മാറുന്ന കാഴ്ചപ്പാടുകളും സങ്കല്‌പങ്ങളും ആധുനികലോകത്തെ തൊഴിൽ ക്രമത്തെയും മാറ്റുന്നുണ്ട്. ആഗോള സാമ്പത്തികമാന്ദ്യം തൊഴിൽ മേഖലയിലുണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ നിരവധിയാണ്. തൊഴിൽസംരംഭങ്ങളും സ്റ്റാർട്ടപ്പുകളും സുസ്ഥിരത കൈവരിക്കാൻ ഏറെ പ്രയത്നിക്കേണ്ടിവരും. കൊഴിഞ്ഞുപോക്കും പിരിഞ്ഞുപോക്കും സാധാരണരീതിയായി മാറി. തൊഴിൽസുരക്ഷയ്ക്ക് സാങ്കേതിക വിദ്യയോടൊപ്പം, തൊഴിൽ നൈപുണ്യവും പ്രധാനഘടകമായി മാറി.
2024 ൽ ഒരേ തൊഴിലിൽ തുടരുന്നവരുടെ എണ്ണം കുറയുമെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. പഠിച്ച മേഖലയിൽ തൊഴിൽ ചെയ്യുന്നവർ ലോകത്ത് 12 ശതമാനത്തിൽ താഴെ മാത്രമാണ്. ബിരുദവിഷയത്തിൽ ബിരുദാനന്തര പഠനം, ഗവേഷണം എന്നിവയിലും മാറ്റം വരുന്നു. വിദ്യാർത്ഥികളും രക്ഷിതാക്കളും മാറിചിന്തിക്കുന്നു. ലോകത്തെവിടെയും സുസ്ഥിര തൊഴിൽ ചെയ്യാൻ ഉദ്യോഗാർത്ഥികൾ തയ്യാറാണ്. എന്നാൽ ക്യാംപസിൽവച്ച് പ്ലേസ്‌മെന്റ് ലഭിക്കുന്ന വിദ്യാർത്ഥികളിൽ എത്ര ശതമാനം ലഭിച്ച തൊഴിലിൽ തുടരുന്നു എന്നൊരു ചോദ്യം ഉയരുന്നുണ്ട്. തുടരെയുള്ള തൊഴിൽമാറ്റം യുവാക്കളിൽ കൂടുതലായി കണ്ടുവരുന്നു. കൊവിഡിന് ശേഷം ഈ പ്രവണത രാജ്യത്താകമാനം വർദ്ധിച്ചുവരുന്നു. ഇതിനു നിരവധി കാരണങ്ങളുണ്ട്. വർക്ക് ഫ്രം ഹോം, ഹൈബ്രിഡ് മോഡ്, ഓഫ് ലൈൻ മോഡ് എന്നിവയിൽ ആശയവിനിമയത്തിനുള്ള അപര്യാപ്തത അനിശ്ചിതത്വത്തിന് വഴിയൊരുക്കുന്നു. ലഭിച്ചത് സ്ഥിരം ജോലിയാണോ എന്നതിലുള്ള സംശയം മറ്റു തൊഴിലുകൾ അന്വേഷിക്കാൻ അവരെ പ്രേരിപ്പിക്കുന്നു. ഇത് പ്രവർത്തനക്ഷമത കുറയാൻ ഇടവരുത്തുന്നു.
ആഗോള തൊഴിൽമാന്ദ്യം തൊഴിൽ സുരക്ഷയെക്കുറിച്ചു ചിന്തിക്കാൻ പ്രേരിപ്പിക്കുന്നു. താത്‌പര്യമില്ലാത്ത തൊഴിൽമേഖലകളിൽ പ്രവർത്തിക്കുന്നവർ അഭിരുചി, മനോഭാവം, ലക്ഷ്യം എന്നിവയ്ക്കിണങ്ങിയ തൊഴിലുകളിലേക്ക് മാറാൻ ശ്രമിക്കുന്നു. കുറഞ്ഞ ശമ്പളമുള്ളവർ മെച്ചപ്പെട്ട ശമ്പളം അന്വേഷിച്ച് തൊഴിൽ മാറാൻ ശ്രമിക്കുമ്പോൾ, മികച്ച ശമ്പളം ലഭിക്കുന്നവർ താത്‌പര്യമുള്ള തൊഴിൽ ചെയ്യാൻ മാറ്റം ആഗ്രഹിക്കുന്നു. 24 വയസിനു താഴെയുള്ള ജൻസേഴ്സ് അല്ലെങ്കിൽ യുവാക്കളിലാണ് തൊഴിൽമാറ്റം കൂടുതലായി കാണപ്പെടുന്നത്. മൊത്തം റിക്രൂട്ട്‌മെന്റിൽ 37 ശതമാനവും ഇവരാണ്. ഭാവി തൊഴിൽസാദ്ധ്യതകളെക്കുറിച്ചുള്ള അജ്ഞത അവരിൽ കൂടുതലാണ്.
