൻ സിറ്റി എന്നിവിടങ്ങളിലേക്കുള്ള അന്താരാഷ്ട്ര സർവീസുകളും വർദ്ധിപ്പിച്ചു. ലണ്ടനിലേക്കുള്ള പ്രതിവാര സർവീസുകളുടെ എണ്ണം മൂന്നിൽ നിന്ന് നാലാക്കാനും തീരുമാനമുണ്ട്.
സംസ്ഥാനത്തു നിന്നുള്ള വിമാനയാത്രക്കാരിൽ 60 ശതമാനത്തിലധികവും കാർഗോ കയറ്റുമതിയിൽ 45 ശതമാനത്തിലധികവും കൊച്ചി വഴിയാണ്. പ്രവർത്തനം വിപുലമാക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ ഒക്ടോബറിൽ ഏഴു മെഗാ പദ്ധതികൾക്ക് തുടക്കം കുറിച്ചിരുന്നു. കാർഗോ ടെർമിനൽ, ഡിജിയാത്ര, എയർപോർട്ട് എമർജൻസി സർവീസ് ആധുനികവത്കരണം എന്നിവയുടെ ഉദ്ഘാടനവും രാജ്യാന്തര ടെർമിനൽ ഒന്നാം ഘട്ട വികസനം, എയ്റോ ലോഞ്ച്, ഗോൾഫ് ടൂറിസം, ഇലക്ട്രോണിക് സുരക്ഷാ വലയം എന്നിവയുടെ നിർമ്മാണ പ്രവർത്തനങ്ങളുടെ തറക്കല്ലിടലും ഒക്ടോബറിൽ മുഖ്യമന്ത്രിയാണ് നിർവഹിച്ചത്. 1,000 കോടിയുടെ വികസന പദ്ധതികളാണ് ഇരുപത്തിയഞ്ചാം വർഷത്തിൽ ലക്ഷ്യമിടുന്നത്.

കർമ്മമേഖല വിപുലം

എയർ ട്രാഫിക് എന്ന മുഖ്യലക്ഷ്യത്തിൽ മാത്രം ഒതുങ്ങാതെ വികസനത്തിന്റെ വിശാല കാഴ്ചപ്പാടാണ് 'സിയാലി'ന്റെ സവിശേഷത. വിമാനത്താവള വളപ്പിൽ നൂറുകണക്കിന് സോളർ പാനലുകൾ സ്ഥാപിച്ച് സൗരോർജം ഉത്പാദിപ്പിച്ചത് വിപ്ലവകരമായ മാറ്റമായിരുന്നു. രണ്ടുലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഇവിടെ ഉത്പാദിപ്പിക്കുന്നത്. ഗ്രീൻ ഹൈഡ്രജൻ ഉത്പാദിപ്പിക്കുന്ന ലോകത്തിലെ ആദ്യ വിമാനത്താവളമാവുകയാണ് കൊച്ചി.1000 കിലോവാട്ട് സ്ഥാപിതശേഷിയുള്ള 'ഗ്രീൻ ഹൈഡ്രജൻ പ്ലാന്റ്' വിമാനത്താവളത്തിൽ സ്ഥാപിക്കാൻ ബി.പി.സി.എല്ലുമായി സിയാൽ കരാർ ഒപ്പിട്ടു. വിമാനത്താവള പരിസരത്താണ് ഗ്രീൻ ഹൈഡ്രജൻ പ്ലാന്റ് സ്ഥാപിക്കുന്നത്. സിയാലിന്റെ സൗരോർജ്ജം ഉപയോഗിച്ചാണ് ഹൈഡ്രജൻ പ്ലാന്റ് പ്രവർത്തിക്കുക.

കരാർ പ്രകാരം, ബി.പി.സി.എൽ പ്ലാന്റ് സ്ഥാപിക്കുകയും വേണ്ട സാങ്കേതികസഹായം ലഭ്യമാക്കുകയും ചെയ്യും. ഇതിനായി വൈദ്യുതിയും വെള്ളവും മറ്റ് സൗകര്യങ്ങളും സിയാൽ നൽകും. 2025ൽ പൂർത്തിയാകുമെന്നാണ് പ്രതീക്ഷ. വിമാനത്താവളത്തിന് വേണ്ട വാഹനങ്ങളിലാകും ആദ്യം ഹൈഡ്രജൻ ഉപയോഗിക്കുക.

പയ്യന്നൂരിൽ 50 മെഗാവാട്ട് സോളാർ യൂണിറ്റ് കോഴിക്കോട് അരിപ്പാറയിൽ ചെറുകിട ജലവൈദ്യുതി പദ്ധതി എന്നിവയ്ക്കും സിയാൽ മുൻ കൈയെടുത്തു. കൊച്ചി വിമാനത്താവള കവാടത്തിൽ 100 കോടി രൂപയിലധികം മുതൽ മുടക്കുള്ള പഞ്ചനക്ഷത്രഹോട്ടലും ഉടൻ സജ്ജമാക്കും. ടാജ് ഗ്രൂപ്പുമായി ചേർന്നാണ് ഹോട്ടൽ പദ്ധതി. ഡ്യൂട്ടി ഫ്രീ ബിസിനസ്, കൺവെൻഷൻ സെന്റർ, ബിസിനസ് ജെറ്റ് ടെർമിനൽ, ഗോൾഫ് കോഴ്‌സ് എന്നിവയിലൂടെ സിയാൽ അധികവരുമാനവും നേടുന്നു.

ചാലക്കുടി ലോക്സഭാ മണ്ഡലത്തിൽ ഇക്കുറി എൽ.ഡി.എഫ് പ്രകടനപത്രികയിലെ ചില വാഗ്ദാനങ്ങൾ ഇക്കുറി ശ്രദ്ധേയമായിരുന്നു. കൊച്ചി എയ്റോ സിറ്റിയും എയ്റോട്രോപോളിസും അതിൽ വിഭാവനം ചെയ്തിട്ടുണ്ട്.


കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം കേന്ദ്രമാക്കി മെട്രോപോളിറ്റൻ നഗരം പടുത്തുയർത്തുക എന്നതാണ് പ്രധാനപ്പെട്ട ലക്ഷ്യമെന്നും പ്രകടനപത്രിക പറയുന്നു. എയർപോർട്ടിന്റെ 25-ാം വാർഷികത്തിൽ അതേ രീതിയിൽ തന്നെയാണ്, ഇപ്പോഴും ഗ്രാമപഞ്ചായത്തായി തുടരുന്ന നെടുമ്പാശേരിയുടെ കുതിപ്പ്.