railway

പട്‌ന: യാത്രയ്ക്കായി ട്രെയിനില്‍ തേഡ് എ.സി ടിക്കറ്റ് ബുക്ക് ചെയ്തു. ചാര്‍ട്ട് തയ്യാറായപ്പോള്‍ അത് അറിയിച്ച് ഫോണില്‍ മെസേജും ലഭിച്ചതിന് പിന്നാലെ റെയില്‍വേ സ്റ്റേഷനിലെത്തി. പ്ലാറ്റ്‌ഫോമില്‍ ട്രെയിന്‍ വന്നപ്പോഴാണ് അപ്രതീക്ഷിത ട്വിസ്റ്റ്. ടിക്കറ്റ് ലഭിച്ചിരിക്കുന്ന ബോഗി കാണാനില്ല. ബിഹാറിലെ ശബരീരഥ് ക്ലോണ്‍ എക്‌സ്‌പ്രെസില്‍ ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാര്‍ക്കാണ് ഈ ദുരവസ്ഥയുണ്ടായിരിക്കുന്നത്. ഡല്‍ഹിയില്‍ നിന്ന് ട്രെയിന്‍ പുറപ്പെട്ടപ്പോള്‍ രണ്ട് കോച്ച് കുറച്ചാണ് അയച്ചതെന്ന വിശദീകരണമാണ് റെയില്‍വേ നല്‍കുന്നത്.

മുസഫര്‍പൂരില്‍ നിന്ന് ഡല്‍ഹിയിലേക്ക് പോകുന്ന 04043 ട്രെയിനിലെ ജി17,18 കംപാര്‍ട്‌മെന്റുകളാണ് കാണാതായത്. കോച്ച് അന്വേഷിച്ച് നടന്ന് പലരുടേയും യാത്ര മുടങ്ങി. ചിലര്‍ സ്ലീപ്പര്‍, ജനറല്‍ കോച്ചുകളില്‍ കയറി തിരക്കില്‍ സീറ്റ് പോലും കിട്ടാതെ യാത്ര ചെയ്തു.

സാങ്കേതിക കാരണങ്ങളാല്‍ രണ്ട് കോച്ചുകള്‍ കുറച്ചാണ് ഡല്‍ഹിയില്‍ നിന്ന് അയച്ചതെന്നാണ് സോണ്‍പൂര്‍ റെയില്‍വേ ഡിവിഷന്റെ വിശദീകരണം. ട്രെയിനില്‍ വേറെ സീറ്റ് നല്‍കുകയോ പണം തിരികെ നല്‍കുകയോ ചെയ്തില്ലെന്ന് യാത്രക്കാര്‍ പറയുന്നു. ഇന്ത്യന്‍ റെയില്‍വേയെ ടാഗ് ചെയ്ത് യാത്രക്കാര്‍ സോഷ്യല്‍ മീഡിയയില്‍ പരാതി ഉന്നയിച്ചു. പ്രായമായവരും കുഞ്ഞുങ്ങളും ഉള്‍പ്പെടുന്നവര്‍ ഉണ്ടായിരുന്നുവെന്നും ഏറെ കഷ്ടപ്പെട്ടെന്നും യാത്രക്കാര്‍ പറയുന്നു.