ന്യൂഡല്‍ഹി: ഇടയ്ക്ക് പെയ്യുന്ന മഴയില്‍ ആശ്വാസം ലഭിക്കുന്നുണ്ടെങ്കിലും കൊടും ചൂടിന്റെ കാഠിന്യം വലിയ രീതിയില്‍ കുറഞ്ഞിട്ടില്ലെന്നതാണ് യാഥാര്‍ത്ഥ്യം. കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്ന് സമുദ്രങ്ങളില്‍ ചൂട് കൂടുകയാണ്. കഴിഞ്ഞ ഒരു വര്‍ഷമായി ഓരോ ദിവസവും സമുദ്ര താപനില പുതിയ റെക്കോഡ് രേഖപ്പെടുത്തി മുന്നേറുകയാണ്. യൂറോപ്യന്‍ യൂണിയന്‍ കോപര്‍നിക്കസ് ക്ലൈമറ്റ് സര്‍വീസിലെ ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നതാണ് ഇക്കാര്യം.
താപനില വര്‍ദ്ധനവ് സമുദ്രത്തിലെ ആവാസവ്യവസ്ഥക്ക് കനത്ത പ്രത്യാഘാതമുണ്ടാക്കും. 2023 മാര്‍ച്ച് മുതല്‍ ശരാശരി സമുദ്രോപരിതല താപനില വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഓഗസ്റ്റിലാണ് റെക്കോഡ് ചൂടിലേക്കെത്തിയത്. അതിന് ശേഷം താപനിലയില്‍ കുറവുണ്ടായിട്ടില്ല. ഇക്കഴിഞ്ഞ ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ പ്രതിദിന ശരാശരി താപനില 21.09 ഡിഗ്രി സെല്‍ഷ്യസായിരുന്നു. താപനില വര്‍ദ്ധിപ്പിക്കുന്ന എല്‍ നിനോ പ്രതിഭാസം ദുര്‍ബലമായിരുന്നിട്ടും അസാധാരണമായ ചൂടാണ് കഴിഞ്ഞമാസം ഉണ്ടായത്.
കരുതുന്നതിലും വേഗത്തിലാണ് സമുദ്രത്തിന് ചൂട് വര്‍ദ്ധിക്കുന്നതെന്നും ഇത് കനത്ത ആശങ്കയാണുയര്‍ത്തുന്നതെന്നും ബ്രിട്ടീഷ് അന്റാര്‍ട്ടിക് സര്‍വേ സംഘത്തിലെ മുതിര്‍ന്ന പ്രൊഫസറായ മൈക് മെറിഡിത്ത് പറയുന്നു. നമ്മള്‍ ഒരിക്കലും പ്രതീക്ഷിക്കാത്ത തരത്തിലാണ് കാലാവസ്ഥ മാറുന്നത്. ഈ ദിശയില്‍ മുന്നോട്ട് പോകുന്നത് വലിയ പ്രത്യാഘാതമുണ്ടാക്കുമെന്നും അദ്ദേഹം പറയുന്നു.
താപനിലയിലുണ്ടാകുന്ന വ്യതിയാനം കടല്‍ ജീവികളേയും പവിഴപ്പുറ്റുകളേയും സാരമായി ബാധിക്കുകയാണ്. അടുത്തിടെ റിപ്പോര്‍ട്ട് ചെയ്ത പവിഴപ്പുറ്റുകളുടെ നാശം സമുദ്രത്തിലെ കാലാവസ്ഥാ വ്യതിയാനത്തിന്റെ ഏറ്റവും പ്രകടമായ ഉദാഹരണമാണ്. പവിഴപ്പുറ്റുകള്‍ നശിക്കുന്നത് കടലിലെ ജൈവസമ്പത്തിനെ തകിടം മറിക്കുമെന്നും ആശങ്കയുണ്ട്.