m-v-govindan

തിരുവനന്തപുരം: തൃശൂരിൽ ആദായ നികുതി വകുപ്പ് പാർട്ടിയുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചത് തിരഞ്ഞെടുപ്പ് പ്രവർത്തനം ദുർബലപ്പെടുത്താനെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. അക്കൗണ്ടുള്ള ബാങ്കിന്റെ വീഴ്‌ചകൊണ്ട് പാൻ നമ്പർ തെറ്റായി രേഖപ്പെടുത്തുകയായിരുന്നു. ടി എന്നതിന് പകരം ജെ എന്നാണ് രേഖപ്പെടുത്തിയത്. നിയമപരമായ ഇടപാടുകളേ പാർട്ടി നടത്തിയിട്ടുള്ളൂ. 30 വർഷമായി പാർട്ടിക്ക് ഈ ബാങ്കിൽ അക്കൗണ്ടുണ്ട്. തിരഞ്ഞെടുപ്പ് കാലത്ത് പണം പിൻവലിച്ചത് തെറ്റായ നടപടിയാണെന്ന് കാട്ടിയാണ് ആദായ നികുതി വകുപ്പ് നടപടിയെടുത്തത്. എന്നാൽ നിയമാനുസൃതമായി പിൻവലിച്ച പണം ഉപയോഗിക്കാൻ ഇ ഡി അനുമതി വേണ്ടെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.

നിയമപരമായി കണക്കുകൾ സൂക്ഷിക്കുകയും ആദായ നികുതി വകുപ്പിന് നൽകുകയും ചെയ്യുന്ന പാർട്ടിയാണ് സിപിഎം എന്നറിയിച്ച അദ്ദേഹം വകുപ്പ് നടപടികൾ തികച്ചും തെറ്റായി മാദ്ധ്യമങ്ങൾ കൈകാര്യം ചെയ്‌തെന്ന് കുറ്റപ്പെടുത്തി. ബാങ്കിന് തെറ്റുപറ്റിയ കാര്യം ശ്രദ്ധയിൽപ്പെടുത്തി ജില്ലാ സെക്രട്ടറി കത്തയച്ചു. പിന്നീട് ബാങ്ക് അധികൃതർ തന്നെ ഇക്കാര്യത്തിൽ വീഴ്ച സംഭവിച്ചതായി സമ്മതിച്ചു. 2024 ഏപ്രിൽ 18 ന് തങ്ങൾക്ക് സംഭവിച്ച തെറ്റ് സമ്മതിച്ച് തൃശൂർ ജില്ലാ സെക്രട്ടറിക്ക് ബാങ്ക് കത്തും നൽകി.

ഫാസിസത്തിലേക്ക് ഇന്ത്യ എത്തിയിട്ടില്ല എന്നതാണ് അരവിന്ദ് കേജ്‌രിവാളിന് ജാമ്യം ലഭിച്ചതിലൂടെ കാണുന്നതെന്ന് എം.വി ഗോവിന്ദൻ പറഞ്ഞു. സുപ്രീംകോടതി ഉയർത്തിപ്പിടിച്ചത് ഇന്ത്യയുടെ നിലനിൽപ്പിന്റെ പ്രശ്‌നമാണ്. ഇത്രയും ചീപ്പായ പ്രധാനമന്ത്രി ഇന്ത്യയുടെ ചരിത്രത്തിൽ ഉണ്ടായിട്ടില്ലെന്നും ആർ.എസ്.എസുകാരന്റെ പ്രചാരണം പോലും പ്രധാനമന്ത്രിയുടെ വർഗീയ പ്രചാരണത്തോട് താരതമ്യം ചെയ്യാനാകില്ലെന്ന് എം.വി ഗോവിന്ദൻ ആരോപിച്ചു.