ജോലി ലഭിച്ചവർ ഉപരിപഠനത്തിനായി തൊഴിൽ ഉപേക്ഷിക്കുന്ന പ്രവണതയും കൂടുതലാണ്. ഇവരിൽ 60 ശതമാനത്തിലേറെയും വിദേശ സർവകലാശാലകളിൽ ഉപരിപഠനത്തിന് എത്തുന്നു. തുടർന്ന് അമേരിക്ക , കാനഡ, ഓസ്‌ട്രേലിയ, ന്യൂസിലൻഡ്, ജർമ്മനി തുടങ്ങിയ രാജ്യങ്ങളിലേക്ക് ഇമിഗ്രേഷന് ശ്രമിക്കുന്നു. എന്നാൽ മികച്ച മാനേജ്മന്റ്, നേതൃത്വപാടവ, സാങ്കേതിക പരിശീലനം നൽകുന്ന കമ്പനികളിൽ കൊഴിഞ്ഞു പോക്കിന്റെ നിരക്ക് കുറവാണ്.
തൊഴിൽ മേഖലയിൽ അവശ്യ സ്‌കിലും, കൈവശമുള്ളതും തമ്മിൽ വൻ അന്തരം നിലനിൽക്കുന്നു. അതിനാൽ ഉദ്യോഗാർത്ഥികൾക്ക് റിസ്‌കില്ലിംഗ്, അപ്പ് സ്‌കില്ലിംഗ് എന്നിവ ആവശ്യമാണ്. ഇംഗ്ലീഷ് പ്രാവീണ്യം, കമ്പ്യൂട്ടർ പരിജ്ഞാനം, കോഡിംഗ് കമ്പ്യൂട്ടർ ലാംഗ്വേജ്, പൊതുവിജ്ഞാനം എന്നിവ അത്യന്താപേക്ഷിതമാണ്. അറിയപ്പെടാത്ത പുത്തൻ സ്‌കില്ലുകൾ അഥവാ ന്യൂഏജ് സ്‌കില്ലുകൾ ഇനി ആവശ്യമായി വരും.
സാങ്കേതികവിദ്യയുടെ സ്വാധീനം തൊഴിൽമേഖലയിൽ കൂടിവരുന്നു. തൊഴിലിനോടൊപ്പം വിദ്യാഭ്യാസ യോഗ്യതയ്ക്ക് മികവേകാൻ ഓൺലൈൻ പാർട്ട് ടൈം കോഴ്സുകൾ ചെയ്യാൻ നിരവധി പേർ ഇന്ന് തയ്യാറാകുന്നുണ്ട്. അവർക്കിണങ്ങിയ മികച്ച ഓൺലൈൻ ടെക്‌നോളജി പ്ലാറ്റുഫോമുകൾ ഇന്നുണ്ട്.
യോഗ്യതയ്ക്കനുസരിച്ച് ഉദ്യോഗാർത്ഥികൾക്ക് മികച്ച തൊഴിൽ ലഭിക്കുന്നില്ലെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. തൊഴിൽ ലക്ഷ്യമിട്ട ഉന്നതവിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കപ്പെടുമ്പോൾ അറിവിനോടൊപ്പം, മനോഭാവത്തിനും, തൊഴിൽ നൈപുണ്യത്തിനും പ്രാധാന്യം നൽകണം. മികച്ച തൊഴിൽ നൈപുണ്യം സിദ്ധിച്ചവരെ ഉയർന്ന ശമ്പളം നൽകി ആകർഷിക്കാനുള്ള തന്ത്രങ്ങളും 2024 ൽ ഊർജ്ജിതമാകും. ജിസിസി രാജ്യങ്ങളിൽ ഐ.ടി തൊഴിലവസരങ്ങൾ വർദ്ധിക്കും. പക്ഷേ നിർമാണ മേഖലയിൽ മാന്ദ്യം അനുഭവപ്പെടും.