ജർമ്മനിയിലെ ബെർലിനിൽ 17 ഹെക്ടർ സ്ഥലത്തെ ഒരു ബംഗ്ലാവ് സൗജന്യമായി ലഭിക്കാൻ അവസരം. ജർമ്മൻ ഏകാധിപതി അഡോൾഫ് ഹിറ്റ്‌ലറുടെ സന്തത സഹചാരിയും പ്രൊപ്പഗാണ്ട മന്ത്രിയുമായ ജോസഫ് ഗീബൽസിന്റെ ബംഗ്ലാവാണ് ബെർലിനിലെ പ്രാദേശിക ഭരണകൂടം സൗജന്യമായി നൽകാൻ ഒരുങ്ങുന്നത്. ബംഗ്ലാവിന്റെ പരിപാലനത്തിനുള്ള അതിഭീമമായ ചെലവ് കണക്കിലെടുത്താണ് അധികൃതരുടെ തീരുമാനം. ബ്രിട്ടീഷ് മാദ്ധ്യമമായ ടെലിഗ്രാഫാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ബെർലിൻ നഗരത്തിന് പുറത്ത് ബ്രാൻഡൻ ബർഗിലെ 17 ഹെക്ടർ സ്ഥലത്ത് തടാകക്കരയിലാണ് ഈ മനോഹരമായ ബംഗ്ലാവ് സ്ഥിതി ചെയ്യുന്നത്. 1936ലാണ് ഈ വില്ല നിർമ്മിച്ചത്. 1945ൽ രണ്ടാംലോക മഹായുദ്ധത്തിന്റെ അവസാനത്തിൽ ഗീബൽസും ഭാര്യയും ആറുകുട്ടികളും ബങ്കറിൽ ആത്മഹത്യ ചെയ്യുന്നത് വരെ അവർ ഈ ബംഗ്ലാവിലാണ് താമസിച്ചിരുന്നത്. അക്കാലത്ത് പ്രമുഖർ പലരും ഒത്തുകൂടുന്ന ഇടമായിരുന്നു ഇത്. നിലവിൽ ബെർലിൻ സംസ്ഥാനത്തിന്റെ ഉടമസ്ഥതയിലാണ് ഈ വില്ല ഉള്ളത്. 2000 മുതൽ ഈ വില്ല ഉപയോഗിക്കാതെ ജീർണാവസ്ഥയിൽ കിടക്കുകയാണ്. ഏറ്റെടുക്കാൻ ആഗ്രഹിക്കുന്ന ആർക്കും ബംഗ്ലാവ് സൗജന്യമായി നൽകുമെന്ന് ബർലിൻ ധനകാര്യമന്ത്രി സ്റ്റെഫാൻ എവേഴ്‌സ് പറഞ്ഞു. എന്നാൽ ഇത് പുതുക്കിപ്പണിയുന്നതിനുള്ള ചെലവ് ദശലക്ഷക്കണക്കിന് യൂറോയാണ്. കെട്ടിടം ഏറ്റെടുക്കുന്നവർ അറ്റകുറ്റപ്പണി നടത്തേണ്ടതുണ്ട്. ആരും ഏറ്റെടുക്കാൻ എത്തിയില്ലെങ്കിൽ ഇവിടം പൊളിച്ചു നീക്കാനും അധികൃതർക്ക് പദ്ധതിയുണ്ട്.