health

അതിരാവിലെ ഉറക്കം എഴുന്നേല്‍ക്കുകയെന്നാല്‍ വളരെ ബുദ്ധിമുട്ടേറിയ കാര്യമാണ്. എന്നാല്‍ ശീലമാക്കി മാറ്റിയാല്‍ അത് ആരോഗ്യത്തിനും ഉന്മേഷത്തിനും വളരെ നല്ലതാണ്. അതിരാവിലെ ഉറക്കം എഴുന്നേല്‍ക്കാന്‍ അലാറം ഉപയോഗിക്കുന്നതാണ് നമ്മുടെ എല്ലാവരുടേയും ശീലം. എന്നാല്‍ അലാറം അടിച്ചാല്‍ അതിനെ സ്‌നൂസ് ചെയ്തിട്ട് വീണ്ടും ഉറങ്ങുന്നവരാണ് ഭൂരിഭാഗവും.

അലാറം അടിക്കാതെ തന്നെ നേരെത്തെ ഉണരാന്‍ ചില സിംപിള്‍ ടെക്‌നിക്കുകളുണ്ട്. രാവിലെ നേരത്തെ ഉണരാന്‍ മടിയാണ് പലര്‍ക്കും ഇത് മാറ്റിയെടുക്കാന്‍ നിരവധി മാര്‍ഗങ്ങളുണ്ട്. ശരിയായ ഉറക്കം ലഭിക്കുകയെന്നതാണ് ഇതില്‍ ഏറ്റവും പ്രധാനപ്പെട്ട കാര്യം. ഒരുപാട് വൈകി ഉറങ്ങുന്ന ആളാണ് നിങ്ങളെങ്കില്‍ ആദ്യം തന്നെ മാറ്റിയെടുക്കേണ്ടത് ഈ ശീലമാണ്.

രാത്രി വൈകിയുള്ള മൊബൈല്‍ ഉപയോഗം ആദ്യം തന്നെ ഒഴിവാക്കണം. ഉറങ്ങാന്‍ കിടക്കുന്നതിന് രണ്ട് മണിക്കൂര്‍ മുമ്പെങ്കിലും മൊബൈല്‍ ഫോണ്‍ ഉപയോഗം അവസാനിപ്പിക്കണം. കണ്ണുകളിലേക്ക് അമിതമായി വെളിച്ചമടിച്ചാല്‍ ഉറക്കം ലഭിക്കുക ബുദ്ധിമുട്ടായിരിക്കുമെന്നതിനാലാണ് മൊബൈല്‍ ഒഴിവാക്കണമെന്ന് പറയുന്നത്.

ഉറങ്ങുന്നതിന് മുമ്പ് കണ്ണുകള്‍ക്കും ഒപ്പം മനസ്സിനും വിശ്രമം നല്‍കുകയെന്നത് നല്ല ഉറക്കത്തിന് വളരെ പ്രധാനപ്പെട്ട കാര്യമാണ്. ഇത്രയും ചെയ്ത ശേഷം ആദ്യം കുറച്ച് ദിവസം അലാറം വച്ച് തന്നെ ഉണരാന്‍ ശ്രമിക്കുക. തുടര്‍ന്നുള്ള ദിവസങ്ങളില്‍ അലാറം ഇല്ലാതെ തന്നെ ഉണരുന്നത് ഒരു ശീലമായി മാറും.