arvind-kejriwal

ന്യൂഡല്‍ഹി: മദ്യനയക്കേസില്‍ ഇ.ഡി കസ്റ്റഡിയിലായിരുന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ ജയില്‍മോചിതനായി. അറസ്റ്റിലായി 50 ദിവസത്തിന് ശേഷമാണ് കേജ്‌രിവാള്‍ പുറത്തിറങ്ങുന്നത്. കേജ്‌രിവാളിന്റെ തിരിച്ചുവരവ് കാത്ത് തീഹാര്‍ ജയിലിന് മുന്നില്‍ മുദ്രാവാക്യം വിളികളും ആര്‍പ്പുവിളികളുമായി കാത്തുനിന്ന പ്രവര്‍ത്തകരെ അദ്ദേഹം അഭിവാദ്യം ചെയ്തു. നിങ്ങളുടെ അടുത്തേക്ക് തിരിച്ചെത്തിയത് ആവേശത്തിലാക്കുന്നുവെന്നാണ് അദ്ദേഹം ആദ്യം പ്രതികരിച്ചത്.

തിരികെ വരുമെന്ന് താന്‍ പറഞ്ഞിരുന്നുവെന്നും ഇപ്പോള്‍ വന്നിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ മുഴുവന്‍ ജനങ്ങളും ഒരുമിച്ച് ചേര്‍ന്ന് ഏകാധിപത്യത്തിനെതിരെ പോരാടണമെന്നും തനിക്ക് ജാമ്യം അനുവദിച്ച സുപ്രീം കോടതിക്ക് നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രിയപ്പെട്ട നേതാവിന്റെ ജയില്‍മോചനം ആഘോഷമാക്കുകയാണ് ആംആദ്മി പാര്‍ട്ടി പ്രവര്‍ത്തകര്‍. കേജ്‌രിവാളിനെ സ്വീകരിക്കാന്‍ ജയിലിന്റെ നാലാം നമ്പര്‍ ഗേറ്റിന് മുന്നില്‍ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ദ് മാനും എത്തിയിരുന്നു.

ജയിലില്‍ നിന്ന് പുറത്തിറങ്ങിയ അരവിന്ദ് കേജ്‌രിവാള്‍ ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് പാര്‍ട്ടി ഓഫീസില്‍ വച്ച് വാര്‍ത്താ സമ്മേളനം വിളിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പിന്റെ നിര്‍ണായകമായ ഘട്ടങ്ങള്‍ അടുത്തിരിക്കെ വാര്‍ത്താ സമ്മേളനത്തില്‍ കേജ്‌രിവാള്‍ പറയുന്ന കാര്യങ്ങള്‍ക്ക് വലിയ രാഷ്ട്രീയ പ്രാധാന്യവുമുണ്ടായിരിക്കും. ജയിലിന് മുന്നില്‍ കേജ്‌രിവാളിനെ സ്വീകരിക്കാന്‍ ഭാര്യ സുനിത, എഎപി നേതാക്കള്‍ തുടങ്ങിയവരും എത്തിയിരുന്നു.

ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കേജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിക്കുമെന്ന് സുപ്രീംകോടതി മുന്‍പ് സൂചിപ്പിച്ചിരുന്നു.ജാമ്യം നല്‍കുന്നതിന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ശക്തമായി എതിര്‍ത്തിരുന്നു. ജൂണ്‍ ഒന്നുവരെയാണ് അദ്ദേഹത്തിന് ജാമ്യ കാലാവധി അനുവദിച്ചിരിക്കുന്നത്. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദീപാങ്കര്‍ എന്നിവരാണ് ഉത്തരവിട്ടത്. ഡല്‍ഹിയില്‍ ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കേജ്രിവാളിന് ജാമ്യം ലഭിച്ചത് ആംആദ്മി പാര്‍ട്ടിക്കും ഇന്ത്യാ മുന്നണിക്കും ആശ്വാസം നല്‍കിയിരിക്കുകയാണ്.

മദ്യനയ കേസില്‍ ഇഡിയുടെ അറസ്റ്റ് നിയമവിരുദ്ധമാണെന്ന് ചൂണ്ടികാട്ടിയാണ് കേജ്രിവാള്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നത്. മാര്‍ച്ച് 21ന് രാത്രി ഒമ്പത് മണിയോടെയാണ് ഇഡി അരവിന്ദ് കേജ്‌രിവാളിനെ അറസ്റ്റ് ചെയ്ത്. രണ്ട് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലായിരുന്നു അറസ്റ്റ്. ഡല്‍ഹി മദ്യനയക്കേസില്‍ അറസ്റ്റ് തടയണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളിയതിന് പിന്നാലെ ഇഡി സംഘം വാറണ്ടുമായി കേജ്‌രിവാളിന്റെ വീട്ടിലെത്തുകയായിരുന്നു. അദ്ദേഹത്തിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് ശക്തമായ പ്രതിഷേധമാണ് ആംആദ്മി സംസ്ഥാനത്തുടനീളം സംഘടിപ്പിച്ചിരുന്നത്.

#WATCH | Delhi CM Arvind Kejriwal addresses party workers after being released from Tihar jail.

CM Kejriwal says, "I had promised to come back soon, here I am. pic.twitter.com/qw5bKJJUZB

— ANI (@ANI) May 10, 2024

#WATCH | Delhi CM Arvind Kejriwal received a warm welcome from AAP workers & supporters as he walked out of Tihar Jail.

The Supreme Court granted him interim bail till June 1. pic.twitter.com/GSu8GQwJ8X

— ANI (@ANI) May 10, 2024