collin-munro

വെല്ലിംഗ്ടൺ: അടുത്ത മാസം നടക്കുന്ന ട്വന്റി-20 ലോകകപ്പിനുള്ള ന്യൂസിലാൻഡ് ടീമിൽ ഇടം ലഭിക്കാത്തിന് പിന്നാലെ ബാറ്റർ കോളിൻ മൺറോ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. 2020 ൽ ഇന്ത്യയ്ക്കെതിരായ ട്വന്റി-20 മത്സരത്തിലാണ് മൺറോ അവസാനമായി കളിച്ചത്. ദീർഘനാളായി ദേശീയ ടീമിൽ കളിക്കുന്നില്ലെങ്കിലും ലോകകപ്പിൽ കളിക്കാൻ മൺറോ താത്പര്യം അറിയിച്ചിരുന്നു. പക്ഷേ കിവീസ് ക്രിക്കറ്റ് ബോർഡ് ടീമിലേക്ക് പരിഗണിച്ചില്ല.

മാർച്ചിൽ സമാപിച്ച പാകിസ്ഥാൻ സൂപ്പർ ലീഗിലാണ് അവസാനമായി മൺറോ കളിച്ചത്. അതിവേഗത്തിൽ റൺസ് നേടുന്നതിൽ മിടുക്കനായ മൺറോ 2013 ജനുവരിയിൽ ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടെസ്റ്റിലൂടെയാണ് കിവീസ് ദേശീയ ടീമിൽ അരങ്ങേറുന്നത്. ആ ഒരു ടെസ്റ്റിൽ മാത്രമാണ് കളിച്ചത്.

3 സെഞ്ച്വറികൾ അന്താരാഷ്ട്ര ട്വന്റി-20യിൽ നേടിയ ആദ്യ ബാറ്ററാണ് കോളിൻ മൺറോ

37-കാരനായ മൺറോ കിവീസിനായി 65 ട്വന്റി-20 കളും 57 ഏകദിനങ്ങളും ഒരു ടെസ്റ്റ് മത്സരവും കളിച്ചിട്ടുണ്ട്

2018ൽവെസ്റ്റിൻഡീസിനെതിരായ ട്വന്റി-20യിൽ 47 പന്തിൽ സെഞ്ച്വറിയടിച്ച് റെക്കാഡിട്ടിരുന്നു.

2016ൽ ശ്രീലങ്കയ്‌ക്കെതിരേ 14 പന്തിൽ നിന്ന് അർദ്ധസെഞ്ച്വറി തികച്ചും റെക്കാഡ് ബുക്കിൽ ഇടംനേടി.

2014, 2016 ട്വന്റി-20 ലോകകപ്പുകളിലും 2019 ഏകദിന ലോകകപ്പിലും കിവീസ് ടീമിൽ അംഗമായിരുന്നു മൺറോ.