d

ന്യൂഡൽഹി : വനിതാ ഗുസ്തി താരങ്ങളെ പീഡിപ്പിച്ച കേസിൽ ബി.ജെ.പി നേതാവും ഗുസ്തി ഫെഡറേഷൻ മുൻ അദ്ധ്യക്ഷനുമായ ബ്രിജ് ഭൂഷൺ സിംഗിനെതിരെ ലൈംഗികാതിക്രമ കുറ്റം ചുമത്തി. ഡൽഹി റൗസ് അവന്യു കോടതിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. അഞ്ച് വനിതാ ഗുസ്തി താരങ്ങളെ പീഡിപ്പിച്ച കേസിലാണ് കോടതി നടപടി.

ബ്രിജ് ഭൂഷൺ സിംഗിനെതിരെ കുറ്റം ചുമത്താൻ മതിയായ തെളിവുകൾ ഉണ്ടെന്ന് കോടതി വ്യക്തമാക്കി. വനിതാ താരങ്ങൾ നൽകിയ ആറുകേസുകളിൽ അഞ്ചെണ്ണത്തിലും ബ്രിജ് ഭൂഷണെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്താൻ ആവശ്യമായ തെളിവുകളുണ്ടെന്ന് കോടതി ഉത്തരവിൽ പറയുന്നു. അതേസമയം ആറാമത്തെ കേസിൽ ബ്രിജ് ഭൂഷണിനെതിരെ കുറ്റമില്ല. എന്നാൽ സ്ത്രീത്വത്തെ അപമാനിച്ചതിന് കേസെടുത്തിട്ടുണ്ട്.

ഗുസ്തി താരങ്ങളുടെ പരാതിയുടെ അടിസ്ഥാനത്തിൽ കഴിഞ്ഞ ജൂൺ 15നാണ് ബ്രിജ് ഭൂഷണിനെതിരെ ഡൽഹി പൊലീസ് കുറ്റപത്രം സമർപ്പിച്ചിരുന്നത്. ലൈംഗിക പീഡനം,​ ഭീഷണിപ്പെടുത്തൽ ഉൾപ്പെടെയുള്ള കുറ്റങ്ങൾക്ക് ബ്രിജ് ഭൂഷൺ പ്രോസിക്യൂട്ട് ചെയ്യപ്പെടാനും ശിക്ഷിക്കപ്പെടാനും ബാദ്ധ്യസ്ഥനാണെന്ന് കുറ്റപത്രത്തിൽ പറയുന്നു. തങ്ങൾക്ക് നേരെ അശ്ലീല ആംഗ്യവും കാണിച്ചതായി കേസിലെ സാക്ഷികൾ പറഞ്ഞതായും കുറ്റപത്രത്തിൽ ചൂണ്ടിക്കാട്ടുന്നു. വനിതാ ഗുസ്തി താരങ്ങളുടെ പരാതിയിൽ രണ്ട് എഫ്.ഐ.ആറുകളാണ് ബ്രിജ് ഭൂഷണിനെതിരെ രജിസ്റ്റർ ചെയ്തിരുന്നത്. പ്രായപൂർത്തിയാകാത്ത ഗുസ്തിതാരത്തിന്റെ പരാതിയിൽ എടുത്ത പോക്സോ കേസും ഇതിൽപ്പെടുന്നു.